Friday, April 17, 2009

പൈനാവ് ..എന്റെ ഗ്രാമം

പൈനാവ് എത്ര സുന്ദരം ..എത്ര ശാന്തം..

കാലം..ഒരുപുലര്‍ കാലം..കുളിരല തേടും കിളികുല..(ഫോട്ടോ കടപ്പാട് ജോമോന്‍ ഐറിസ് )മഞ്ഞണിഞ്ഞ മാമലകള്‍ തെന്നി വരും തേന്‍..(ഫോട്ടോ കടപ്പാട് ജോമോന്‍ ഐറിസ് )


സഹ്യന്‍റെ മക്കള്‍ (ഫോട്ടോ കടപ്പാട് ജോമോന്‍ ഐറിസ് )


എവിടെ തിരിഞ്ഞൊന്നു നോക്കിയാലും


മാധ്യാനഹ്ങ്ങള്


നിദ്രകൊണ്ടീടുമി നീലതടാകത്തില് ഉച്ചകൊടുംവെയില്‍ മാഞ്ഞശേഷം...വെയില്‍ മങ്ങി മഞ്ഞകതിര് പൊങ്ങി..വിയതന്കനത്തിലെ...


ഒരു സന്ധ്യകൂടിഈ മനോഹര തീരത്ത് തരുമോ ഇനി ഒരു ജന്മം കൂടി ..എനിക്കിനി ഒരു ജന്മം കൂടി...

ഇടുക്കി ജില്ലയുടെ ആസ്ഥാനമായ ഈ കൊച്ചുഗ്രാമം തൊടുപുഴ കട്ടപ്പന റോഡിലാണ്.ഇടുക്കി വൈല്‍ഡ് ലൈഫ് സന്ക്ച്ചറിയുമ് ഇടുക്കി തടാകവും നല്ല മനുഷ്യരുമുള്ള(ഞാന്‍ ഒഴിച്ച്) സുന്ദരഗ്രാമം

പാല്‍ക്കുളമേട്


ആഷാഡത്തിലെ കുതിര്‍ന്ന പകലുകളില്‍ ഇടുക്കിയിലൂടെ യാത്രചെയ്യുന്നവര്‍ക്ക്‌ ഹൃദ്യമായ കാഴ്ചയാണ്‌ പാല്‍കുളമെട് വെള്ളച്ചാട്ടങ്ങള്‍.കോടമഞ്ഞിന്റെ മൂടുപടംമാറുമ്പോള്‍ ഇടുക്കിജില്ല ആസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളില്‍നിന്നും ഈ ഇരട്ട വെള്ളചാട്ടങ്ങളെ കാണാന്‍കഴിയും .അത്രമാത്രം ഉയരത്തിലും ജലസമൃഥവുമാണ് ഈ വെള്ളച്ചാട്ടങ്ങള്‍.വര്‍ഷത്തിന്റെ പ്രതാപം ശിശിരത്തോടെ നേര്‍ത്തു ഗ്രീഷ്മത്തില്‍ ഒരുചെറിയ ധാരയായിമാറുന്നു.2500 അടിയിലധികം ഉയര്‍ന്നുനില്‍ക്കുന്ന പാല്‍കുളമെട് മലയുടെ ഹൃദയത്തില്‍നിന്നും കാല്ച്ചുവട്ടിലേക്ക് പതിക്കുന്ന ജലധാരയുടെ പ്രായോജകര്‍ പാല്‍കുളമേട്മലയിലെ പുല്‍മേടുകളും അവയ്ക്ക് താഴെയുള്ള നിത്യഹരിതവനങ്ങളുമാണ്.ഇടുക്കി വൈല്‍ഡ് ലൈഫ് സാന്കുചേറിയില്‍് പെടുന്നതാണ് ഈ മലയും വെള്ളച്ചട്ടവുമെല്ലാം.
ഇടുക്കിജില്ല ആസ്ഥാനമായ പൈനാവില്‍(എന്റെ ഗ്രാമം)നിന്നും 17കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം.ഇടുക്കി-അടിമാലി റോഡില്‍ തടിയന്‍്പാട്(ഇടുക്കിയില്‍ നിന്നും 5 കിലോമീറ്റര്‍)നിന്നാണ് തിരിഞ്ഞുപോകേണ്ടത്.യാത്രയിലുടനീളം ഈ വെള്ളച്ചാട്ടങ്ങള്‍ കാണാം എന്നതും രസകരമായ കാര്യമാണ്.വെള്ളച്ചാട്ടത്തിന്റെ ചുവട്ടില്‍വരെ ജീപ്പ് ചെല്ലും.കുത്ത് കയറ്റങ്ങള്‍ നിറഞ്ഞ, ടാറിംഗ് ഇല്ലാത്ത ഈ വഴിക്ക് ഫോര്‍വീല്‍ഡ്രൈവ് ജീപ്പാണ് നല്ലത്(ഇപ്പോള്‍ വഴി ടാര്‍ ചെയ്തു എന്നാണ് കേട്ടത്).ജലപാതത്തിന്റെ ചുവട്ടില്‍ നിന്നും മുകളിലെത്താന്‍ മൂന്നുകിലോമീറ്ററിലധികം കഠിനമായി മലകയറണം.
മഴ തോര്‍ന്നുനില്‍ക്കുന്ന ചിങ്ങത്തിലെ തെളിഞ്ഞപകല്‍,ജോസ്ചേട്ടന്‍ വിത്ത് ജീപ്പ്,ക്യാമറയുമായി ജോമോന്‍ഐറിസ്,ഞങ്ങള്‍ക്കെല്ലാവര്‍ക്കും അവധി.. പാല്‍കുളമെട് യാത്ര പെട്ടന്ന് പ്ലാന്‍ ചെയ്യുകയായിരുന്നു.ദൂരം വളരെ കുറവാണെങ്കിലും പൈനാവില്‍നിന്നും പുറപെട്ടു രണ്ടു മണിക്കൂറിനുശേഷമാണു വെള്ളച്ചാട്ടത്തിന്റെ താഴ്വരയില്ലുള്ള കൊക്കരകുളം ഗ്രാമത്തിലെത്തിയത്.പരിചയക്കാര്ക്കും നല്ലകാഴ്ചകള്‍ക്കും വേണ്ടി പലപ്പോഴും വണ്ടി നിര്‍ത്തേണ്ടി വന്നു.തടിയന്‍്പാട് നിന്നും മുളകുവള്ളി-മണിയാറന്‍്കുടി വഴിയാണ് ഇവിടെ എത്തേണ്ടത്.വാഴയും കപ്പയും കൊക്കോയും കുരുമുളകുമൊക്കെ വിളയുന്ന മലയോര കാര്‍ഷികഗ്രാമങ്ങള്‍.കൊക്കരകുളം എത്തുമ്പോള്‍തന്നെ വെള്ളച്ചാട്ടം വളരെ അടുത്ത് കാണാം.ഹുന്കാരം മുഴക്കി താഴെയുള്ള പാറകളില്‍ വീണുടയുന്ന ജലപാതം കൊച്ചു പുഴയായി ഒഴുകുന്നു.ജനസാന്ദ്രത നന്നേ കുറഞ്ഞ ഗ്രാമം.തദ്ദേശീയരായ ആദിവാസി വിഭാഗക്കാരും കുടിയേറ്റകര്‍ഷകരുമാണ് താമസക്കാര്‍.കറന്റ്,റോഡ്,ഫോണൊക്കെ വന്നിട്ടും ഇടുക്കിയിലെ പല ഗ്രാമങ്ങളിലെയും പോലെ ഇവിടെയും വൈകുന്നേരമായാല്‍ ആണുങ്ങള്‍ എല്ലാം "സിറ്റിക്ക് പോകുക" എന്ന പതിവ് തുടരുന്നു.
പകലന്തിയോളം ഏലത്തിനും,കാപ്പിക്കുമൊക്കെ പണിയെടുത്തു വൈകിട്ട് കുളിച്ചുകുട്ടപ്പനായി അരികുകളും വള്ളികളും കല്ലില്‍ തേച്ചുരച്ച പാരഗണ്‍് ചെരിപ്പും,വെളുത്തമുണ്ടും തേച്ച ഷര്ട്ടുമിട്ടു കവലയിലെ ചായക്കടയിലോ മുടിവെട്ടുകടയിലൊ നാട്ടുവിശേഷങ്ങള്‍പറഞ്ഞിരുന്നു,അന്തിക്ക് ചെരുതോരെണ്ണം അടിച്ചിട്ട് മെഴുതിരി അല്ലെങ്കില്‍ ടോര്‍ച്ച് വെളിച്ചത്തില്‍ വീട്ടിലേക്കു കയറിചെല്ലുക...ചിലപ്പോള്‍ കയ്യില്‍ പൊതിഞ്ഞനിലയില്‍ പരിപ്പുവടയോ ബോണ്ടയോ മറ്റോ കണ്ടേക്കാം..ഈ പതിവിനെയാണ് ഞങ്ങള്‍ ശരാശരി ഇടുക്കിക്കാര്‍ "സിറ്റിക്ക് പോക്ക് " എന്ന ഏര്‍പ്പാട് കൊണ്ട് അര്‍ഥമാക്കുന്നത്.അതിന്റെ സുഖം അതൊന്നുവേറെ.

ആദിവാസി വിഭാഗക്കാരുടെ പല ആചാരങ്ങളും ഇന്നും ഇവിടെ നിലനില്‍ക്കുന്നുണ്ട്‌."കൊക്കര" എന്നത് ഒരു തരം ആദിവാസി വാദ്യമാണ്.സുഷിരങ്ങളുള്ള കമ്പിയില്‍ കമ്പി ഉരച്ചു സംഗീതംജനിപ്പിക്കുന്ന ഈ വാദ്യം ഇന്നും ഇവിടുത്തെ അമ്പലത്തിലെ ഉത്സവത്തിന് വായിക്കാറുണ്ട്.സ്ഥലത്തിന്റെപേരും അതില്‍നിന്നും വന്നതാണെന്നാണ് മനസില്ലാക്കാന്‍ കഴിഞ്ഞത്.

ജീപ്പ് നിര്‍ത്തി,ഊട് വെച്ചു.കുടിക്കാനും കൊറിക്കാനുമുള്ള വകകളുമായി ഇനി മലകയറണം.മുകളിലേക്ക് വ്യക്തമായ ഒരു വഴിയില്ല.പല പറമ്പുകളിലൂടെയും വീട്ടു മുറ്റങ്ങളിലൂടെയും വേണംകയറി്പോകാന്.നാട്ടുകാരനായ രാജപ്പന്‍ചേട്ടന്‍ കഥകള്‍ പറഞ്ഞു വഴിതെളിച്ചു മുന്നേഉള്ളത് നന്നായി.വര്‍ഷങ്ങള്‍ക്കു മുന്‍പ് വെള്ളച്ചാട്ടത്തില്‍ ഒരു കുട്ടികൊമ്പന്‍ പെട്ട് താഴെവന്ന കഥ രാജപ്പന്‍ ചേട്ടന്‍ പറഞ്ഞപ്പോള്‍ ഒരിക്കല്‍ കൂടികേട്ടു .പറമ്പുകള്‍ക്ക് അതിര്തീര്‍ക്കുന്ന കയ്യാലകള്‍ കടന്നാല്‍ പിന്നെ വനമാണ്.നല്ല ഉയരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന തെരുവപുല്ലുകള്‍.അതിനപ്പുറം നിത്യഹരിത വനങ്ങള്‍...വീണ്ടും പുല്‍മേടുകള്‍ പിന്നെ ആകാശം..നേരെ മുകളിലേക്ക് നോക്കിയാല്‍ ഇങ്ങനെയാണ് കാണാന്‍ കഴിയുക.ഇടയ്ക്കിടെ വലിയ കൊക്കകളും.നല്ല തണുപ്പുന്ടെന്കിലും വിയര്‍ത്തോലിക്കുന്നതിനാല്‍ കാറ്റടിക്കുമ്പോള്‍ ഒരു പ്രത്യേക സുഖം.പുല്‍മേടുകളില്‍ പലയിടത്തും അനപിണ്ടം കിടപ്പുണ്ട്.ആനകൂട്ടം ഇടയ്ക്കിടെ കൃഷി നശിപ്പിക്കുന്നത് പതിവാണ്.മ്ലാവ്,കേഴ,കാട്ടുപന്നി,ഉടുമ്പ്,കൂരന്‍,പെരുമ്പാമ്പ് തുടങ്ങിയുള്ള ജീവികള്‍ ഇവിടെ ധാരാളം കണ്ടുവരുന്നു.വഴിക്ക് ഒരു മ്ലാവിനെ കാണാന്‍ പറ്റിയിരുന്നു.വേട്ടക്കാരുടെ സുരക്ഷിത താവളമാണ് ഈ പ്രദേശങ്ങള്‍ എന്നതൊരു ദുഃഖസത്യമാണ്.ഇവിടെ എന്ത് സംഭവിച്ചാലും പുറംലോകം അറിയില്ല.അധികമാരും മലകയറി വരാനുമില്ല.
പല്ക്കുളമേടിനു മുകളില്‍ നേവിയുടെ പരിശീലനക്യാമ്പ് ഉള്ളതായി കേട്ടിട്ടുണ്ട്.ചില വര്‍ഷങ്ങളില്‍ നേവിബോയ്സ് ട്രെക്കിന്ഗ് കാമ്പുകള്ക്കുവരാറുള്ളത് നാട്ടുകാര്‍ ആവേശത്തോടെ ഓര്‍ക്കുന്നു.ഒരിക്കല്‍ മുകളില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയിട്ടുല്ലതായും കേട്ടിട്ടുന്ടെന്കിലും വിശ്വാസയോഗ്യമായി തോന്നിയിട്ടില്ല.

കയറ്റവും ക്ഷീണവുംമൂലം പലരും നിയാണ്ടര്‍താള്‍ മോഡലില്‍ കയ്യും കാലും ഉപയോഗിച്ച് കുനിഞ്ഞുകുനിഞ്ഞാണ് കയറിവരുന്നത്.മുഖത്തും കയ്യിലും പുല്ലുകൊണ്ട് മുറിഞ്ഞപാടില്‍ വിയര്‍പ്പിന്റെ ഉപ്പു വീഴുമ്പോള്‍ ഉണ്ടാകുന്ന നീറ്റലിന്റെ സുഖം.താഴ്വാരങ്ങള്‍ മേഘങ്ങല്‍ക്കടിയില്‍ ഒളിച്ചു കളിക്കുന്നു.
കിതപ്പും,ക്ഷീണവും കാരണം ഇടയ്ക്കു ഒരുപാറയില്‍ അല്പം വിശ്രമിക്കാന്‍ കിടന്നപ്പോളാണ് താഴെനിന്നും ഒരുചെറിയ കൂവല്‍..ശബ്ദത്തിനു പിന്നാലെ മലകയറിവരുന്ന ആളെയും കണ്ടു .പതിനഞ്ചു വയസുവരുന്ന പയ്യന്‍,കൈലി മുണ്ടും ഷര്‍ട്ടും.കയ്യില്‍ ഒരു പൊതി,തലയില്‍ ബ്രൈറ്റുലൈറ്റിന്ടെ ഹെഡ് ലൈറ്റ്‌.സംസാരിച്ചപ്പോള്‍ പ്രായത്തില്‍ കവിഞ്ഞ പക്വത.മലമുകളില്‍ പശുവിനെതേടി വന്നതാണ്‌.ഇവിടെ മലകയട്ടിവിടുന്ന കന്നുകാലികളെ പ്രസവിക്കാറാകുമ്പോള്‍് മാത്രമാണ് വീട്ടില്‍ കൊണ്ടുവരുന്നത്‌.പ്രസവം കഴിഞ്ഞാല്‍ കന്നിനെ കെട്ടിയിടും.കന്നു വലുതാകുന്നത് വരെ പശു മേഞ്ഞിട്ടു എന്നും വൈകിട്ട് തിരിച്ചു വരുമല്ലോ.പുല്ലുചെത്തേണ്ട,പിണ്ണക്കു വേണ്ട,കാടികൊടുക്കേണ്ട...പശുവിനും ഉടമസ്ഥനും ഒരുപോലെ സന്തോഷം.ആകെയുള്ള മിനക്കേട് ഇടക്കുള്ള ഈ അന്വേഷിച്ചുപോക്കാണ് .ചിലപ്പോള്‍ മലയില്‍ അലഞ്ഞുനടന്നു പശുവുമായി തിരിച്ചെത്തുമ്പോള്‍ ഇരുട്ടുവീഴാം.അതിനാണ് ടോര്‍ച്ചും പഥേയവും.പുല്മേടുകള്ക്കപ്പുറം ചോലവനങ്ങളിലേക്ക് അവന്റെ നിഴല്‍ നീണ്ടു.
മലയുടെ മടക്കുകളില്‍ നിറയെ ചോലവനങ്ങളാണ്,ചുറ്റും പുല്‍മേടുകളും.മറ്റു പലയിടങ്ങളിലും കാണാന്‍കഴിയാത്ത,പേരറിയാത്ത പലസസ്യജലങ്ങളും ചോലകളില്‍ കാണാന്‍കഴിയും.പുലിമരങ്ങള്‍ നിറഞ്ഞ ചോലയുടെ ഉള്ളില്‍ ഒന്ന് കണ്ണോടിച്ചപ്പോള്‍ മത്തിപുളി ,ഇടമ്പിരി വലമ്പിരി,അണലിവേഗം തുടങ്ങിയവ കണ്ടെങ്കിലും ആനചോറിയണങ്ങള്‍ അകത്തേക്കുള്ള വഴിമുടക്കി.

മുകളിലെത്തിയപ്പോളുള്ള കാഴ്ച വര്‍ണനതീതമാണ്.ഇടുക്കിയുടെ ആകാശ ദര്ശനം.കണ്ണെത്തുന്നിടതെല്ലം പരിചയമുള്ളതും അല്ലാത്തതുമായ നിരവധി മലകള്‍,മഞ്ഞിന്റെ മൂടല്‍മാറുമ്പോള്‍ കുറവന്‍,കുറത്തി മലകള്‍,കല്യാണതണ്ട് മലനിരകള്‍,അവയെ ചുറ്റിപിണഞ്ഞുകിടക്കുന്ന ഇടുക്കി ജലാശയത്തിന്റെ ദ്രിശ്യങ്ങള്‍ വാന്ഗൊഗിന്റ്റെ ക്യാന്‍വാസിലെ പോലെ തെളിഞ്ഞു വരുന്നു.നിമിഷനേരം കൊണ്ട് ക്ഷീണംപമ്പകടക്കും.ഒരുഭാഗത്ത്‌ നോക്കിയാല്‍ മേഘങ്ങള്‍ക്ക് മേലെ തലയുയര്‍ത്തി പിടിച്ചിരിക്കുന്ന ആനമുടി കാണാം.

വെള്ളം മുഴുവന്‍ തടുത്തു സൂക്ഷിക്കുന്ന ഈ ചോലയുടെ ഉദരത്തില്‍ നിന്നുംവരുന്ന അരുവികള്‍ ഒന്നുചേര്‍ന്ന് തീര്‍ത്തും ചെറുതെങ്കിലും വളരെ സുന്ദരമായ ഒരു തടാകം. അതില്‍നിന്നും നിറഞ്ഞൊഴുകുന്ന വെള്ളമാണ്‌ പാറകെട്ടുകള്‍്ക്കു വെള്ളികൊലുസുചാര്‍ത്തുന്നത് .വെള്ളത്തിന്‌ നല്ല തണുപ്പുണ്ട്.മുഖംകഴുകി പാറപ്പുറത്ത് കിടന്നു.കളകളുടെയും പുല്ലുകളുടെയും ഇടയിലൂടെ അരുവി ഒഴുകുംപോഴുള്ള "കളകള" സംഗീതംകേട്ട്,ആഴികൂട്ടി അന്നവിടെ തങ്ങണമെന്നുണ്ടയിരുന്നെങ്കിലും അത് മറ്റൊരിക്കലേക്ക് മാറ്റി.വീണ്ടും വരാന്‍ എന്തെങ്കിലും വേണമല്ലോ.
വീട്ടില്‍ എത്തി അത്താഴം കഴിഞ്ഞു മുറ്റത്തിറങ്ങി പാല്ക്കുളമെട്ടിലേക്ക് കണ്ണെത്തിച്ചു നോക്കി..
.....ഒറ്റക്ക് ഒരു ടോര്‍ച്ച് വെളിച്ചം അവിടെ അലയുന്നുണ്ടോ ...?


ദൂരം : ഇടുക്കി ജില്ല ആസ്ഥാനത്ത് നിന്നും 17 കിലോമീറ്റര്‍
ഉയരം : 2500 അടിക്കു മുകളില്‍ .
യാത്ര : ജീപ്പ് അനുയോജ്യം ,4 കിലോമീറ്റര്‍ മലകയറ്റം
അനുയോജ്യ സമയങ്ങള്‍ : -ഓഗസ്റ്റ്‌ -സെപ്റ്റംബര്‍
കാഴ്ച : പല്ക്കുലമേട്‌ മലകള്‍ ,വെള്ളച്ചാട്ടങ്ങള്‍,ഇടുക്കി സാന്ചാരി
തങ്ങാനൊരിടം : ഗവ.ഗസ്റ്റ് ഹൌസ് ചെറുതോണി(91-4865-2233086),ഹോട്ടല്‍ സ്റ്റോണേജ് ചെറുതോണി

Palkkulamdeu photos കടപ്പാട് ജോമോന്‍ ഐറിസ്.ഐറിസ് സ്റ്റുഡിയോ പൈനാവ്

Thursday, April 9, 2009

കൊളുക്കുമല

നീണ്ട നാളത്തെ ആഗ്രഹമാണ് കൊളുക്കുമലയിലെക്കൊരു യാത്ര.മൂന്നാറിന്റെ സുന്ദരമായ ഉള്‍പ്രദേശങ്ങളില്‍ വന്നു പോകുമ്പോളൊക്കെ ദൂരെ ആകാശത്ത് മുട്ടിനിന്നു മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചുകളിക്കുന്ന കൊളുക്കുമല എന്നും ഒരു പ്രതീക്ഷയും ആവേശവുമായിരുന്നു.ഫോര്‍ വീല്‍ ഡ്രൈവ് ജീപ്പുകള്‍ മാത്രം കയറാന്‍ പറ്റുന്ന ദുര്‍ഘടമായ വഴി..മുകളിലെ കാലാവസ്ഥ ഇവയൊക്കെയാണ് കൊളുക്ക് മലയിലേക്കുള്ള പ്രധാന മാര്‍ഗതടസ്സങ്ങള്‍. മുന്നാര്‍-ദേവികുളം- സൂര്യനെല്ലി -അപ്പര്‍ സൂര്യനെല്ലി വഴിയാണ് കൊളുക്ക് മലയിലേക്ക് പോകേണ്ടത്. സൂര്യനെല്ലി എത്തുന്നതോടെ ടാര്‍ ചെയ്ത റോഡുകള്‍ അവസാനിക്കുകയാണ്.അപ്പര്‍ സൂര്യനെല്ലിവരെ സോളിന്ഗ് ചെയ്ത വഴി ഉണ്ട് അതിനുശേഷം റോഡ് എന്ന് പറയാനാകാത്ത രീതിയിലുള്ളതാണ്‌ വഴി. ഒരു ജീപ്പിനു കഷ്ടി കടന്നു പോകാവുന്ന കുത്ത് കയറ്റം.സൂര്യനെല്ലിയില്‍ നിന്നോ മൂന്നാറില്‍ നിന്നോ ഫോര്‍ വീല്‍ ഡ്രൈവ് ജീപ്പും പരിചയസമ്പന്നരായ ഡ്രൈവര്‍മാരെയും കിട്ടും.അവസരം പോലെ ആയിരം രൂപ മുതല്‍ മുകളിലേക്ക് വരെ ചാര്‍ജ് വാങ്ങാറുണ്ട്. പലയിടങ്ങളിലും വലിയ പാറകളും തിട്ടകളും ഹെയര്‍ പിന്‍ വളവുകളും നിറഞ്ഞ മലമ്പാത ചെന്നത്തുന്നത് ഏഴായിരത്തിഒരുനൂറ്റിമുപ്പതു അടി ഉയരത്തിലാണ്.കേരളത്തില്‍ വാഹനം എത്തുന്ന ഏറ്റവും കൂടിയ ഉയരം.ഇവിടെയാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തേയില തോട്ടം.ഇപ്പോള്‍ കൊത്തഗുടി പ്ലാന്ടെഷന്‍ എന്ന് അറിയപ്പെടുന്ന ഈ തോട്ടം നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് സായിപ്പന്മാരുടെ ഇച്ഛാശക്തിയും തമിഴന്‍റെ വിയര്‍പ്പും ചേര്‍ന്നുന്ടയതാണ്.ഉയരം കൊണ്ട് ദക്ഷിണഭാരതത്തില്‍ രണ്ടാമതും ആനമുടിയെക്കള്‍ അമ്പതു മീടര്‍ മാത്രം താഴ്ന്നതുമായ മീശപുലിമല ഈ തോട്ടത്തിലാണ്.തിപടിമല മീശപുലിമല തുടങ്ങി രണ്ടായിരം മീടറിലധികം ഉയരമുള്ള പലപര്‍വതങ്ങളിലായി കിടക്കുന്ന ഈ തോട്ടത്തിന്റെ അതിരുകള്‍ ആറായിരത്തി അഞ്ഞൂറ് മുതല്‍ എണ്ണായിരം അടി ഉയരംവരെയാണ്.കേരളത്തിലും തമിഴ്നട്ടിലുംയാണ് തോട്ടത്തിന്റെ കിടപ്പ്. ഇടുക്കിയില്‍ നിന്നും യാത്രതിരിച്ചത് കാലത്ത് എട്ടുമണിയോടെയാണ്.രണ്ടു ബൈക്കുകളിലായി ഞങ്ങള്‍ നാലുപേര്‍.ബൈക്കില്‍ കൊളുക്കുമലയാത്ര നടത്തരുത് എന്നാണ് പലയിടത്തുനിന്നും കിട്ടിയ ഉപദേശം.ബൈക്കിന്റെ ത്രില്ലും സാമ്പത്തികലാഭവും(തെറ്റാണെന്ന് പിന്നീട് മനസിലായി)..ബൈക്കില്‍ തന്നെ യാത്ര എന്ന് തീരുമാനിക്കുകയായിരുന്നു.മുന്നാര്‍ ദേവികുളം വഴി സൂര്യനെല്ലിയിലെത്താന്‍ രണ്ടര മണിക്കൂര്‍ .സൂര്യനെല്ലിയില്‍ നിന്നും ഹരിസന്‍സ് എസ്റ്റേറ്റിലൂടെ അപ്പര്‍ സൂര്യനെല്ലിയിലെത്താന്‍ വീണ്ടും അരമണകൂരിലധികം വേണം.തെളിഞ്ഞ നീലാകാശത്തിനു താഴെ പരന്നു കിടക്കുന്ന തേയിലതോട്ടങ്ങളും വളഞ്ഞു പുളഞ്ഞു പോകുന്ന അവയിക്കിടയിലെ നൂറുകണക്കിന് വഴികളും.നല്ല വെയിലും അരിച്ചിറങ്ങുന്ന ഇളംതണുത്ത കാറ്റ് .ഇടക്കിടക്കു കൊളുന്തു നുള്ളുന്നവരുടെ സംസാരവും പച്ചകൊളുന്തിന്റെ മണവും.ഏതു മനസികാവസ്തയിലുള്ളവരും സ്വയം മറക്കുന്ന പ്രകൃതിയുടെനേര്‍ കാഴ്ചകള്‍. സൂര്യനെല്ലിയെത്തുന്നത്തോടെ ടാര്‍ റോഡുകള്‍ അപ്രത്യക്ഷമാകുകയാണ്.തല ഉയര്‍ത്തി നോക്കിയാല്‍ അകലെ മേഘങ്ങളോടു സല്ലപിക്കുന്ന കൊളുക്കുമലയും മീശപുലിമലയുമൊക്കെ കാണാം. സോളിന്ഗ് നടന്ന വഴിയിലെ ഉരുളന്‍കല്ലുകള്‍ മുകളിലുടെ ബൈക്ക് തെന്നി നീങ്ങി.ഇനിയുള്ള വഴി ബൈക്ക് യാത്ര സഹസികമാണ്.മിക്കവാറും കയടറ്റ്ങ്ങളില് ഒരാള്‍ ഇറങ്ങി നടക്കേണ്ടി വരും.ഉരുളന്‍ കല്ലുകള്‍ക്ക് മുകളിലുടെ ബാലന്‍സ് ചെയ്തു കൈകള്‍നന്നായി വേദനിച്ചു തുടങ്ങി.അപ്പര്‍ സൂര്യനെല്ലിയില്‍ നിന്നും മുകളിലേക്ക് പോകുന്ന വണ്ടികള്‍ക്ക് ഒരുചെറിയ ഫീസ് ഈടാക്കുന്നുണ്ട്.തൊട്ടടുത്തുള്ള ഫാക്ടറിയില്‍ നിന്നും വരുന്ന തേയിലയുടെ മണം ചായകുടിക്കുന്നതിനെക്കാള്‍ ഏറെ സുഖമുള്ളതാണ്‌.ഫാക്ടറിക്ക് ശേഷം റോഡിന്റെ സ്ഥിതി പരിതാപകരമാണ് .പാറകളും കുഴികളും നിറഞ്ഞ ഒന്‍പതു ഹെയര്‍പിന്‍ വളവുകളുള്ള വഴി.രണ്ടു മൂന്ന് സ്ഥലങ്ങളില്‍ വീണെങ്കിലും കാല്‍മുട്ടിലെയും ബൈക്കിന്റെയും കുറച്ചു പെയിന്റ് പോയതല്ലാതെ മറ്റുകേടുപാടുകള്‍ ഒന്നും സംഭവിച്ചില്ല. വളവുകള്‍ കയറി മുകളില്‍ ചെന്നാല്‍ കാണുന്ന കാഴ്ചകള്‍ യാത്രയുടെ ക്ഷീണം മുഴുവന്‍ മാറ്റും.ഒരുഭാഗത്ത്‌ പരവതനിരകളും പച്ചപുതപ്പിട്ട താഴ്വാരങ്ങളും നിറഞ്ഞ കേരളം.മറു ഭാഗത്ത് നോക്കെത്താദൂരം പറന്നു കിടക്കുന്ന തമിഴ്നാടിന്റെ തേനിജില്ല.വളരെ ശക്തിയേറിയ തണുത്ത കാറ്റിന്റെ ഹുന്കാരം സംസാരിക്കാന്‍ പോലും തടസമുണ്ടാക്കുന്നതയിരുന്നു. "now you are at 7130feet above msl."എന്നെഴുതിയ ബോര്‍ഡ് വ്യൂ പോയിന്റില്‍ സ്ഥാപിച്ചിട്ടുണ്ട്. തിപടി മലയുടെയും മീശപുലി മലയുടെയും ഉയരം എഴുതിയിരിക്കുന്നതി‌ല്‍ നിന്നും തിപടി മലയെക്കാള്‍ ഉയരത്തിലാണ് ഈ വ്യൂ പോയിന്റ് എന്ന് മനസിലായി. ഇവിടെ നിന്നും രണ്ടു കിലോമീറ്റര്‍ ഇറക്കം ഇറങ്ങിയാല്‍ കൊളുക്കുമല ഫാക്ടറിയില്‍ എത്താം.1935 സായിപ്പന്മാര്‍ പണിത ഈ ഫാക്ടറി ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ളതും പഴക്കമേറിയതുമാണ്.കൂടുതല്‍ ഭാഗങ്ങളും തടികൊണ്ട് നിര്‍മിച്ച ഈ ഫാക്ടറി കാലത്തേ വെല്ലുവിളിയോടെ അതിജീവിക്കുന്നു. ഫാക്ടറിക്ക് സമീപത്തായി ഒരു വലിയ വെള്ളച്ചാട്ടവും വ്യൂ പൊയന്റും ഉണ്ട്.ഇവിടെ നിന്നാല്‍ കട്ടുപോത്തുകളെയും മറ്റു ജീവികളെയും കാണാന്‍ കഴിയുമെന്ന് എഴുതിവെച്ചിട്ടുണ്ട്..പക്ഷെ താഴ്വാരങ്ങളില്‍ മഞ്ഞുമൂടിയതു മൂലം ഉയര്‍ന്ന മലകള്‍ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ. ഇവിടെ നിന്ന് നോക്കിയാല്‍ ടോപ്പ്സ്റ്റേഷന്‍, കൊടൈക്കനാല്‍ തുടങ്ങിയ സ്ഥലങ്ങള്‍ കാണാന്‍ കഴിയും.എസ്റ്റേറ്റ്‌ വാച്ചര്‍ വേലുസ്വമിയാണ് കാട്ടിത്തന്നത്.
"ഇന്കയിരുന്നു അന്കെ പോകമുടിയുമാ.." അറിയാവുന്ന തമിഴില്‍ മനേഷ് ചോദിച്ചു.

"റൊമ്പ കഷ്ടം സര്‍..ആനാ ഒരു നാളെയിലെ പോയി വരമുടിയും.."വേലുസ്വാമി പറഞ്ഞത് എനിക്ക് വിശ്വസിക്കാന് ബുദ്ധിമുട്ട് തോന്നി.മൂന്നാറില്‍ നിന്നും കൊടൈക്കനാല്‍വരെ ട്രെക്കിന്ഗ് തന്നെ മൂന്നു ദിവസം വേണം അപ്പോള്‍ പിന്നെ...

ഫാക്ടറിക്ക് ചുറ്റുമായി പത്തു പന്ത്രണ്ടു ലയങ്ങള്‍ ഉണ്ട് .തൊഴിലാളികള്‍ക്ക്‌ താമസിക്കാനുള്ള ഇവയുടെ അവസ്ഥ ദയനീയമാണ്. "കുളിര് സീസനിലെല്ലാം രേംബ കഷ്ടം സര്‍ " .. തലയിലെ ഷാള്‍ ഒന്ന് കൂടി ചുറ്റി കായ്കള്‍ കൂട്ടികെട്ടി വീലുസ്വമി കഥതുടങ്ങി.തലയിലെ കെട്ടിനിടയില്‍ നിന്നും എന്തോ ഒന്നെടുത്തു ബീഡിയില്‍ ചുരുട്ടി ആഞ്ഞു വലിച്ചു.ഒരു ജന്മത്തിന്റെ മുഴുവന്‍ ഭാരങ്ങളും ചുളിവ് വീഴ്ത്തി കരിവാളിച്ചമുഖം..ദൂരെ എവിടെയോ എന്തിലോ ഉടക്കിനില്‍ക്കുന്ന കണ്ണുകള്‍. മുന്‍പ് ഇവിടെ അറുപതിലധികം കുടുംബങ്ങള്‍ ഉണ്ടായിരുന്നെന്നും ഇപ്പോള്‍ വളരെ കുറച്ചു പേര്‍ മാത്രമേ ഇവിടെ അവശേഷിക്കുന്നുള്ളൂ എന്നും മനസിലായത് വേലുസ്വമിയുടെ കഥകളില്‍ നിന്നാണ്.നൂറു രൂപ കൂലിക്ക് ഈ മലമടക്കില്‍ പണിയെടുക്കുന്നവര്‍ മറ്റൊരു പോംവഴിയും ഇല്ലാത്തവരാണ്.ഇവരുടെ റേഷന്‍ കാര്‍ഡുകള്‍ തമിള്‍നാട്ടിലാണ്.മാസത്തില്‍ ഒരിക്കല്‍ ആണുങ്ങള്‍ കൂടി പോയി നിത്യോപയോഗ സാധനങ്ങള്‍ വാങ്ങി വരുന്നു.8 കിലോമീറെറോളം തലച്ചുമടയാണ് സാധനങ്ങള്‍ എത്തിക്കുക.രണ്ടു രൂപയ്ക്കു അരിയും നൂറു രൂപ കൂലിയും കിട്ടുന്ന തമിഴ്നാടന്‍ പ്രദേശങ്ങളിലേക്ക് ആളുകള്‍ പിന്‍വാങ്ങി പോയതില്‍ അല്‍ഭുതമില്ല.മലയില്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് പറയുന്ന കുരിശിനെ പറ്റിയും കേട്ടപ്പോള്‍ കെട്ടുകഥയാണെന്ന് തോന്നി.പൂര്‍ണമായും വെള്ളിയില്‍ തീര്‍ത്ത ഒരു കുരിശ് പണ്ടെന്നോ ഒരു സായിപ്പു മലയുടെ ഏറ്റവും മുകളില്‍ കയറി അവിടെ വെച്ചിട്ടുണ്ടത്രെ..കേള്‍ക്കാന്‍ നല്ല രസം തോന്നി ഫാക്ടറി ഉള്ളില്‍ കയറി കാണുന്നതിനു 75 രൂപയാണ് ഫീസ്.തേയില ഉത്പാദനത്തിന്റെ വിവിധ ഘട്ടങ്ങള്‍ നേരില്‍ കണ്ടു മനസിലാക്കാം.കൊളുക്കുമല തേയില ഗുണമേന്മയില്‍ മുന്തിയ ഇനമാണ്‌.വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന യൂറിയ പ്രയോഗം ഒഴിച്ചാല്‍ മറ്റു രാസവളങ്ങള്‍ ഒന്നും തന്നെ ഇല്ല.മേഘങ്ങള്‍ തേയില ചെടികളെ തൊട്ടുരുമ്മി ഉമ്മവെക്കുന്ന ഇവിടെ കൊടിയ വേനലില്‍ പോലും ജലസേചനത്തിന്റെ ആവശ്യമില്ല.ആരെയും ഉണര്‍ത്തുന്ന മണമാണ് കൊളുക്കുമല ചായയുടെ പ്രത്യേകത.ഫാക്ടറി സന്ദര്‍ശനം കഴിഞ്ഞെത്തുന്നവരെ ചൂട് ചായ കാത്തിരിപ്പുണ്ട്‌.ഇത്ര രുചികരമായ ഒരു ചായ ഇതിനുമുന്‍പൊരിക്കലും കുടിച്ചതായി ഞാന്‍ ഓര്‍ക്കുന്നില്ല.കൊളുക്കുമല തേയിലക്ക് കിട്ടിയ പല അന്ഗീകരങ്ങളും പ്രദര്ശിപ്പിചിരിക്കുന്നതു കാണാന്‍ കഴിയും ."worlds highest grown tea" എന്ന് മുദ്രണം ചെയ്ത കവറുകളില്‍ തേയില വില്‍ക്കാന്‍ വെച്ചിട്ടുണ്ട്.കൊളുക്കുമല തേയിലക്ക് സാധാരണ തെയിലയെക്കള്‍ വിലകൂടുമെന്കിലും ചായകുടിച്ച ആരും അതിലൊന്ന് വാങ്ങാതെ പോകില്ല. വരുന്ന എല്ലാ സഞ്ചാരികളേയും പോലെ വീണ്ടും വരും എന്ന് മനസ്സില്‍ ഉറപ്പിച്ചു താഴേക്ക്‌ ബൈക്കുമായി സാന്ഡ് സ്കെടിങ്ങിനു തുടങ്ങുമ്പോള്‍ വെയില്‍ താണിരുന്നു.തെയിലചെടികളെ മുട്ടിയുരുമ്മി മേഘങ്ങള്‍ കാഴ്ചമറക്കാന്‍ തുടങ്ങുന്ന സുന്ദരമായ സന്ധ്യതുടങ്ങുകയാണ്.തണുപ്പ് കൂടിതുടങ്ങുന്നു.മലമുകളിലെ സയന്തനതിനു വിട..

കൊളുക്കുമലയാത്ര ചില വീഡിയോ ദൃശ്യങ്ങള്‍