Wednesday, June 17, 2009

മൌന്റ്റ് ഫുജി


നൂറ്റാണ്ടുകള്‍ക്കു മുന്‍പാണ് ..ഗ്രാമത്തില്‍ വസൂരി പടന്നിരുന്ന കാലം ..വസൂരിക്ക് മരുന്ന് തേടി നടന്ന യസൂജിയോടു താഴ്വരയിലെ ദിവ്യന്‍ പറഞ്ഞു. മാന്ത്രിക തടാകത്തിലെ വെള്ളം കുടിച്ചാല്‍ വസൂരി മാറും.. പക്ഷെ മാന്ത്രിക തടാകം അങ്ങ് കിഴക്കന്‍ വനത്തിലെവിടെയൊ ആണ്.തടാകം തേടി അലഞ്ഞ യസൂജിക്ക് വഴിതെറ്റി.നിരാശയും,വിശപ്പും ക്ഷീണവും യസൂജി ഒരു മരച്ചുവട്ടില്‍ തളര്‍ന്നുറങ്ങി.ഉറക്കമുണര്‍ന്ന യൂജിയുടെ കണ്ണുകള്‍ സന്തോഷം കൊണ്ടു നിറഞ്ഞു തൊട്ടുമുന്നില്‍ അതാ മാന്ത്രിക തടാകം.അല്‍ഭുതത്തോടെ ചുറ്റും നോക്കിയ യസൂജിക്ക് മുന്‍പില്‍ സുന്ദരിയായ ഒരു ദേവത പ്രത്യക്ഷപെട്ടു .യസൂജി നോക്കിനില്‍ക്കെ ഭൂമി പതിയെ ഇളകാന്‍ തുടങ്ങി.തടാകത്തില്‍ നിന്നും മനോഹരമായൊരു വലിയ മല ഉയര്ന്നു വന്നു.ദേവത ഒരു മേഘത്തില്‍ കയറി മലയുടെ മുകളിലേക്കും പോയി .തടാകം ആ മലയ്ക്ക് ചുറ്റും അഞ്ചു ചെറിയ തടകങലുമയി..

ഫുജിയുടെ ഉല്‍ഭവത്തെ കുറിച്ചു ജപ്പാനില്‍ പ്രചാരത്തിലുള്ള നടോടികഥകളില് പ്രധാനമായ ഒരു കഥയാണ് യസൂജിയുടെത്.കഥയെന്തായാലും ജപ്പാന്റെ ചരിത്രത്തില്‍ ഫുജി എന്നും ഒരു മുഖചിത്രമാണ്‌.മറ്റൊരു അഗ്നിപര്‍വതവും ഒരു രാജ്യത്തിന്റെ കലയും സംസ്കാരവുമായി ഇത്രയധികം ബന്ധപെട്ടിട്ടുണ്ടാവില്ല .ഇപ്പോള്‍ ഉറങ്ങുന്ന ഈ സുന്ദര ഭീകരന്‍ 1707 ജൂണില്‍ ആണ് അവസാനമായി സംഹാരഭവം കാട്ടിയത്. അന്ന് 70 മൈല്‍ അകലെയുള്ള എടൊ (ഇന്നത്തെ ടോക്കിയോ ) നഗരത്തില്‍ 6 ഇഞ്ച്‌ കനത്തില്‍ ചാരം വന്നു മൂടി അത്രേ. വര്‍ഷത്തില്‍ ഭൂരിഭാഗം ദിവസങ്ങളിലും മേഘമാവൃതമായിരിക്കും ഫുജിയുടെ മഞ്ഞു തൊപ്പി അണിഞ്ഞ മുകള്‍ ഭാഗം.

ജപ്പന്കാര്‍ക്കിടയില്‍ ഒരു ചൊല്ലുണ്ട് "ഒരിക്കല്‍ ഫുജി കയറാത്തവന്‍ മണ്ടനാണ്.ഒന്നിലധികം കയറിയവനും".കയറി ഇറങ്ങിയവര്‍ക്ക് ഇതില്‍ പതിരില്ല എന്ന് നന്നായി ബോധ്യമാകും.

ഫുജിയുടെ മുകളില്‍ കയറുക എന്നത് ജപ്പന്കാരെ പോലെ തന്നെ ജപ്പാനില്‍ എത്തുന്ന ഏതൊരാളുടെയും സ്വപ്നമാണ്.തോണ്ണുറുശതമാനം ആളുകള്‍ക്കും അത് കഴിയാറില്ലെങ്കിലും .മഞ്ഞുമല ഇടിച്ചിലും കനത്തതിമാപാതവും വീശിയടിക്കുന്ന ശീതകാറ്റുമ് ആണ്ടില്‍ പത്തു മാസങ്ങളിലും ഫുജി കയറുന്നത് ദുഷ്കരമാക്കുന്നു.ജൂലൈ-ഓഗസ്റ്റ്‌ മാസങ്ങളാണ് ഫുജി കയറാന്‍ അനുയോജ്യമായ സമയം.വേനല്കൊടുംപിരി കൊള്ളുന്ന ഈ സമയത്തു ഫുജിയുടെ മുകളില്‍ താപം പൂജ്യത്തിലും
താഴുമെങ്കിലും മഞ്ഞു ഉണ്ടാവാറില്ല.ആളുകള്‍ വളരെ അധികം എത്തുന്ന വേനല്‍കാലത്ത്‌ കടകളും
വിശ്രമകേന്ദ്രങ്ങളും വഴിക്ക് ധാരാളം ഉണ്ടാകാറുണ്ട്.ഫുജിയുടെ ചുവട്ടില്‍ നിന്നും മുകളിലേക്കുള്ള വഴിയില്‍ പത്തു സ്റ്റേഷനുകള്‍ ഈ സമയത്തു തുറക്കാറുണ്ട്.അഞ്ചമത്തെ സ്റ്റേഷനുകള്‍ വരെ വണ്ടി ചെല്ലും.മലയുടെ ചുറ്റിലുമായി നാലു ഫിഫ്ത് സ്റ്റേഷനുകള്‍ ഉണ്ട്.


കവഗുചികോ ഫിഫ്ത് സ്റ്റേഷനില് വണ്ടി ഇറങ്ങുമ്പോള്‍ എട്ടു മണി കഴിഞ്ഞിരുന്നു.സന്ധ്യ മയങ്ങിയിരുന്നെന്കിലും തിരക്കിനുകുറവില്ല.രാത്രിയില്‍ മുകളിലേക്ക് കയറാന്‍ തയ്യരെടെക്കുന്നവരുടെ തിരക്കുകള്‍,തിരിച്ചിങുന്നവരുടെ ക്ഷീണിച്ച മുഖങ്ങളില്‍ സംത്രൃപ്തിയുടെതെന്കിലും ദയനീയമായ പുഞ്ചിരി.തിരക്ക് മുതലാക്കി കച്ചവടം പൊടിക്കുന്ന കടകള്‍.ഹെഡ് ലാമ്പുകള്‍,വാക്കിങ്ങുസ്ടിക്കുകള്,ചെറിയ ഓക്സിജന്‍ സിലണ്ടറുകള്‍്,ഹൈ എനര്‍ജി ചോക്ലേറ്റുകള്‍,ഉണങ്ങിയ പഴവര്‍ഗങ്ങള്‍ ,എനര്‍ജി സപ്പ്ളിമെന്റ് ഡ്രിങ്ക്സ് തുടങ്ങിയവയാണ് പ്രധാനമയും.പച്ചമീനുകളും അല്പം മാത്രം വേവിച്ച ഇറച്ചിയും ചേര്‍ത്തുണ്ടാക്കുന്ന ഒരുതരം നൂഡില്‍ എല്ലായിടത്തും വില്‍ക്കുന്നുട്ണ്ട്.എട്ടാമത്തെ സ്റ്റേഷനില് വരെ കടകള്‍ ഉണ്ട്.ഉയരത്തിനോപ്പം വിലയും കൂടുന്നതിനാല്‍ എല്ലാം താഴെ നിന്നു തന്നെ വാങ്ങുന്നതാണ് നല്ലത് എന്ന് തോന്നി.

രണ്ട്‌ ഓക്സിജന്‍ സിലണ്ടറുകള്‍് ,കുറച്ചു ഒനിങ്ങിരി (എള്ളും അരിയും സീവീടും
ചേര്‍ത്തുണ്ടാക്കുന്ന ഒരു തരം വിഭവം),ഉണങ്ങിയ മുന്തിരി,ഇവയെല്ലാം വാങ്ങി കെട്ടുമുറുക്കി മലകയറാന്‍
തുടങ്ങുമ്പോള്‍ സമയം ഒന്‍പതു മണി കഴിഞ്ഞിരുന്നു. തണുപ്പ് കൂടി തുടങ്ങിയതിനാല്‍ കമ്പിളി കായ്യുറകളും,ജാക്കെറ്റും മതിയാവില്ല എന്ന് തോന്നി തുടങ്ങി.മലയിറങ്ങിവന്ന ഒരു ഓസ്ട്രെലിയന്‍ സംഘവുമായി സംസാരിച്ചപ്പോള്‍ മുകളില്‍ നല്ല ശീതക്കാറ്റു വീശുന്നുന്ടെന്നു അറിയാന്‍ കഴിഞ്ഞത്.ആ സംഘത്തില്‍പെട്ട രണ്ട്‌പേര്‍ തീര്‍ത്തും അവശരായി തോന്നി. അവര്‍ മുകളില്‍ നിന്നും ഇറങ്ങാന്‍ തുടങ്ങിയത് അഞ്ചു മണിക്കൂര്‍ മുന്‍പെങ്കിലും ആയിരിക്കണം.അതുവച്ച് നോക്കിയാല്‍ ഇപ്പോഴത്തെ തണുപ്പ് ഉഹിക്കാവുന്നതെ ഉള്ളു. എല്ലാവരും തെര്‍്മല് വിയാറുകളും,റയിന്‍ കോട്ടുകളും പുറമെ എടുത്തിട്ടു.എല്ലാം കൂടി ആയപ്പോള്‍ വല്ലാത്ത അസ്വസ്ഥത എങ്കിലും തണുപ്പിനു ആശ്വാസം ഉണ്ട്.

ഫുജിയുടെ പാദം മുഴുവന്‍ വനപ്രദേശങ്ങളാണ്. താഴ്വരമുതല്‍ ഏകദേശം രണ്ടായിരം മീറ്റര്‍ ഉയരം വരെ തിങ്ങി നിറഞ്ഞ വനങ്ങളാണ്.എങ്കിലും വന്യജീവികള്‍ വളരെ കുറവാണു.മാനുകളും കരടികളും ഉണ്ടെന്‍കിലും എണ്ണത്തില്‍ നന്നേ കുറവാണു.ഫുജിയുടെ വടക്കുഭാഗത്തായാണ്‌ നിഗൂഡതകള്‍ നിറഞ്ഞ അഒകിഗഹര ഫോറസ്റ്റ്.ജപ്പാനിലെ ഏറ്റവും കുപ്രസിദ്ധമായ മരണത്തിന്റെ താഴ്വര.ഈ കൊടും വനത്തിനുള്ളില്‍ പോയവരാരും തിരിച്ചു വന്നിട്ടില്ലത്രേ.ആത്മഹത്യക്ക് പേരുകേട്ട ജപ്പാനില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ആത്മഹത്യ ചെയ്യുന്നത് ഈ വനതിലാണാത്രെ.എല്ലാവര്‍ഷവും ഓഗസ്റ്റ്‌ മാസത്തില്‍ പോലീസും ചില സര്‍ക്കാര്‍ സംഘടനകളും ചേര്‍ന്നു നടത്തുന്ന തിരച്ചിലില്‍ ഇവിടെ നിന്നും ധാരാളം ശവശരീരങ്ങള്‍ കണ്ടെടുക്കാറുണ്ട്.വര്‍ഷം ശരാശരി നൂറിലധികം ശവശരീരങ്ങള്‍ ഇവിടെ നിന്നും കണ്ടെടുക്കാരണ്ട്.മിക്കവയും അപ്പോള്‍ അസ്ഥികള്‍ മാത്രമായിരിക്കും. അഒകിഗഹര ഫോറസ്റ്റ് ഓഫീസര്‍ എഴുതിയ ലേഖനത്തില്‍ ഇങ്ങനെ പറയുന്നു

"മിക്കവാറും ആളുകള്‍ തൂങ്ങിയാണ് മരിക്കുന്നത്.കണ്ടു കിട്ടുന്ന മിക്ക ശരീരങ്ങള്‍ക്കും സമീപം പേഴ്സും പണവും കിട്ടാറുണ്ട്‌.ഇങ്ങനെ രണ്ടു ലക്ഷത്തിലധികം യെന്‍ കിട്ടിയ അവസരങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്.ചുരുക്കം ചിലര്‍ മരച്ചുവടുകളില്‍ മരിച്ചിരിക്കുന്നത് കാണാറുണ്ട്.ഇവര്‍ വഴി തെറ്റി അപകടത്തില്‍ പെട്ടവരാകണം.തോണ്ണുരു ശതമാനത്തില്‍ അധികവും തിരിച്ചറിയാന്‍ കഴിയാത്ത വിധം നശിച്ചിരിക്കും."

കഴിഞ്ഞ ഓഗസ്റ്റ്‌ മാസം നടത്തിയ തിരച്ചില്‍ എഴുപത്തിരണ്ടു ശരീരങ്ങളാണ് കണ്ടെടുത്തത്.തിരച്ചില്‍ വനത്തിന്റെ ഒരു കിലോമീറ്റര്‍ ഉള്ളില്‍ മാത്രമാണ്.കൂടുതല്‍ ഉള്ളിലായാല്‍ എണ്ണം ഇനിയും കൂടുമായിരിക്കും.അഒകിഗഹരയിലേക്ക് പോകുന്ന വഴികളില്‍ ഇപ്പോള്‍ ധാരാളം ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.ആത്മഹത്യ വിരുദ്ധ പ്രസ്താവനകളും ചില പൊതു തത്വങ്ങളും എഴുതിയവ. ഈ സ്ഥലത്തെ ശക്തമായ കാന്തിക കേന്ദ്രം കോമ്പസുകളെ വഴിതെറ്റിക്കുന്നതാണ് അപകടകാരണം എന്നാണ് ഒരു നിഗമനം.ചിതറികിടക്കുന്ന അസ്ഥികള്‍ക്കടുത്തു ജി.പി.എസ്. പോലുള്ള അത്യാധുനിക ഉപകരണങ്ങള്‍ കാണാറുള്ളത്‌ കൂടുതല്‍ ദുരൂഹത ഉണ്ടാക്കുന്നു.ഒരു നോവലും സിനുമയും ഇതിനെ അധികരിച്ച് ഉണ്ടായിട്ടുണ്ട്. "കി നോ ഉമി (the sea of trees)" എന്ന ഈ നോവല്‍ മരിച്ച പല ആളുകളും കയ്യില്‍കൊണ്ടു വരാറുണ്ട് പോലും.ഇപ്പോള്‍ എവിടെക്ക് പ്രവേശനം നിയമം മൂലം നിരോധിച്ചിട്ടുണ്ട്.സഹസികരെ എന്നും വെല്ലുവിളിച്ചു അഒകിഗഹര ഒളിഞ്ഞുനില്ക്കുന്നു.

നടന്നു തുടങ്ങിയപ്പോള്‍ തന്നെ നിലാവ് നന്നായി ഉദിച്ചിരുന്നു.പൌര്‍ണമി ദിവസം തന്നെ
കയറാന്‍ തിരഞ്ഞെടുത്തത്‌ വളരെ നന്നായി തോന്നി.പൌര്‍ണമിയില്‍ ഫുജി കൂടുതല്‍ സുന്ദരമാണെന്നു നേരത്തെ കേട്ടിരുന്നു.വളവുകള്‍ തിരിഞ്ഞു ചെല്ലുന്ന ചെമ്മണു പാത ഏറെ കഴിയാതെ തന്നെ രണ്ടായി പിരിയുകയാണ് .മുകളിലേക്കുള്ള മലമ്പാതയില്‍ നിര്‍ദേശങ്ങളും നിബന്ധനകളും എഴുതിവെച്ചിരിക്കുന്ന ബോര്‍ഡുകള്‍.ഭാഗ്യം..ജപ്പനിസിനോപ്പം ഇംഗ്ലിഷിലും എഴുതിയിട്ടുണ്ട്. സാധാരണയായി ഇവിടെ ബോര്‍ഡുകള്‍ എല്ലാം ജപ്പനിസില്‍ മാത്രമാണ് ഉണ്ടാകാറുള്ളത്.കുപ്പികള്‍,പ്ലാസ്ടികുകള്‍ തുടങ്ങി ഒന്നും ഇനി വഴി കളയാന്‍ പാടില്ല(ഈ നിര്‍ദേശങ്ങള്‍ എത്ര ഗൌരവമായി പലിക്കപെടുന്നു എന്നത് നമുക്കു വഴിയില്‍ നോക്കിയാല്‍ മനസിലാവും.ഒരു ചെറിയ പ്ലാസ്റ്റിക് കഷണം പോലും കാണാനാകില്ല).
അല്പം മുകളിലേക്ക് കയറിതുടങ്ങുമ്പോള്‍ തന്നെ സസ്യജാലങ്ങള്‍ ഇല്ലാതാവുന്നു.ഈ പ്രദേശമെല്ലാം മഞ്ഞുമൂടി കിടക്കുന്നതിനലാവണം.അഗ്നിപര്‍വത പ്രവര്‍ത്തനംമൂലം അവസാദ ശില ഖണ്ഡങ്ങള്‍ നിറഞ്ഞ ഭൂമി.ചരല്‍കല്ലുകളില്‍ ബൂട്ട് തെന്നുമ്പോള്‍ ഉണ്ടാകുന്ന താളാത്മക ശബ്ദം ഒഴിച്ചാല്‍ എല്ലാം
നിശബ്ദം.മുകളിലേക്ക് നോക്കിയാല്‍ ആറാം ക്യാമ്പിലെ വെളിച്ചം ഒരു പൊട്ടുപോലെ കാണാം.ചുറ്റും ഒരു മിന്നാമിന്നി കൂട്ടവും.അവിടെ കൂട്ടം കൂടി നില്ക്കുന്ന ആളുകളുടെ ഹെഡ് ലാമ്പുകളുടെ വെളിച്ചമാകണം.വഴിയേപറ്റി നല്ല നിശ്ച്ചയമില്ലെന്കിലും ചുരുങ്ങിയത് ഒന്നര മണിക്കൂര്‍ എങ്കിലും എടുക്കുമായിരിക്കും അവിടെയെത്താന്‍.

ആദ്യത്തെ ഊര്‍ജം എല്ലാവരിലും ഒന്നു കെട്ടടങ്ങിയിട്ടുണ്ട്.കയറാന്‍ തുടങ്ങിയതുമുതല്‍ ആരും ഒന്നും തന്നെ സംസാരിച്ചതായി ഓര്‍ക്കുന്നില്ല.പരമാവധി എനര്‍ജി സേവിങ്ങ്.കാര്‍മേഘങ്ങള്‍ ഇടയ്ക്കിടയ്ക്ക് ചന്ദ്രനെ മറച്ചുകൊണ്ടിരുന്നു .നിഴലിന്റെയും നിലാവിന്റെയും കണ്ണുപൊത്തി കളിനടക്കുന്ന വഴി വളഞ്ഞു തിരിഞ്ഞു കയറുകയാണ്.

ഇപ്പോള്‍ നോക്കിയാല്‍ ജപ്പാനിലെ പല നഗരങ്ങിലെയും വെളിച്ചം കാണാം.ചിലത് ഇടയ്ക്ക് തെളിയുകയും മായുകയും ചെയ്യുന്ന്നുണ്ട് .തൊട്ടടുത്ത്‌ കാണുന്ന നഗരം "യമനാഷി" ആണെന്ന് മലകയറുന്ന ഒരു ജപ്പാന്‍കാരനോട് ചോദിച്ചപ്പോള്‍ മനസിലായി.ഏറെ താമസിയാതെ ഒരു മനോഹര കാഴ്ച അവിടെ കാണാമെന്നു അയാള്‍ പറഞ്ഞതിന്റെ കാര്യം മനസിലായത് അരമണിക്കുരുകല്ക്കു ശേഷമാണ്.മുകളില്‍ നിന്നും വെടികെട്ടുകള്‍ കാണുന്നത് ജീവിതത്തില്‍ അന്നാദ്യമാണ്.വേനല്‍കാല രാത്രികളില്‍ ജപ്പാനില്‍ പലയിടങ്ങളിലും ഇത്തരം കരിമരുന്നു പ്രയോഗങ്ങള്‍ നടത്താറുണ്ട്‌."ഹനാബി" എന്ന് വിളിക്കുന്ന ഇത്തരം പരിപാടികള്‍ ഒരുമണികൂറില്ലധികം ഉണ്ടാവറില്ലെങ്ങിലും അത് ഒരു വര്‍ണവിരജിതമായ ഒരാകാശം തന്നെ സൃഷ്ടിക്കുന്നു.പൂക്കളും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും വരെ കരിമരുന്നു കൊണ്ടു വരക്കാറുണ്ട്.നമ്മുടെ പൂരങ്ങളെ പോലെ ഗര്‍ഭം കലക്കികളും,കുഴിബോംബും ഗുണ്ടും ഒന്നുമിലതതിനാല്‍ തലപെരുക്കുന്ന ശബ്ദം ഇല്ല ..ഭീതിപെടുതുന്ന അപകടങ്ങളും.കാഴ്ചയുടെ വര്‍ണ വിസ്മയം മാത്രം.ടോക്യോയില്‍ എവിടെയോ "ഹനാബി " തകര്‍ക്കുകയാണ്.

ചെറിയ പടവുകള്‍ നിര്‍മിച്ചിരിക്കുന്ന വഴി അവസാനിക്കുന്നത്‌ ഒരു ചെറിയ കൊണ്ക്രീട്ട് തുരങ്കത്തിലാണ്. "Heavy Rock fall area .Use the tunnel " എന്ന് എഴുതിയ വാണിങ്ങ് ബോര്‍ഡ് മുന്നില്‍ കണ്ടു.ശീലം കൊണ്ടു ബോര്‍ഡ് കണ്ടപ്പോള്‍ പുറത്തുകൂടി നടക്കാന്‍ തോന്നി എങ്കിലും വീണു കിടക്കുന്ന ചില കല്ലുകള്‍ കണ്ടപ്പോള്‍ ഓടി തുരങ്കത്തില്‍ കയറി.പ്രകമ്പന സാധ്യത വളരെ അധികം കൂടിയ സ്ഥലങ്ങളാണ് ഫുജിയുടെ ചുറ്റിലും.എല്ലാ ദിവസങ്ങളിലും ഒന്നിലധികം ചെറുചലങ്ങള്‍ ഈ പ്രദേശത്ത് ഉണ്ടാകുന്നുണ്ട്.സസ്യജാലങ്ങള്‍ ഇല്ലാത്ത ചരല്കൂമ്പരത്തിലൂടെ ഉരുണ്ട് വരുന്ന കല്ലുകള്‍ സൃഷ്ടിക്കുന്ന ഭീതി ഊഹിക്കവുന്നത്തെ ഉള്ളു.ഇങ്ങനെ മുമ്പ്‌ അപകടം നടന്ന സ്ഥലങ്ങളിലാണ്‌ ഇപ്പോള്‍ തുരങ്കങ്ങള്‍ പണിതിരിക്കുന്നത്. തുരങ്കത്തിന് പുറത്തുള്ള പാറയില്‍ രണ്ടു പേര്‍ ..നിലവില്‍ നേരിയ വെളിച്ചത്തില്‍ അവരെ കാണാം.ഇരുപതു -ഇരുപത്തിരണ്ടു വയസ് തോന്നിക്കുന്ന രണ്ടു സ്ത്രീകളും അജാനബാഹുവായ ഒരു പുരുഷനും.സ്ത്രീകള്‍ തളര്‍ന്നു അവശരാണ്.ഒരു സ്ത്രീ മസില്‍ പെയിന്‍ മൂലം ഇടയ്ക്ക് ചെറുതായി ഞരങ്ങുന്നുണ്ട്.കൈവശം ഉള്ള മരുന്നുകള്‍ പ്രയോഗിക്കുകയാണ് മറ്റു രണ്ടുപേരും.ടോര്‍ച്ചു വെളിച്ചം അവര്ക്കു നേരെ തിരിച്ചു സഹായവാഗ്ദാനം നടത്തിയത് ഷിനോദ് ആണ്.ഫ്രഞ്ച് ചുവയുള്ള ഇംഗ്ലീഷില്‍ ആവര് നന്ദി പറഞ്ഞു.ഫ്രാന്‍സിലെ യുനിവേഴസിടി സ്റുടെന്റ്സ് ആണ്.ലോകം ചുറ്റല്‍ കോഴ്സിന്റെ ഭാഗം ആണെന്ന് കേട്ടപ്പോള്‍ ആശ്ചര്യം തോന്നി.ഇന്ത്യ അടക്കം പത്തില്‍ അധികം രാജ്യങ്ങള്‍ അവര്‍ ഇതിനകം സന്ദര്‍ശിച്ചു കഴിഞ്ഞു ..ഭാഗ്യമുള്ളവര്‍. 2400 അടി ആയിട്ടെ ഉള്ളു.മുകളിലേക്ക് കയറാനുള്ള ശ്രമം അവര്‍ ഉപേക്ഷിച്ചു കഴിഞ്ഞിരിക്കുന്നു.തിരിച്ചു താഴേക്ക്‌ ചെന്നാല്‍ താങ്ങാനുള്ള സൗകര്യം ഉണ്ടാകുമോ എന്നതാണ് ഇപ്പോളത്തെ അവരുടെ ആശങ്ക.


ചിലപ്പോള്‍ ഇനി ജീവിതത്തില്‍ ഒരിക്കലും കണ്ടുമുട്ട്ടനിടയില്ലാത്ത ആളുകള്‍.ഇവിടെ
കാണുന്ന എല്ലാവരും അങ്ങനെ തന്നെ ആണല്ലോ.നൈമിഷികമായ ബന്ധങ്ങള്‍.ചിലപ്പോല്‍ ഒരു ചിരി കൂടിപോയാല്‍ ഒരു "ഹെലോ" അല്ലെങ്കില്‍ "കൊന്നിച്ചിവ" (ജാപ്പനീസ്‌ വിഷിംഗ്) പക്ഷെ അതില്‍ പോലും എന്തോ ഒരു സന്തോഷം ഉള്ളത് പോലെ. അവരോടു "ഗുഡ് ബയീ" പറഞ്ഞു മുന്നോട്ടു നീങ്ങിതുടങി..മേഘങ്ങള്‍ നിലവില്‍ നിഴല്‍ വീഴ്ത്തിയ വഴികളിലുടെ വീണ്ടും കയറ്റം. അകലെ എവിടെ നിന്നോ ഒരു നീണ്ട വിളി.
"ഗമ്ബരേഏഏഏഎ " ( ഡു യുവര്‍ ലെവല്‍ ബെസ്റ്റ് ).
താളാത്മകമായ മറുപടി.
"ഹായ്ഈഈഇ ..ഗംബാതെ (യെസ് വീ ആര്‍")
മുകളിലേക്ക് കയറുന്ന ഏതോ ജാപ്പനീസ് സംഘമാണ്..സൂക്ഷിച്ചു നോക്കിയാല്‍ ദൂരെ അവരുടെ ഹെഡ് ലാമ്പിന്റെ വെളിച്ചങ്ങള്‍ നീങ്ങുന്നത്‌ കാണാം..തളര്‍ന്നു നീങ്ങുന്ന സംഘത്തെ ഉദീപിപ്പിക്കുന്ന ശബ്ദം ..ആരാണ്
..അരുടെതുമാകം .

ഇങ്ങനെ മിണ്ടാതെ ആവശ്യം ഉള്ളതും ഇല്ലാത്തതും ആലോചിച്ചു കയറുന്നതിനാലവം ക്ഷീണം പെട്ടന്നറിയുന്നില്ല...തിരിഞ്ഞു നോക്കുമ്പോള്‍ സന്തോഷം ..കുറെ ഏറെ കയറി കഴിഞ്ഞു .ഉയരം കൂടുന്നത് കാലുകളെക്കാള്‍ പെട്ടന്നറിഞ്ഞത് ചെവികളാണ്..മര്‍ദം കുറഞ്ഞതിനാലാവണം എല്ലാവര്ക്കും ചെവിവേദന അനുഭവപെട്ട് തുടങ്ങിയിരുന്നു.വേദന കൂടിയപ്പോള്‍ ചെവിനന്നായി മൂടികെട്ടി... ചിലര്‍ പഞ്ഞി വെച്ചു. ഏഴാമത്തെ സ്റ്റേഷനില്‍ എത്തിയപ്പോള്‍ തണുപ്പിനു ശക്തി കൂടി..ഇടക്കിടെ പൊടിക്കാറ്റ് ശക്തിയായി
വീശുന്നുണ്ട്..കാറ്റടിക്കാന്‍ തുടങ്ങിയാല്‍ പിന്നെ കണ്ണടച്ച് മൂക്ക് പൊത്തി കാറ്റിന് പ്രതിമുഖമായി
നില്ക്കുകയാണ് പോംവഴി.കാറ്റടിച്ചുകഴിഞ്ഞാല്‍ പിന്നെ ഒരു മിനിട്ട് നേരത്തേക്കെങ്കിലും കണ്ണ്
തുറക്കതിരിക്കുന്നതാണ് ബുദ്ധി.ഇതു മനസില്ലാക്കി വരുമ്പോഴേക്കും കണ്ണുകള്‍ കടും ചുവപ്പായി കഴിഞ്ഞിരുന്നു .കണ്ണില്‍ മണ്ണ് വരിയിട്ട പോലുള്ള അവസ്ഥ.ഗന്ധകം അടങ്ങിയ ഈ പൊടി ശ്വസിക്കുന്നതും കണ്ണില്‍ പോകുന്നതും നല്ലതല്ലെന്ന് മുന്‍പേ കേട്ടിട്ടുണ്ട്.മുന്നോട്ടു പോകും തോറും കാറ്റും തണുപ്പും കൂടുകയാണ്. ഓരോ മൂന്നു മിനിറ്റിലും കാറ്റു അടിക്കുന്നുണ്ട്.പുറം തിരിഞ്ഞുനില്‍ക്കുമ്പോള്‍ മഴപെയ്യുന്ന രീതിയിലുള്ള ശബ്ദം കേള്‍ക്കാം.കാറ്റില്‍ മണല്‍ തരികള്‍ ജാക്കറ്റില്‍ വീഴുന്നതാണ്. അരമണിക്കൂറിനു ശേഷം കാറ്റു ഒന്നു അടങ്ങിയപ്പോളാണ് ശരിക്കും മുന്നോട്ടു പോകാന്‍ കഴിയുന്നത്‌.അരുണിന്റെ കയ്യിലെ തെര്മൊമീടെര്‍ ശരിയാണെങ്കില്‍ ഇപ്പോള്‍ രണ്ടു ഡിഗ്രി ആണ് തണുപ്പ്.

ടീമില്‍ വണ്ണം കൂടിയ ആളുകളാണ് ബുദ്ധിമുട്ടുന്നത്. 90 കിലോക്ക് മുകളില്‍ ഭാരമുള്ളവരാണു ഞാനും അരുണും.ഭാരം കുറവാണെങ്കിലും ഏറ്റവും കൂടുതല്‍ ബുധിമുട്ടെണ്ടിവന്നത് ഹരിപ്പാടുകാരന്‍ അരുണിനാണ്..ശ്വസിക്കാന്‍ നന്നായി ബുദ്ധിമുട്ടുന്നതിനാല്‍ ഏഴാം സ്റ്റേഷന്‍ മുതല്‍ ഓക്സിജന്‍ സിലണ്ടാര്‍ ഉപയോഗിക്കുന്നത് കാണാമായിരുന്നു. "സിഗരട്ട് വലിയും ബിയര്‍ അടിയും ശാരീരികശേഷി എത്രമാത്രം നശിപ്പിച്ചു " എന്ന് പലര്ക്കും ബോധ്യം വന്നു. ഓരോ പത്തു ചുവടിലും നിന്നും ഇരുന്നും വിശ്രമിച്ചാണ്
നീങ്ങുന്നത്‌.

എനര്‍ജി സപ്പ്ലിമെന്റുകള്‍ വളരെ പെട്ടന്നാണ് തീര്‍ന്നു കൊണ്ടിരിക്കുന്നത്.ഇനി
ചോക്ലേറ്റുകളും ഉണങ്ങിയ പഴങ്ങളുമാണ് ബാക്കി ഉള്ളത്.തുടങ്ങിയതിന്റെ പത്തിലൊന്ന് സ്പീഡ് പോലും ഇപ്പോള്‍ ഇല്ല.കാലുകള്‍ക്കു കനം കൂടിയതുപോലെ.പലപ്പോഴും ശ്വാസം കഴിക്കാന്‍ നന്നേ ബുദ്ധിമുട്ടുന്നു..തണുപ്പു കൂടിയിട്ടാവം വിരലുകളില്‍ വല്ലാത്ത ചൊറിച്ചില്‍.പോകും തോറും അരുണിന്റെ അവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണ്.കൂടെ ഉള്ളവര്‍ മിക്കവാറും എട്ടാം സ്റ്റേഷന്‍ എത്തി കഴിഞ്ഞു.തീരെ തളര്‍ന്നു കഴിഞ്ഞ അരുണ്‍ യാത്ര അവിടെ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.
അവിടെ ഒരു ചെറിയ കടയുണ്ടാക്കിയിട്ടുണ്ട്.അവിടെ വിശ്രമിക്കാനും കിടക്കാനും മറ്റും സൗകര്യമുണ്ട്.വാതില്‍ക്കല്‍ നിന്ന സുന്ദരിയായ പെണ്കുട്ടി അഭിവാദനം ചെയ്തു

"റൂം റെന്റ് എത്രയാണ് "

ആ ചോദ്യം അവള്‍ പ്രതീക്ഷിച്ചിരുന്നതാണ് എന്ന് തോന്നുന്നു.

" വളരെ കുറവാണു സര്‍,5000 യെന്‍ മാത്രമെ ഉള്ളു"

വളരെ കുറവാണെന്നു പറഞ്ഞതിന്റെ ഉദ്ദേശം എന്തെന്നറിയാന്‍ ചോദ്യഭാവത്തില്‍ അവളെ നോക്കി.. നോ റെസ്പോണ്സ് .

"കുടിക്കാന്‍ ചൂടുള്ള ചായ എടുക്കട്ടെ സര്‍ "
ചായയുടെ വില എഴുതി വെച്ചിരിക്കുന്നത്‌ രാജേഷാണ് ആണ് കാട്ടി തന്നത്..400 യെന്‍ .സാധാരണ വിലയുടെ പത്തിരട്ടിയിലധികം.പക്ഷെ വേറെ നിവൃത്തിയില്ല.

"ആറെണ്ണം എടുക്കു ".

സുന്ദരമായ പുഞ്ചിരിയോടെ അവള്‍ അകത്തേക്ക് പോയി.പുറത്തു പാറകല്ലുകളില് ഇരുന്നു മുകളിലേക്ക്
നോക്കി.മുകളില്‍ രണ്ടിടത്തായി വെളിച്ചങ്ങള്‍ കാണാം.മുന്പേ പോയവരുടെ ഹെഡ് ലൈറ്റുകള്‍ ആവണം.ഒരു മരം നിറയെ മിന്നമിന്നികള്‍ കത്തുന്നത് പോലെ ..ഒരു വലിയ കൂട്ടം ലൈറ്റുകള്‍. ആ കാണുന്നത് ഒന്‍പതാം സ്റ്റേഷനും മുകളിലേതു ക്രെറ്ററും ആകണം..അങ്ങനെയാണെങ്കില്‍ ഇനി ഏറിയാല്‍ രണ്ടു മണിക്കൂര്‍ കൂടി കയറിയാല്‍ അവിടെ എത്താം.സൂര്യോദയം 4.35 നു ആണ് ഒരു വിശ്രമത്തിന് സമയം ഉണ്ട്.സമയം 1.30pm കഴിഞ്ഞിരിക്കുന്നു.നിലവില്‍ മഞ്ഞില്‍ കുളിച്ച താഴവരകളുടെ ദൃശ്യം അതിമനോഹരം.

"സര്‍ ഇതാ ചായ"
പറയുന്ന ചൂടില്ലെന്കിലും ചായ പെട്ടന്ന് റെഡി ആയി.

"റൂം വേണോ സര്‍"
"ഒരു റൂം മതി"
അവളുടെ മുഖത് ഒരു ചെറിയ നിരാശ.എല്ലാവരും അവിടെ തങ്ങുമെന്ന് പ്രതീക്ഷിച്ച പോലെ.ചായ കപ്പ്‌ തിരികെ വാങ്ങാനായി അവള്‍ അടുത്തുതന്നെ നില്ക്കുകയാണ്.

"നിങ്ങള്‍ ഏത് രാജ്യക്കാരാണ് സര്‍"
"ഇന്ത്യ"
"വോവ് .. ഇന്ത്യ....ഞാന്‍ ഒരുപാടു കേട്ടിട്ടുണ്ട്"

എന്താണ് അവള്‍ കേട്ടിട്ടുള്ളത് എന്ന് ചോദിച്ചില്ല.അധികം ലോകപരിച്ചയമിലാത്ത ചിലര്‍ക്ക് ഇന്ത്യയെ പറ്റി
വികലമായ കഴ്ചപാടാണ്.അവര്‍ക്കിപ്പോലും ഇന്ത്യ എന്നാല്‍ പാമ്പാട്ടികളുടെയും ചാണകം പുരട്ടിയ തറയില്‍ കിടക്കുന്നവരുടേയും ദേവ പ്രീതിക്കായി ശരീരത്തില്‍ കമ്പികള്‍ കുത്തിയിറക്കുനവരുടെയും രാജ്യമാണ്.കുറ്റം പറഞ്ഞിട്ട് കാര്യമില്ല .ആര്‍ട്ട് പടങ്ങള്‍ എന്ന് പറഞ്ഞിറങ്ങുന്ന ചില ഇന്ത്യന്‍ സിനിമകള്‍ കണ്ടാല്‍ നമുക്കു പോലും അങ്ങനെ തോന്നിപോകും.

"എന്താ നിന്‍റെ പേര്"
അറിയാന്‍ വലിയ താത്പര്യം ഇല്ലെങ്കിലും ചോദിച്ചു

"എചിഗോ അസാമി .. കൊള്ളാമോ? "
അത്ര കൊള്ളാവുന്ന പേരായിട്ട് തോന്നിയില്ലെന്കിലും തലയാട്ടി

"അസമിക്ക് ഇംഗ്ലീഷ് അറിയാമോ ?"

"എനിക്കറിയാം" എന്ന് ഇംഗ്ലീഷില്‍ അവള്‍ പറയാന്‍ ഒരുപാടു പാടു പെട്ടു.യുനിവേര്സിടിയില്‍ അവള്‍
ഇംഗ്ലീഷ് പഠിക്കുന്നുണ്ടത്രേ.

"അസാമി ഇതിന്റെ മുകളില്‍ പോയിട്ടുണ്ടോ"

"ഉണ്ട് രണ്ടോ- മൂന്നോ തവണ"

അതില്‍ അവള്‍ക്കു വലിയ തല്പര്യമില്ലതതുപോലെ

"മുകളില്‍ നിന്നും ഉദയം കാണാന്‍ ഭംഗി ആണ് എന്ന് പറയുന്നതു കേട്ടു.. കണ്ടിട്ടുണ്ടോ"
"ഇല്ല സര്‍ മുകളിലില്‍ നിന്നും ഞാന്‍ കണ്ടിട്ടില്ല..പക്ഷെ സൂര്യന്‍ എല്ലായിടത്തും ഉദിക്കുന്നത്
ഒരുപോലെയല്ലേ?"
നിസംഗത നിറഞ്ഞ ഒരു ആത്മഗതം ..
ഒരു കണക്കിന് അവള്‍ പറയുന്നതും ശരിയണ്.ഉദയം എല്ലായിടത്തുമുണ്ട്.പക്ഷെ ഇവിടെ നമ്മള്‍ എന്തോ പ്രത്യേകതയോടെ അതിനെ കാണുന്നു.ചിലപ്പോള്‍ മനസിന്‍റെ ഒരു തോന്നലായിരിക്കാം.പക്ഷെ അതിനു വേണ്ടി ഇത്രയും ആളുകള്‍ ഈ മലകയറി വരുമോ?ആവോ അറിയില്ല.

"ആ കാണുന്നതായിരിക്കും ക്രെട്ടര് അല്ലെ "
മുകളിലേക്ക് ചൂണ്ടി അവളോട്‌ ചോദിച്ചു.

"അല്ല അത് തണുപ്പ് കൂടിയത് കാരണം മുകളിലേക്ക് കയറാന്‍ കഴിയാതെ നില്‍ക്കുന്നവരുടെ
ഹെഡ് ലാമ്പിന്‍റെ വെളിച്ചമായിരിക്കാം."

"ഓഹോ അപ്പോള്‍ മുകളിലേക്ക് ഇനിയും ഒരുപാടു ദൂരം ഉണ്ടോ "
ഒന്നും മിണ്ടാതെ ആസാമി വിരല്‍ ചൂണ്ടി .

"4 hours to the top .Now you are at 3250m".
വലുതായി എഴുതി വെച്ചിരിക്കുന്നു.പക്ഷെ കണ്ടില്ല .ഇനിയും മുകളിലേക്ക് നാലു മണിക്കൂറുകള്‍
കയറണം.ഇപ്പോള്‍ സമയം ഒന്നര മണി കഴിഞ്ഞിരിക്കുന്നു.ഇപ്പോള്‍ കയറാന്‍ തുടങ്ങിയാല്‍ പോലും ഉദയത്തിനു മുന്‍പ് എത്താന്‍ കഴിയില്ല.കാലാവസ്ഥ പ്രതികൂലമായാല്‍ പിന്നെയും വൈകും.അരുണിനെ അവിടെയാക്കി പുറപ്പെടാന്‍ തുടങ്ങിയപ്പോള്‍ ഒന്നേ മുക്കാല്‍ കഴിഞ്ഞിരുന്നു.

കിഴക്ക് വെള്ള കീറിയപ്പോള്‍ ക്രെട്ടര് കാണാന്‍ കഴിയുന്ന ദൂരത്തിലെത്തി കഴിഞ്ഞിരുന്നു.ഭാഗ്യത്തിന് എട്ടാം സ്റ്റേഷന് ശേഷം ശക്തമായ കാറ്റുണ്ടായില്ല.തണുപ്പും ശ്വാസ തടസവും ഇടയ്ക്കിടയ്ക്ക് വന്നെങ്കിലും എങ്ങും തങ്ങേണ്ടി വന്നില്ല.ഇപ്പോള്‍ തണുപ്പ് ഒരു ഡിഗ്രി ആണ്.മുക്കില്‍ നിന്നും വെള്ളം വരുന്നതു നിയന്ത്രിക്കാന്‍ കഴിയാത്തത് പോലെ.ഇനിയും ഉദയത്തിനു അധികമില്ല.കാണാന്‍ പറ്റുന്നുണ്ടെങ്കിലും ഒരു മണിക്കൂര്‍ കൂടി കയറിയാലേ മുകളില്‍ എത്തു.ഉദയം കണ്ടിട്ടു ഇനി യാത്രതുടരാം എന്ന് തീരുമാന്നിക്കുകയയിരുന്നു.

മഞ്ഞിന്‍റെ കനത്ത മൂടുപടത്തിലൂടെ ചുവന്നു സുന്ദരമായ സൂര്യന്‍ .പല ടീമുകളും ഉദയം
കാണാന്‍ വഴിയില്‍ തങ്ങിയിട്ടുണ്ട് എന്ന് തോന്നുന്നു.സൂര്യന്‍ തെളിഞ്ഞു വന്നപ്പോള്‍ അവിടവിടങ്ങളില്‍
നിന്നും ആരവങ്ങള്‍ കേള്‍ക്കാമായിരുന്നു.ഫോട്ടോകള്‍ വിചാരിച്ചമാതിരി എടുക്കാന്‍ കഴിയുന്നില്ല.ക്യാമറ
ക്ലിക്ക് ചെയ്യാന്‍ പോലും തണുപ്പ് കാരണം മിക്കവര്‍ക്കും മടി.

വീണ്ടും കയറ്റം..ആറരയോടെ മുകളില്‍ എത്തി.ജിഷാദ് ആണ് കൂട്ടത്തില്‍ ആദ്യം
മുകളില്‍ എത്തിയത് പിന്നാലെ ജുനെയ്ധും.ഇപ്പോള്‍ നില്ക്കുന്നത് ജപ്പാനിലെ ഏറ്റവും ഉയരം കൂടിയ പോയിന്റില്‍ ആണ്.നാട്ടി നിര്‍ത്തിയ കല്‍സ്തംഭത്തില്‍ 3750 മീറ്റര്‍ അടയാളപെടുതിയിരിക്കുന്നു. മനസിനും അതിലേറെ ശരീരത്തിനും കുളിര്‍മ.ഒരു കാറ്റടിച്ചു മഞ്ഞു മാറിയപ്പോള്‍ അങ്ങിങ്ങായി പര്‍വതങ്ങളും താഴ്വരകളും തെളിഞ്ഞു വന്നു.നിമിഷങ്ങള്‍ക്കുള്ളില്‍ ആ സുന്ദര ദൃശ്യങ്ങള്‍ വീണ്ടും മറഞ്ഞു.നൂറുവാര അകലെ പോലും കാണാന്‍ പറ്റാത്ത രീതിയില്‍ മഞ്ഞു മൂടി കഴിഞ്ഞിരുന്നു.



നൂറ്റാണ്ടുകള്‍ക്കു മുമ്പുണ്ടായ പൊട്ടിത്തെറിയുടെ ബാക്കിപത്രം ഒരു വലിയ കുഴിമാത്രം.രണ്ടു
മിനിട്ടിലധികം മുകളില്‍ നില്ക്കാന്‍ കഴിഞ്ഞില്ല തണുപ്പാണ് പ്രധാന കാരണം.കുറഞ്ഞ മര്‍ദം കാരണം തലവേദനയും കാഴ്ച മറച്ചു മഞ്ഞും.മുകളില്‍ എത്തുന്ന ചിലര്‍ ഇത്തരം സമയങ്ങളില്‍ മായകാഴ്ചകള്‍ കാണാറുണ്ട്.ഓടുന്ന മാനിനേയും മരം കയറുന്ന കരടികലെയുമൊക്കെ കണ്ടതായി ചിലരുടെ അനുഭവങ്ങളില്‍ വായിച്ചിട്ടുണ്ട്.കന്ചാവു വലിക്കാതെ കിട്ടുന്ന ഹലോസിനെഷന്‍ ചിലപ്പോള്‍ രസകരമായ അവസ്ഥയയിരിക്കാം.

ഒന്നരക്ക് ബേസ് സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്ന ബസ്സ് ..വഴിയില്‍ കാത്തിരിക്കുന്ന അരുണ്‍....ഒരു രാത്രി മുഴുവന്‍ കയറിയ ദൂരം..ചരല്‍ നിറഞ്ഞ ചെരുവിലൂടെ മുഖത്തെ മഞ്ഞുത്തുള്ളികള്‍ തുടച്ചു മാറ്റി.. ഇനി താഴെക്കിറക്കം.ക്ഷീണിച്ച മുഖങ്ങളിലും സന്തോഷവും സംതൃപ്തിയും ഉണ്ട്.സൂര്യോദയം എല്ലായിടത്തും ഒരുപോലെ ആണോ? അല്ല ഒരിക്കലും ആയിരിക്കില്ല.ഇന്നു കണ്ട ഉദയത്തിനു പ്രത്യേകതകള്‍ ഏറെ ഉണ്ട്..തീര്‍ച്ചയായും.

വഴിയില്‍ എവിടെനിന്നോ നീണ്ട വിളികള്‍ കേള്‍ക്കാം...അവ അകന്നകന്നു അലിഞ്ഞു പോകുന്നു
"ഗമ്ബരേഏഏഏഎ.... "

21 comments:

  1. കൊള്ളാം നന്നായിട്ടുണ്ടു....
    മുന്‍പ് ഫ്യുജി കയറിയ അനുഭവം ഉള്ളതുകൊണ്ടും അന്ന് മുഴുവനും കയറാന്‍ കഴിയത്തതിലുള്ള നഷ്ടബോധം ഉള്ളതുകൊണ്ടും വളരെ ഹൃദ്യമായി വായിച്ചു... :)

    ReplyDelete
  2. തുടാകം തന്നെ മല കയറി ആണല്ലേ, കൊള്ളാം.
    രന്ഗനു കൂട്ടായി ഞാനുമുണ്ട്‌,

    ReplyDelete
  3. Superb narration, man!! Feels as if I were following u all the way up :). Towards the end, it seemed, u were in a hurry to wrap it up, though.
    Keep writing.

    ReplyDelete
  4. soja good writing....fuji kayariya pole aayi....

    ReplyDelete
  5. കൊള്ളാം.. നല്ല വിവരണം...
    ആശംസകള്‍....

    ReplyDelete
  6. വളരെ നന്നായിട്ടുന്‍ണ്ടു സോജ.എനിക്കും കയറാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും, ആരോഗ്യം മോശമായിരുന്നതുകൊണ്ടു പറ്റിയില്ല.ഏതായാലും ആ വിഷമം കുറച് തീര്‍ന്നു.

    ReplyDelete
  7. വലരെ നന്നായിട്ടുന്ട്ടു കെട്ടൊ സരെ കുരചു കഷ്റ്റപ്പെട്ടു എന്നു തൊന്നുന്നു ഇതൊന്ദാക്കുവാ‍ന്ന് അല്ലെ. ക്കൊള്ളാം

    ReplyDelete
  8. brahmaa... ninte ullil oru saahithyakaran urangy kidpundalle ??? good narration....

    ReplyDelete
  9. Great narration man. I enjoyed it as if I am reading an S K Pottakkad travelogue...

    ReplyDelete
  10. വളരെ സാഹസികമായ ഈ മലകയറ്റം പൂര്‍ത്തിയാക്കിയതിന് അഭിനന്ദനങ്ങള്‍. ചെറിയ അസൂയയുമുണ്ട്, എനിക്ക് പോവാന്‍ പറ്റില്ലല്ലോന്നോര്‍ത്ത്...
    :-)

    ReplyDelete
  11. നന്നായിരിക്കുന്നു ആത്മാര്‍ത്ഥമായ ആശംസകള്‍

    ReplyDelete
  12. awesome da alia...
    u really have got a way with words...quite mystical...

    ReplyDelete
  13. ഒറ്റയടിക്ക് ചവിട്ടി പോയ കല്ലുകളുടെ എണ്ണത്തെ കുറിച്ച് പറയാതെ അസാമിയെ പോലുള്ള കഥാപാത്രങ്ങളെ ഉള്‍ കൊള്ളിച്ച് പറഞ്ഞതിനാല്‍ നല്ല വായനാ സുഖം ഉണ്ടായിരുന്നു

    ReplyDelete
  14. സോജാ,
    നല്ല സ്റ്റൈലന്‍ അവതരണം... ഫോട്ടോയുടെ കുറവ് ഫീല്‍ചെയ്യാത്ത രീതിയില്‍, നന്നാ‍യി വിവരിച്ചു..

    ഇവിടെ ആഴ്ചക്കാഴ്ചക്ക് മലകയറി ശീലിച്ചിട്ട് ജപ്പാനില്‍ പോയി അടങ്ങിയിരിക്കാന്‍ പറ്റിയില്ല അല്ല്ലേ? :)

    ReplyDelete
  15. സോജാ....
    അങ്ങനെ ഞാൻ മൌണ്ട് ഫ്യുജിയിലും എത്തപ്പെട്ടു.
    കൊണ്ടുപോയതിനു നന്ദി.

    ReplyDelete
  16. നന്നായിരിക്കുന്നു കുറച്ചു കൂടി ചിത്രങ്ങൾ ഉൾപെടുത്താമായിരുന്നു

    ReplyDelete
  17. Wonderful, man...ur so lucky !!!!

    ReplyDelete
  18. മനോഹരമായ വിവരണം സോജന്‍ ...ശരിക്കും നേരില്‍ കണ്ട ഫീലിംഗ്

    ReplyDelete
  19. കലക്കന്‍,മനോഹരം...ശെരിക്കും കൂടെ വന്ന ഒരു ഫീലിങ്ങ്.
    പിന്നെ വിദേശികള്‍ക്ക് ഇന്ത്യക്കാരെക്കുറിച്ചുള്ള അഭിപ്രായത്തെക്കുറിച്ച് പറഞ്ഞത് വളരെ ശെരിയാണ്.അതിന്റെ കാരണങ്ങള്‍ പലതാണ്,അതില്‍ ഒന്ന് ഇവിടെ നിര്‍മിക്കുന്ന വിദേശ സിനിമ തന്നെയാണ്.പിന്നെ ഏതൊരു വിദേശിയും വന്നിറങ്ങുന്ന ഇന്ത്യന്‍ എയര്‍പോര്‍ട്ടുകള്‍ ശ്രെദ്ധിച്ചിട്ടുണ്ടോ.മുംബയ് എയര്‍പോര്‍ട്ടില്‍ ഒരിക്കല്‍ ഫ്ലൈറ്റ് ഇറങ്ങുന്ന വിദേശിക്ക് ചെന്നിറങ്ങുമ്പോള്‍ കാണുന്ന കിലോമീറ്റര്‍ ദൂരമുള്ള ചേരിയുടെ ചിത്രം മാത്രം മതിയാകും ഇന്ത്യയെകുറിച്ച് വികലമായ അഭിപ്രായങ്ങള്‍ മിനഞ്ഞെടുക്കാന്‍.

    ReplyDelete