Friday, April 17, 2009
പാല്‍ക്കുളമേട്
ആഷാഡത്തിലെ കുതിര്‍ന്ന പകലുകളില്‍ ഇടുക്കിയിലൂടെ യാത്രചെയ്യുന്നവര്‍ക്ക് ഹൃദ്യമായ കാഴ്ചയാണ് പാല്‍കുളമെട് വെള്ളച്ചാട്ടങ്ങള്‍.കോടമഞ്ഞിന്റെ മൂടുപടംമാറുമ്പോള്‍ ഇടുക്കിജില്ല ആസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളില്‍നിന്നും ഈ ഇരട്ട വെള്ളചാട്ടങ്ങളെ കാണാന്‍കഴിയും .അത്രമാത്രം ഉയരത്തിലും ജലസമൃഥവുമാണ് ഈ വെള്ളച്ചാട്ടങ്ങള്‍.വര്‍ഷത്തിന്റെ പ്രതാപം ശിശിരത്തോടെ നേര്‍ത്തു ഗ്രീഷ്മത്തില്‍ ഒരുചെറിയ ധാരയായിമാറുന്നു.2500 അടിയിലധികം ഉയര്‍ന്നുനില്‍ക്കുന്ന പാല്‍കുളമെട് മലയുടെ ഹൃദയത്തില്‍നിന്നും കാല്ച്ചുവട്ടിലേക്ക് പതിക്കുന്ന ജലധാരയുടെ പ്രായോജകര്‍ പാല്‍കുളമേട്മലയിലെ പുല്‍മേടുകളും അവയ്ക്ക് താഴെയുള്ള നിത്യഹരിതവനങ്ങളുമാണ്.ഇടുക്കി വൈല്‍ഡ് ലൈഫ് സാന്കുചേറിയില്‍് പെടുന്നതാണ് ഈ മലയും വെള്ളച്ചട്ടവുമെല്ലാം.
ഇടുക്കിജില്ല ആസ്ഥാനമായ പൈനാവില്‍(എന്റെ ഗ്രാമം)നിന്നും 17കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം.ഇടുക്കി-അടിമാലി റോഡില്‍ തടിയന്‍്പാട്(ഇടുക്കിയില്‍ നിന്നും 5 കിലോമീറ്റര്‍)നിന്നാണ് തിരിഞ്ഞുപോകേണ്ടത്.യാത്രയിലുടനീളം ഈ വെള്ളച്ചാട്ടങ്ങള്‍ കാണാം എന്നതും രസകരമായ കാര്യമാണ്.വെള്ളച്ചാട്ടത്തിന്റെ ചുവട്ടില്‍വരെ ജീപ്പ് ചെല്ലും.കുത്ത് കയറ്റങ്ങള്‍ നിറഞ്ഞ, ടാറിംഗ് ഇല്ലാത്ത ഈ വഴിക്ക് ഫോര്‍വീല്‍ഡ്രൈവ് ജീപ്പാണ് നല്ലത്(ഇപ്പോള്‍ വഴി ടാര്‍ ചെയ്തു എന്നാണ് കേട്ടത്).ജലപാതത്തിന്റെ ചുവട്ടില്‍ നിന്നും മുകളിലെത്താന്‍ മൂന്നുകിലോമീറ്ററിലധികം കഠിനമായി മലകയറണം.
മഴ തോര്‍ന്നുനില്‍ക്കുന്ന ചിങ്ങത്തിലെ തെളിഞ്ഞപകല്‍,ജോസ്ചേട്ടന്‍ വിത്ത് ജീപ്പ്,ക്യാമറയുമായി ജോമോന്‍ഐറിസ്,ഞങ്ങള്‍ക്കെല്ലാവര്‍ക്കും അവധി.. പാല്‍കുളമെട് യാത്ര പെട്ടന്ന് പ്ലാന്‍ ചെയ്യുകയായിരുന്നു.ദൂരം വളരെ കുറവാണെങ്കിലും പൈനാവില്‍നിന്നും പുറപെട്ടു രണ്ടു മണിക്കൂറിനുശേഷമാണു വെള്ളച്ചാട്ടത്തിന്റെ താഴ്വരയില്ലുള്ള കൊക്കരകുളം ഗ്രാമത്തിലെത്തിയത്.പരിചയക്കാര്ക്കും നല്ലകാഴ്ചകള്‍ക്കും വേണ്ടി പലപ്പോഴും വണ്ടി നിര്‍ത്തേണ്ടി വന്നു.തടിയന്‍്പാട് നിന്നും മുളകുവള്ളി-മണിയാറന്‍്കുടി വഴിയാണ് ഇവിടെ എത്തേണ്ടത്.വാഴയും കപ്പയും കൊക്കോയും കുരുമുളകുമൊക്കെ വിളയുന്ന മലയോര കാര്‍ഷികഗ്രാമങ്ങള്‍.കൊക്കരകുളം എത്തുമ്പോള്‍തന്നെ വെള്ളച്ചാട്ടം വളരെ അടുത്ത് കാണാം.ഹുന്കാരം മുഴക്കി താഴെയുള്ള പാറകളില്‍ വീണുടയുന്ന ജലപാതം കൊച്ചു പുഴയായി ഒഴുകുന്നു.ജനസാന്ദ്രത നന്നേ കുറഞ്ഞ ഗ്രാമം.തദ്ദേശീയരായ ആദിവാസി വിഭാഗക്കാരും കുടിയേറ്റകര്‍ഷകരുമാണ് താമസക്കാര്‍.കറന്റ്,റോഡ്,ഫോണൊക്കെ വന്നിട്ടും ഇടുക്കിയിലെ പല ഗ്രാമങ്ങളിലെയും പോലെ ഇവിടെയും വൈകുന്നേരമായാല്‍ ആണുങ്ങള്‍ എല്ലാം "സിറ്റിക്ക് പോകുക" എന്ന പതിവ് തുടരുന്നു.
പകലന്തിയോളം ഏലത്തിനും,കാപ്പിക്കുമൊക്കെ പണിയെടുത്തു വൈകിട്ട് കുളിച്ചുകുട്ടപ്പനായി അരികുകളും വള്ളികളും കല്ലില്‍ തേച്ചുരച്ച പാരഗണ്‍് ചെരിപ്പും,വെളുത്തമുണ്ടും തേച്ച ഷര്ട്ടുമിട്ടു കവലയിലെ ചായക്കടയിലോ മുടിവെട്ടുകടയിലൊ നാട്ടുവിശേഷങ്ങള്‍പറഞ്ഞിരുന്നു,അന്തിക്ക് ചെരുതോരെണ്ണം അടിച്ചിട്ട് മെഴുതിരി അല്ലെങ്കില്‍ ടോര്‍ച്ച് വെളിച്ചത്തില്‍ വീട്ടിലേക്കു കയറിചെല്ലുക...ചിലപ്പോള്‍ കയ്യില്‍ പൊതിഞ്ഞനിലയില്‍ പരിപ്പുവടയോ ബോണ്ടയോ മറ്റോ കണ്ടേക്കാം..ഈ പതിവിനെയാണ് ഞങ്ങള്‍ ശരാശരി ഇടുക്കിക്കാര്‍ "സിറ്റിക്ക് പോക്ക് " എന്ന ഏര്‍പ്പാട് കൊണ്ട് അര്‍ഥമാക്കുന്നത്.അതിന്റെ സുഖം അതൊന്നുവേറെ.
ആദിവാസി വിഭാഗക്കാരുടെ പല ആചാരങ്ങളും ഇന്നും ഇവിടെ നിലനില്‍ക്കുന്നുണ്ട്."കൊക്കര" എന്നത് ഒരു തരം ആദിവാസി വാദ്യമാണ്.സുഷിരങ്ങളുള്ള കമ്പിയില്‍ കമ്പി ഉരച്ചു സംഗീതംജനിപ്പിക്കുന്ന ഈ വാദ്യം ഇന്നും ഇവിടുത്തെ അമ്പലത്തിലെ ഉത്സവത്തിന് വായിക്കാറുണ്ട്.സ്ഥലത്തിന്റെപേരും അതില്‍നിന്നും വന്നതാണെന്നാണ് മനസില്ലാക്കാന്‍ കഴിഞ്ഞത്.
ജീപ്പ് നിര്‍ത്തി,ഊട് വെച്ചു.കുടിക്കാനും കൊറിക്കാനുമുള്ള വകകളുമായി ഇനി മലകയറണം.മുകളിലേക്ക് വ്യക്തമായ ഒരു വഴിയില്ല.പല പറമ്പുകളിലൂടെയും വീട്ടു മുറ്റങ്ങളിലൂടെയും വേണംകയറി്പോകാന്.നാട്ടുകാരനായ രാജപ്പന്‍ചേട്ടന്‍ കഥകള്‍ പറഞ്ഞു വഴിതെളിച്ചു മുന്നേഉള്ളത് നന്നായി.വര്‍ഷങ്ങള്‍ക്കു മുന്‍പ് വെള്ളച്ചാട്ടത്തില്‍ ഒരു കുട്ടികൊമ്പന്‍ പെട്ട് താഴെവന്ന കഥ രാജപ്പന്‍ ചേട്ടന്‍ പറഞ്ഞപ്പോള്‍ ഒരിക്കല്‍ കൂടികേട്ടു .പറമ്പുകള്‍ക്ക് അതിര്തീര്‍ക്കുന്ന കയ്യാലകള്‍ കടന്നാല്‍ പിന്നെ വനമാണ്.നല്ല ഉയരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന തെരുവപുല്ലുകള്‍.അതിനപ്പുറം നിത്യഹരിത വനങ്ങള്‍...വീണ്ടും പുല്‍മേടുകള്‍ പിന്നെ ആകാശം..നേരെ മുകളിലേക്ക് നോക്കിയാല്‍ ഇങ്ങനെയാണ് കാണാന്‍ കഴിയുക.ഇടയ്ക്കിടെ വലിയ കൊക്കകളും.നല്ല തണുപ്പുന്ടെന്കിലും വിയര്‍ത്തോലിക്കുന്നതിനാല്‍ കാറ്റടിക്കുമ്പോള്‍ ഒരു പ്രത്യേക സുഖം.പുല്‍മേടുകളില്‍ പലയിടത്തും അനപിണ്ടം കിടപ്പുണ്ട്.ആനകൂട്ടം ഇടയ്ക്കിടെ കൃഷി നശിപ്പിക്കുന്നത് പതിവാണ്.മ്ലാവ്,കേഴ,കാട്ടുപന്നി,ഉടുമ്പ്,കൂരന്‍,പെരുമ്പാമ്പ് തുടങ്ങിയുള്ള ജീവികള്‍ ഇവിടെ ധാരാളം കണ്ടുവരുന്നു.വഴിക്ക് ഒരു മ്ലാവിനെ കാണാന്‍ പറ്റിയിരുന്നു.വേട്ടക്കാരുടെ സുരക്ഷിത താവളമാണ് ഈ പ്രദേശങ്ങള്‍ എന്നതൊരു ദുഃഖസത്യമാണ്.ഇവിടെ എന്ത് സംഭവിച്ചാലും പുറംലോകം അറിയില്ല.അധികമാരും മലകയറി വരാനുമില്ല.
പല്ക്കുളമേടിനു മുകളില്‍ നേവിയുടെ പരിശീലനക്യാമ്പ് ഉള്ളതായി കേട്ടിട്ടുണ്ട്.ചില വര്‍ഷങ്ങളില്‍ നേവിബോയ്സ് ട്രെക്കിന്ഗ് കാമ്പുകള്ക്കുവരാറുള്ളത് നാട്ടുകാര്‍ ആവേശത്തോടെ ഓര്‍ക്കുന്നു.ഒരിക്കല്‍ മുകളില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയിട്ടുല്ലതായും കേട്ടിട്ടുന്ടെന്കിലും വിശ്വാസയോഗ്യമായി തോന്നിയിട്ടില്ല.
കയറ്റവും ക്ഷീണവുംമൂലം പലരും നിയാണ്ടര്‍താള്‍ മോഡലില്‍ കയ്യും കാലും ഉപയോഗിച്ച് കുനിഞ്ഞുകുനിഞ്ഞാണ് കയറിവരുന്നത്.മുഖത്തും കയ്യിലും പുല്ലുകൊണ്ട് മുറിഞ്ഞപാടില്‍ വിയര്‍പ്പിന്റെ ഉപ്പു വീഴുമ്പോള്‍ ഉണ്ടാകുന്ന നീറ്റലിന്റെ സുഖം.താഴ്വാരങ്ങള്‍ മേഘങ്ങല്‍ക്കടിയില്‍ ഒളിച്ചു കളിക്കുന്നു.
കിതപ്പും,ക്ഷീണവും കാരണം ഇടയ്ക്കു ഒരുപാറയില്‍ അല്പം വിശ്രമിക്കാന്‍ കിടന്നപ്പോളാണ് താഴെനിന്നും ഒരുചെറിയ കൂവല്‍..ശബ്ദത്തിനു പിന്നാലെ മലകയറിവരുന്ന ആളെയും കണ്ടു .പതിനഞ്ചു വയസുവരുന്ന പയ്യന്‍,കൈലി മുണ്ടും ഷര്‍ട്ടും.കയ്യില്‍ ഒരു പൊതി,തലയില്‍ ബ്രൈറ്റുലൈറ്റിന്ടെ ഹെഡ് ലൈറ്റ്.സംസാരിച്ചപ്പോള്‍ പ്രായത്തില്‍ കവിഞ്ഞ പക്വത.മലമുകളില്‍ പശുവിനെതേടി വന്നതാണ്.ഇവിടെ മലകയട്ടിവിടുന്ന കന്നുകാലികളെ പ്രസവിക്കാറാകുമ്പോള്‍് മാത്രമാണ് വീട്ടില്‍ കൊണ്ടുവരുന്നത്.പ്രസവം കഴിഞ്ഞാല്‍ കന്നിനെ കെട്ടിയിടും.കന്നു വലുതാകുന്നത് വരെ പശു മേഞ്ഞിട്ടു എന്നും വൈകിട്ട് തിരിച്ചു വരുമല്ലോ.പുല്ലുചെത്തേണ്ട,പിണ്ണക്കു വേണ്ട,കാടികൊടുക്കേണ്ട...പശുവിനും ഉടമസ്ഥനും ഒരുപോലെ സന്തോഷം.ആകെയുള്ള മിനക്കേട് ഇടക്കുള്ള ഈ അന്വേഷിച്ചുപോക്കാണ് .ചിലപ്പോള്‍ മലയില്‍ അലഞ്ഞുനടന്നു പശുവുമായി തിരിച്ചെത്തുമ്പോള്‍ ഇരുട്ടുവീഴാം.അതിനാണ് ടോര്‍ച്ചും പഥേയവും.പുല്മേടുകള്ക്കപ്പുറം ചോലവനങ്ങളിലേക്ക് അവന്റെ നിഴല്‍ നീണ്ടു.
മലയുടെ മടക്കുകളില്‍ നിറയെ ചോലവനങ്ങളാണ്,ചുറ്റും പുല്‍മേടുകളും.മറ്റു പലയിടങ്ങളിലും കാണാന്‍കഴിയാത്ത,പേരറിയാത്ത പലസസ്യജലങ്ങളും ചോലകളില്‍ കാണാന്‍കഴിയും.പുലിമരങ്ങള്‍ നിറഞ്ഞ ചോലയുടെ ഉള്ളില്‍ ഒന്ന് കണ്ണോടിച്ചപ്പോള്‍ മത്തിപുളി ,ഇടമ്പിരി വലമ്പിരി,അണലിവേഗം തുടങ്ങിയവ കണ്ടെങ്കിലും ആനചോറിയണങ്ങള്‍ അകത്തേക്കുള്ള വഴിമുടക്കി.
മുകളിലെത്തിയപ്പോളുള്ള കാഴ്ച വര്‍ണനതീതമാണ്.ഇടുക്കിയുടെ ആകാശ ദര്ശനം.കണ്ണെത്തുന്നിടതെല്ലം പരിചയമുള്ളതും അല്ലാത്തതുമായ നിരവധി മലകള്‍,മഞ്ഞിന്റെ മൂടല്‍മാറുമ്പോള്‍ കുറവന്‍,കുറത്തി മലകള്‍,കല്യാണതണ്ട് മലനിരകള്‍,അവയെ ചുറ്റിപിണഞ്ഞുകിടക്കുന്ന ഇടുക്കി ജലാശയത്തിന്റെ ദ്രിശ്യങ്ങള്‍ വാന്ഗൊഗിന്റ്റെ ക്യാന്‍വാസിലെ പോലെ തെളിഞ്ഞു വരുന്നു.നിമിഷനേരം കൊണ്ട് ക്ഷീണംപമ്പകടക്കും.ഒരുഭാഗത്ത് നോക്കിയാല്‍ മേഘങ്ങള്‍ക്ക് മേലെ തലയുയര്‍ത്തി പിടിച്ചിരിക്കുന്ന ആനമുടി കാണാം.
വെള്ളം മുഴുവന്‍ തടുത്തു സൂക്ഷിക്കുന്ന ഈ ചോലയുടെ ഉദരത്തില്‍ നിന്നുംവരുന്ന അരുവികള്‍ ഒന്നുചേര്‍ന്ന് തീര്‍ത്തും ചെറുതെങ്കിലും വളരെ സുന്ദരമായ ഒരു തടാകം. അതില്‍നിന്നും നിറഞ്ഞൊഴുകുന്ന വെള്ളമാണ് പാറകെട്ടുകള്‍്ക്കു വെള്ളികൊലുസുചാര്‍ത്തുന്നത് .വെള്ളത്തിന് നല്ല തണുപ്പുണ്ട്.മുഖംകഴുകി പാറപ്പുറത്ത് കിടന്നു.കളകളുടെയും പുല്ലുകളുടെയും ഇടയിലൂടെ അരുവി ഒഴുകുംപോഴുള്ള "കളകള" സംഗീതംകേട്ട്,ആഴികൂട്ടി അന്നവിടെ തങ്ങണമെന്നുണ്ടയിരുന്നെങ്കിലും അത് മറ്റൊരിക്കലേക്ക് മാറ്റി.വീണ്ടും വരാന്‍ എന്തെങ്കിലും വേണമല്ലോ.
വീട്ടില്‍ എത്തി അത്താഴം കഴിഞ്ഞു മുറ്റത്തിറങ്ങി പാല്ക്കുളമെട്ടിലേക്ക് കണ്ണെത്തിച്ചു നോക്കി..
.....ഒറ്റക്ക് ഒരു ടോര്‍ച്ച് വെളിച്ചം അവിടെ അലയുന്നുണ്ടോ ...?
ദൂരം : ഇടുക്കി ജില്ല ആസ്ഥാനത്ത് നിന്നും 17 കിലോമീറ്റര്‍
ഉയരം : 2500 അടിക്കു മുകളില്‍ .
യാത്ര : ജീപ്പ് അനുയോജ്യം ,4 കിലോമീറ്റര്‍ മലകയറ്റം
അനുയോജ്യ സമയങ്ങള്‍ : -ഓഗസ്റ്റ് -സെപ്റ്റംബര്‍
കാഴ്ച : പല്ക്കുലമേട് മലകള്‍ ,വെള്ളച്ചാട്ടങ്ങള്‍,ഇടുക്കി സാന്ചാരി
തങ്ങാനൊരിടം : ഗവ.ഗസ്റ്റ് ഹൌസ് ചെറുതോണി(91-4865-2233086),ഹോട്ടല്‍ സ്റ്റോണേജ് ചെറുതോണി
Palkkulamdeu photos കടപ്പാട് ജോമോന്‍ ഐറിസ്.ഐറിസ് സ്റ്റുഡിയോ പൈനാവ്
Subscribe to:
Post Comments (Atom)
കോടമഞ്ഞിന്റെ മൂടുപടംമാറുമ്പോള്‍ ഇടുക്കിജില്ല ആസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളില്‍നിന്നും ഈ ഇരട്ട വെള്ളചാട്ടങ്ങളെ കാണാന്‍കഴിയും .അത്രമാത്രം ഉയരത്തിലും ജലസമൃഥവുമാണ് ഈ വെള്ളച്ചാട്ടങ്ങള്‍.
ReplyDeletegood post try another template for photo and travelling blog
ReplyDeletebest wishes
പാല്‍കുളമേട് ....
ReplyDeleteഅടുത്ത മൂന്നാര്‍ യാത്രയില്‍ കണക്‍ട് ചെയ്യാന്‍ എനിക്കൊരിടം കിട്ടി. നന്ദി സോജന്‍ ഈ പരിചയപ്പെടുത്തലിന്.
സജി പ്രോല്‍സാഹനങ്ങള്‍ക്ക് നന്ദിയുണ്ട്.
ReplyDeleteനിരക്ഷരാ..പാല്‍കുളമേട് വരുമ്പോള്‍ പൈനാവില്‍ കൂടി വരൂ
വരും.... വന്നേ പറ്റു .
ReplyDeleteഅത്രയേറെ മനോഹരം
നല്ല എഴുത്ത്. പൈനാവിനെ കുറിച്ച് വായിച്ചപ്പോള്‍ പഴയ ഇടുക്കി യാത്ര ഓര്‍മ വരുന്നു. ലേഖനത്തില്‍ പറഞ്ഞപോലെ കോടമഞ്ഞിന്റെ മൂടുപടമിട്ടു നില്‍ക്കുന്ന മലനിരകള്‍ സുന്ദരമായ കാഴ്ച തന്നെ. ചിത്രങ്ങള്‍ അത്യുഗ്രന്‍.
ReplyDeleteസാജനും കലക്കി .. ആ ഐറിസിലെ ജോമോനും കലക്കി..:)
ReplyDeleteനന്ദി...
ഇതു കൊള്ളാം.ഒന്നു പോയാലോ എന്നൊരു ചിന്ത. ഏപ്രില്‍ - മേയ് എങ്ങനെ ചൂടായിരുക്കുമോ ?
ReplyDeleteഅനീഷേ,
ReplyDeleteഇപ്പോള്‍ ഇടയ്ക്കിടയ്ക്ക് മഴയുണ്ട് എന്നാണ് വീട്ടില്‍ വിളിച്ചപ്പോള്‍ അറിഞ്ഞത് .മഴയത്ത് യാത്ര അത്ര രസകരമാകാന്‍ സാധ്യത ഇല്ല .അട്ടയും ഉണ്ടാകാന്‍ സാധ്യത ഉണ്ട്.ഓഗസ്റ്റ് -സെപ്റ്റംബര്‍ സമയമാണ് പറ്റിയത്.ഓണാവധിക്ക് ഇടുക്കി -ചെറുതോണി അണക്കെട്ടുകള് സന്ദര്ശകര്‍ക്കായി തുറന്നു കൊടുക്കും എന്ന സൌകര്യവുമുണ്ട്.
പോയിവന്നിട്ട് അനുഭവം പറയാമല്ലോ അല്ലെ ?
പാല്‍ക്കുളമേട് വായിക്കാന്‍ ഇപ്പഴാ വരാനൊത്തത്. ഇങ്ങനൊരു സ്ഥലം പരിചയപ്പെടുത്തിയതിന് നന്ദി. ഒരിക്കല്‍ പോണം. :-)
ReplyDelete