Sunday, January 30, 2011

സ്കൈ ‌‍ഡിവിങ്ങ്



"Shutup N Jump" ആവികൊണ്ട് മങ്ങിയ വിമാനത്തിന്റെ ചില്ല് വാതിലില്‍ മെറിന്റെ വെളുത്തുനീണ്ട വിരലുകള്‍ എഴുതിയിട്ടപ്പോള്‍ വിയന്റെ കയ്യില്ലേക്ക് നോക്കി.വാച്ച് പോലെ കയ്യില്‍ കെട്ടിയിരിക്കുന്ന ആള്‍ട്ടി മീറ്ററില്‍ ഉയരം 11000 അടി.ബെല്‍റ്റും ഹുക്കും ഒക്കെ വീണ്ടും മുറുക്കി എല്ലാം സുരക്ഷിതമാണ് എന്ന് വീണ്ടും ഉറപ്പാക്കുകയാണ് വിയന്‍.കൊച്ചു വിമാനത്തിന്റെ കിളിവാതിലിലൂടെ ഇപ്പോള്‍ പുറത്തേക്കു നോക്കിയാല്‍ മോണ്‍ട്രേ ബേ ഒരു മാപ്പ് പോലേ കാണാം.ഇടയ്ക്കിടയ്ക്ക് മേഘങ്ങള്‍ കാഴ്ചമറച്ചു കടന്നുപോകുന്നു.വട്ടം ചുറ്റി മുകളിലേക്ക് പറന്നു കയറുകയാണ് "റോക്കറ്റ് ജമ്പെര്‍" എന്ന ഈ കൊച്ചു വിമാനം.


10 ആളുകളുമായി 18000 അടി മുകളിലെത്താന്‍ വെറും 7 മിനുറ്റ് സമയം,ലോകത്തിലെ ഏറ്റവും വേഗതയേറിയ ഈ ജമ്പര്‍ വിമാനത്തിന് ചേരുന്ന പേരുതന്നെയാണ് "റോക്കറ്റ് ജമ്പെര്‍" മോണ്‍ട്രേ ബേയിലെ എയര്‍ സ്ട്രിപ്പില്‍ നിന്നും പറന്നു പൊങ്ങിയിട്ട് ഇപ്പോള്‍ 5 മിനിറ്റുകള്‍ കഴിഞ്ഞിരിക്കുന്നു, 1800 അടി മുകളിലെത്താന്‍ ഇനിയും രണ്ടു മിനിട്ടുകള്‍.പേടി മറച്ച് ആകാംഷയോടെ പുറത്തേക്കു നോക്കുമ്പോള്‍ ഹൃദയമിടിപ്പിന്റെ താളം മാറുന്നത് കൃത്യമായി കേള്‍ക്കാം.ഈ ജീവിതത്തിലെ വലിയ ഒരു ആഗ്രഹം സാധിക്കാന്‍ ഇനി ചില നിമിഷങ്ങള്‍ മാത്രം.

ലോകത്തിലെ ഏറ്റവും ഉയരത്തില്‍ നിന്നുള്ള ടാന്റെം സ്കൈ ‌‍ഡിവിങ്ങ്.മെറിന്റെ ടി-ഷര്‍ട്ടില്‍ അതിങ്ങനെ എഴുതിയിരുന്നു "Worlds highest Sky diving -Experience of a life time".

അമേരിക്കയില്‍ പലയിടങ്ങളിലും സ്കൈ ‌‍ഡിവിങ്ങ് കേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും മോണ്‍ട്രേ ബേ സ്കൈ ‌‍ഡിവിങ്ങ് പ്രശസ്തമാണ്.ലോകത്തിലെ ഏറ്റവും ഉയരത്തില്‍ നിന്നുള്ള ടാന്റെം ജമ്പ്‌ എന്നത് മാത്രമല്ല പ്രത്യേകത,മോണ്‍ട്രേ ബേയും കടലും തുടങ്ങി ഒട്ടേറെ കാഴ്ചകള്‍ കാണാന്‍ ഉണ്ടെന്നതിലുപരി കാലാവസ്ഥയും വളരെ അനുകൂലമാണ്.മൂന്നു തരം ‌‍ഡിവിങ്ങ് ആണ് ഇവിടെ ഉള്ളത് .12000 അടി മുകളില്‍ നിന്നുള്ള എന്‍ട്രി ജമ്പ്‌,15000 അടി മുകളില്‍ നിന്നുള്ള കാലിഫോര്ണിയ ഹൈയ്യസ്റ്റു ജമ്പ്‌ പിന്നെ 18000 അടി ഉയരത്തില്‍ നിന്നുള്ള വേള്‍ട്സ് ഹൈയ്യസ്റ്റു ജമ്പ്‌.

സിലിക്കണ്‍ വാലയില്‍ നിന്നും മോണ്‍ട്രേയിലെത്താന്‍ രണ്ടു മണിക്കൂര്‍ ,രെജിസ്ട്രേഷന് വേണ്ടി അരമണിക്കൂര്‍,സമ്മത പത്രങ്ങളും ഒപ്പിട്ടു കൊടുത്തു ട്രെയിനിംഗ് പോയിന്റില്‍ ചെന്നപ്പോള്‍ മണി പത്തു കഴിഞ്ഞു.‌‍

ഡിവിങ്ങിനു തയാറായി മൊത്തം 7 ആളുകള്‍ ,അതില്‍ 18000 അടി ഉയരത്തില്‍ നിന്നുള്ള വേള്‍ട്സ് ഹൈയ്യസ്റ്റു ജമ്പ്‌ തിരഞ്ഞെടുത്തത് ഞാനും ഇറ്റലിക്കാരന്‍ റൊമാനും.അടുത്തത് ഗ്രൌണ്ട് ട്രെയിനിംഗ് ആണ്,‌‍‌‍ഡിവിങ്ങ് രീതിയും ചെയ്യേണ്ടുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ വിശദീകരണം.ജമ്പ്‌ ചെയ്യുമ്പോള്‍ തല പിടിക്കേണ്ട രീതി,ലാന്‍ഡ്‌ ചെയ്യുമ്പോള്‍ കാലുകള്‍ ചവിട്ടേണ്ട രീതി തുടങ്ങിയവയെകുറിച്ച് വളരെ വിശദമായി വിയന്‍ മനസിലാക്കി തന്നു.വിമാനത്തില്‍ നിന്നു പ്രത്യേകതരം ഗോഗ്ള്‍സ് വെച്ച് കൈകള്‍ മടക്കിനെഞ്ചോടു ചേര്‍ത്ത് തല ഉയര്‍ത്തി പിടിക്കണം.ഫ്രീ ഫാള്‍ സമയത്ത്‌ ശബ്ദം കേള്‍ക്കാന്‍ പറ്റില്ല എന്നതിനാല്‍ കൈകള്‍ തട്ടിയാണ് നിര്‍ദേശങ്ങള്‍ തരിക .വിയന്‍ പുറകില്‍ രണ്ടു തവണ തട്ടിയാല്‍ കൈകള്‍ വിരിച്ച് കാലുകള്‍ നിവര്‍ത്തി പിടിക്കണം.സ്കൈ ‌‍ഡിവിങ്ങ് സ്യുട്ട് മുറുക്കി കണ്ണാടിയും വാങ്ങി പുറത്തേക്കു നടക്കുമ്പോള്‍ റണ്‍വേയില്‍ റോക്കറ്റ് ജമ്പര്‍ റെഡി.

കാറ്റ് പ്രതികൂലമയാലോ പരച്ചൂട്ട് സംവിധാനം ശരിയായി പ്രവര്‍ത്തിക്കാതെ വന്നാലോ ലങ്ടിംഗ് സ്ഥലത്ത് നിന്നും മാറി പോകുന്നതിനെയാണ് "വിന്‍ഡ്‌ ഡംപ്" എന്ന് വിളിക്കുക.ജീവന്‍ വരെ നഷ്ടപെട്ടക്കാവുന്ന അവസ്ഥയാണിത്.റണ്‍ വേയിലേക്ക് നടക്കുമ്പോള്‍ ഒരു ട്രയിനെര്‍ "വിന്‍ഡ്‌ ഡംപ്" മൂലം തൊട്ടടുത്തുള്ള തുറസായ സ്ഥലത്ത് ലണ്ട് ചെയ്യുന്നത് വിയന്‍ കാട്ടിത്തന്നു.


സ്കൈ ‌‍ഡിവിങ്ങിനെ പറ്റി കുറച്ചു കാര്യങ്ങള്‍.ജാക്കസ് ഗാര്നെരിന് പതിനേട്ടം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ആദ്യത്തെ സ്കൈ ‌‍ഡിവിങ് നടത്തിയതായി ചരിത്രരേഖകള്‍ ഉണ്ട്. ഉയര്‍ന്നു പറക്കുന്ന ബലൂണില്‍ നിന്നും പാരഷ്യൂട്ട് ഉപയോഗിച്ചായിരുന്നു ആ ചാട്ടം.വിമാനത്തിന്റെ കണ്ടുപിടുത്തത്തോടെ സ്കൈ ‌‍ഡിവിങ്ങിന്റെ മുഖം മാറി .ഫ്രീ ഫാള്‍ ജമ്പുകള്‍ നടത്താന്‍ തുടങ്ങിയത് 1914 നു ശേഷമാണ്.രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമാണ് സ്കൈ ‌‍ഡിവിങ് ഒരു അതിസഹസീക കായിക വിനോദമായി വളരാന്‍ തുടങ്ങിയത്.എന്നാല്‍ നൂറ്റാണ്ടുകള്‍ മുന്‍പ് തന്നെ ഡാവിഞ്ചി സ്കൈ ‌‍ഡിവിങ് മാതൃക രൂപപെടുതിയെന്നത് ആശ്ചര്യകരമായകാര്യമാണ്. ഇതൊരു സാഹസിക അഭ്യാസം പോലെ സ്കൈ ‌‍ഡിവിങ്ങിലും അപകടങ്ങള്‍ പതിവാണ്.


റോക്കറ്റ് ജമ്പെര് ഇരമ്പി കയറുകയാണ് 15000 അടി മുളകില്‍ എത്തിയപ്പോള്‍ മുതല്‍ മെറിന്‍ വാതില്‍ തുറന്നു നോക്കുന്നുണ്ട്.തലയിലെ വീഡിയോ ക്യാമറ ഒരിക്കല്‍ കൂടി ഫോക്കസ് ശരിയാക്കി അകത്തേക്ക് നോക്കി ചിരിച്ചു.ചില്ല് വാതില്‍ മുകളിലേക് തുറക്കാവുന്ന ഒരു ഷട്ടര്‍ പോലെയാണ്.ഇതിലൂടെ വേണം പുറത്തേക്കു ചാടാന്‍.താഴേക്ക്‌ നോക്കിയാല്‍ നീലിമയുടെ ആഴങ്ങളില്‍ ശാന്തമഹാസമുദ്രം.മുകളില്‍ അന്തതയുടെ വിഹയാസ്.എനിക്ക് മുന്‍പായി ചാടുക റോമാന്‍ ആണ്.റൊമാനും ട്രെയിനറും വാതിലേക്ക് നീങ്ങി .ബെല്‍റ്റും ഹുക്കും കൊണ്ട് പരസ്പരം ബന്ധിചിരിക്കുന്നതിനാല്‍ രണ്ടാളും ഒരുമിച്ചാണ് വാതിലേക്ക് നീങ്ങുക.വാതില്‍ തുറന്നപ്പോള്‍ തണുപ്പും ഭീതിയും ഉള്ളിലേക്ക് അരിച്ചു കയറി.റോമന്റെ മുഖത്തെ ഭീതി എന്റെ മനസിലേക്ക് പടര്‍ന്നത് വളരെ പെട്ടന്നായിരുന്നു.മര്‍ദ്ദവ്യതിയാനാം മൂലംശ്വസനവായുവിനു കനക്കുറവ് ആയതിനാലാണെന്നു തോന്നുന്നു ശ്വാസോച്ചസ വേഗം കൂടിയതുപോലെ.റോമനും ട്രെയിനറും ഒരു നിമിഷത്തില്‍ മിന്നിമറയുന്നത് കാളലോടെ ഒരുനോക്കു കണ്ടു.


വിയന്റെ കയ്കള്‍ പുറത്തു തട്ടിയപ്പോള്‍ മുന്നോട്ടു നീങ്ങി തലുയര്‍ത്തി പിടിച്ചു ഭാരമില്ലയിമയിലേക്ക് ഊളിയിട്ടു.



ഒന്ന് രണ്ടു നിമിഷത്തേക്ക് സംഭവിക്കുന്നത് എന്താണെന്നു മനസിലായില്ല.കറങ്ങി തരിഞ്ഞു നിവര്ന്നപ്പോള്‍ വിയന്‍ ഒരു ചെറിയ കുട നിവര്‍ത്തി.കാനോപ്പി എന്ന് വിളിക്കുന്ന ഈ ചെറിയ കുട ദിശ നിയന്ത്രിക്കാനാണ്‌.ഗുരുത്വകര്‍ഷണം മൂലം ഉണ്ടാകുന്ന ആക്സിലറേഷനില്‍ താഴേക്ക്‌ വീഴുന്നതിനാല്‍ ശരീരഭാരം തീര്‍ത്തും തോന്നില്ല എന്ന് മാത്രമല്ല താഴേക്ക്‌ വീഴുന്നത് 210 കിലോമീറ്റര്‍ വേഗത്തിലാണ്.ചെവികളില്‍ കനത്ത മൂളല്‍ ശബ്ദം മാത്രം.വിയന്‍ പുറകില്‍ ഉണ്ട് എന്ന് മനസിലാക്കുന്നത് കൈകൊണ്ട് തട്ടി സിഗ്നല്‍ തരുമ്പോള്‍ മാത്രമാണ്.




പത്തു പതിനഞ്ചു നിമിഷങ്ങള്‍ക്ക് ശേഷം മാത്രമാണ് ശരിയായി ഫ്രീ ഫാള്‍ ആസ്വദിക്കാന്‍ സാധിക്കുക.നീല ആകാശത്തിനും കടലിനുമിടയില്‍ തങ്ങിനില്‍ക്കുന്ന അനുഭൂതി വാക്കുകള്‍ക്കതീനമാണ്.മേഘള്‍ക്ക് താഴെ ഭൂമി,അത് പതിയെ അടുത്തേക്ക് വരുന്നു.ഗൂഗിള്‍ മാപ്പ് സൂം ചെയ്തു നോകുന്നത് പോലെ.



കൈകള്‍ തുഴയുന്ന രീതിയില്‍ തിരിച്ചാല്‍ വായുവില്‍ കറങ്ങി തിരിയാം.ചക്രവാളവും കടലും എല്ലാം നീലനിറത്തിലാണ് കാണാന്‍ കഴിയുക



90 നിമിഷത്തെ ഉദ്ദേഹതിനോടുവില്‍ വിയന്‍ പരച്ചൂട്ട് ഉയര്‍ത്തിയപ്പോള്‍ മുകളിലേക്ക് എടുത്തെരിയുന്നതുപോലെ ആണ് അനുഭവപെട്ടത്‌.പാരച്ച്ചുട്ടില്‍ മേഘങ്ങള്‍ക്കിടയിലൂടെ കറങ്ങി കറങ്ങി തറയിലെത്തന്‍ 7 മിനിറ്റ് സമയമെടുത്തു.


ഒരു പഴയ എയര്‍ ബേസില്‍ ആണ് ലങ്ടിംഗ് .വളരെ സുഖകരമായ ലന്ടിങ്ങിനു ശേഷം മടങ്ങുമ്പോള്‍ വിയനോട് ചോദിക്കാന്‍ മറന്നില്ല
"രണ്ടാം തവണ ജമ്പ്‌ ചെയ്യുന്നവര്‍ക്ക് ഫീസ്‌ ഇളവുണ്ടോ?"





സ്കൈ ‌‍ഡിവിങ്ങിന്റെ ചില വീഡിയോ ദൃശ്യങ്ങള്‍