Sunday, June 21, 2009

മംഗളാദേവിയിലേക്ക്



"ഇവ്വിടതിളിര്ന്തു താന്‍ കണ്ണകി കോവിലനാല്‍ വിന്നുലകുക്ക് പൂന്തെരില്‍ അനയാത്തത്
കണ്ണകിയുടെ സ്വര്‍ഗാരോഹണം വിവരിക്കുകയാണ് കോണ്‍സ്റ്റബിള്‍ വേലുസ്വാമി.സ്ഥലം കേരള -തമ്ഴ്നാട് അതിര്‍ത്തിയിലെ പെരിയാര്‍ കടുവ സങ്കേതത്തിലെ മംഗളാദേവി ക്ഷേത്രം.ഇന്ന് ചിത്ര പൌര്‍ണമി .ആണ്ടില്‍ ഒരിക്കല്‍ ചിത്രാപൌര്‍ണമി ദിവസം മാത്രമാണ് ഇവിടേയ്ക്ക് പ്രവേശനമുള്ളത്.എവിടെയും കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള ഭക്തരുടെയും,പോലീസ്,റവന്യു,വനം വകുപ്പ് ഓഫീസിര്മാരുടെയും തിരക്ക്.

സമുദ്രനിരപ്പില്‍ നിന്നും 4380 അടി ഉയരത്തില്‍ പെരിയാര്‍ വന്യജീവി സങ്കേതത്തിലെ മംഗളാദേവി മലയുടെ മുകളിലാണ് ചരിത്രപ്രസിദ്ധമായ ഈ തര്‍ക്കഭൂമി.ഇളന്കൊവന്റെ ചിലപ്പതികാര നായിക കണ്ണകിയാണ് ഇവിടെ മംഗളദേവിയെന്ന നാമത്തില്‍ കുടികൊള്ളുന്നത്.പെരിയാര്‍ വനാന്തര്‍ ഭാഗത്തെ മലമുകളിലെ പച്ചപ്പിന്റെ ശീതളഛായയില്‍ മുങ്ങികിടന്ന ഈ ക്ഷേത്രത്തിന്റെ ആധുനിക ചരിത്രവും വാര്‍ത്താപ്രാധാന്യവും തുടങ്ങുന്നത് 30 കളിലെ കേരളവിഭജനതോടെയാണ്.സര്‍ സി.പി യുടെ സ്വതന്ത്ര
തിരുവിതാംകൂര്‍ രൂപികരണത്തില്‍ കിഴക്കന്‍മലകള്‍ പങ്കിടുന്നത്തിലെ പകപ്പിഴകളാണത്രെ ഇന്നത്തെ തര്‍ക്കത്തിന് നിദാനം."മഴപെയ്യുമ്പോള്‍ വെള്ളം പടിഞ്ഞാറോട്ട് ഒഴുകുന്ന സ്ഥലങ്ങള്‍ കേരളത്തിനും കിഴക്കോട്ടു ഒഴുകുന്നവ തമിഴ്‌നാടിനും" ഇതായിരുന്നത്രേ അതിര്‍ത്തി വനങ്ങളും മലകളും പങ്കിടുന്നതിനുള്ള നിയമം.ഇതിന്റെ ഫലമായാണ്‌ മംഗളാദേവി അമ്പലം കേരളത്തിലും അനുബന്ധ പ്രദേശങ്ങള്‍ തമിഴനാട്ടിലും ആയതു.50 വര്ഷം മുന്‍പ് ക്ഷേത്രം വിട്ടു കിട്ടണമെന്ന തമിഴനാടിന്റെ ആവശ്യം തുടങ്ങിയ കാലം മുതലാണ് ഇവിടെ സന്ദരശകര്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് .
കുമളിയില്‍ നിന്നും 12 കി.മി. കാട്ടുപാതയിലൂടെ ജീപ്പില്‍ സന്ച്ചരിച്ചലാണ് മംഗളാദേവി മലയിലെത്തുക.ഫോര്‍ വീല്‍ ഡ്രൈവ് ഉള്ള ജീപ്പുകള്‍ക്ക് മാത്രം പോകാന്‍ കഴിയുന്ന മണ്പാതയില് പലയിടത്തും മഴപെയ്തു ചെളി നിറഞ്ഞ് കിടക്കുന്നതിനാല്‍ ജീപ്പ് പലപ്പോഴും വഴുതി വഴുതി അകെ മൊത്തം ഒരു മഡ് റേസ് ഇഫക്ട്.ഉച്ചയോടെയാണ് കുമിളിയില്‍ നിന്നും തിരിച്ചത്.വഴി നീളെ കേരളത്തിന്റെയും തമിഴ്നാടിന്റെയും വിവിധ വകുപ്പുകളുടെ താല്‍കാലിക ചെക്ക്‌ പോസ്റ്റുകളിലും,മെറ്റല്‍് ഡിറ്റെക്ടര്
,ദേഹപരിശോധന തുടങ്ങിയവയ്ക്കായി ജീപ്പില്‍ നിന്നിറങ്ങി നടക്കണം.പ്ലാസ്റ്റിക്‌ പൂര്‍ണമായും നിരോധിച്ചിരിക്കുന്നതും വാഹനങ്ങള്‍ കര്ശനമായി പ്ലാസ്റ്റിക്‌ പരിശോധനക്ക് വിധേയമാക്കുനതും കണ്ടപ്പോള്‍ സന്തോഷം തോന്നി.


പെരിയാര്‍ വനത്തിനുള്ളിലൂടെയുള്ള യാത്ര വളരെ രസകരമാണ്.വഴിയില്‍ ആനയോ മറ്റു മൃഗങ്ങളോ ഉണ്ടാകാന്‍ സാധ്യയുണ്ടാകുമെന്നതുകൊണ്ട് ക്യാമറ റെഡിയാക്കി ജീപ്പിന്റെ ഓരത്ത് തന്നെ സീറ്റ്‌ പിടിച്ചു.ഒരു സര്‍ക്കസ്‌ അഭ്യാസിയുടെ പാടവത്തോടെ ഡ്രൈവര്‍ ജീപ്പ് ഓടിക്കുമ്പോള്‍ ശാസ്വമാടക്കിയാണ് പലരും പിടിചിരിക്കുനത്.മുകളിലേക്ക് നോക്കിയാല്‍ മലകള്‍ വളഞ്ഞ് പുല്‍മേടുകളിലൂടെ പോകുന്ന ജീപ്പുകള്‍ കാണാം

കുന്നിന്‍ മുകളിലെത്തിയാല്‍ മനോഹരമായ കാഴ്ചകളാണ്.പടിഞ്ഞാറോട്ട് നീണ്ടു കിടക്കുന്ന മലകളും വനങ്ങളും അവയ്ക്കിടയില്‍ തേക്കടി തടാകവും .കിഴക്ക് മലകള്‍ക്കിടയിലൂടെ നീണ്ടു പറന്നു കിടക്കുന്ന തേനി ജില്ല കണ്ണെത്താദൂരത്തോളവും.
കുന്നിന്റെ ഏറ്റവും മുകളിലാണ് ക്ഷേത്രകെട്ടുകള്‍ അടുത്തുതന്നെ കാലഹരണപെട്ടതിനാല്‍ മുകളിലേക്ക് കയറാന്‍ കഴിയാത്ത ഒരു ഒരു വാച്ച് ടവറുണ്ട്. ഇവിടെ നിന്നാല്‍ പ്രശസ്തമായ ചുരുളി വെള്ളച്ചാട്ടത്തിന്റെ വിദൂര മനോഹര ദൃശ്യം സാധ്യമാകും.



കണ്ണകി ക്ഷേത്ര വളപ്പിനുളിലേക്ക് കാല്‍ വെക്കുമ്പോള്‍ തന്നെ കുതുകിയായ ആരുടെയും മനസ് കുളിര്‍ക്കും.നൂറ്റാണ്ടുകളുടെ പ്രതാപത്തിന്റെയും അവഗണനയുടെയും മറവികളുടെയും കഥപറയുന്ന കല്‍മതിലുകള്‍ക്ക് അകത്തു ഇന്ന് അവശേഷിക്കുന്നത് മൂന്നു എടുപ്പുകളാണ്.പാണ്ട്യന്‍ മാതൃകയില്‍ തീര്‍ത്തതാണ് ക്ഷേത്രവും ചുറ്റുമതിലും.ഒന്നര അടി വീതിയും 2 അടി കനവുമുള്ള നീളന്‍ കരിങ്കല്‍ തൂണുകള് കൊണ്ടാണ് ക്ഷേത്ര നിര്‍മാണം.നൂറ്റാണ്ടുകളുടെ വിസ്മൃതിയില്‍ തകര്‍ന്നു കിടക്കുന്ന കല്ത്തൂണുകള്,
ശില്പികളുടെ കരവേലകള്‍ പതിഞ്ഞ മതിലുകള്‍ ,കാലത്തിന്റെ ഒഴുക്കിനെ അതിജീവിക്കുന്ന വട്ടെഴുത്ത് ശിലാശാസനങ്ങള്..ഗതകാല സുഭഗ സ്മൃതിയില്‍ മയങ്ങുകയാണെന്ന് തോന്നും.


തമിഴ് സാഹിത്യത്തിലെ സുവര്‍ണ്ണകാലഘട്ടമായ സംഘകാലഘട്ടമാണ്(B.C. 3000 - A.D. 100) ചിലപ്പതികാരത്തിന്റെ രചനാകാലഘട്ടമായി പരക്കെ അറിയപെടുന്നതെന്കിലും "സംഘ മരുവിയ കാലം ((A.D. 100 - 500)" ആണ് ഇതിന്റെ രചനാ കാലഘട്ടം എന്നതാണ് അല്പം കൂടി വിശ്വാസ യോഗ്യമായി തോന്നിയത്.കണ്ണകി ക്ഷേത്രങ്ങളായി അറിയപ്പെടുന്നവയ്ക്കൊന്നും ഇതിലധികം പഴക്കമില്ലാത്തതും ചിലപ്പതികാരത്തിലെ ചില പരാമര്ശങ്ങളുമാണ് ഇതിനു കാ‍രണം

ക്ഷേത്രത്തിനുള്ളിലെ ഫോട്ടോഗ്രാഫി കേരള പോലീസ് വിലക്കിയിരുന്നു.എന്നാല്‍ തമിഴ്‌നാട്‌ പോലീസും മറ്റു ഉദ്യോഗസ്ഥരുമ് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.ഇവിടുത്തെ പ്രധാന ശ്രീകോവില്‍ ഉണ്ടെന്നു പറയപ്പെടുന്ന ഗുഹയെയും അതിനുള്ളിലെ ചങ്ങലയെയും പറ്റി പലകഥകളും കേട്ടിട്ടുണ്ട്.ഈ ഗുഹ മധുരവരെ നീളുന്നതാണത്രേ.ഇതിലേക്ക് നീണ്ടു കിടക്കുന്ന ചങ്ങല വലിച്ചാലും വലിച്ചാലും തീരില്ലത്രേ.ഇത്തരം കഥകളുടെ സത്യാവസ്ഥകള്‍ക്ക് വേണ്ടി കറങ്ങി നടക്കുമ്പോളാണ് ശ്യാം സാറിനെ കാണാന്‍ കഴിഞ്ഞത്.കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചിത്രപൌര്‍ണമി ദിവസത്തെ ഡ്യൂട്ടിക്ക് ഇവിടെ വരാറുള്ള ഞങ്ങളുടെ സുഹൃതണിദ്ധേഹം.ഗുഹയും ചങ്ങലയും ശരിക്കും ഉള്ളതാണെന്നും ശ്രീകോവിലിനുള്ളില്‍ കണ്ണകി വിഗ്രഹത്തിനു പിന്നിലായുള്ള ഗുഹ ഇപ്പോള്‍ കരിങ്കല്‍ സ്ലാബുകള്‍ കൊണ്ട് അടച്ചിരികുകയാണെന്നുമാണു അദ്ദേഹത്തില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.


ഇങ്ങനെയെങ്കിലും ശ്രീകോവിലിനുള്ളിലെ ഒരു പടം പിടിക്കണം ..എന്താ വഴി എന്ന് ഞാനും രംഗനും പരതാന്‍ തുടങ്ങുംബോളെക്കും മനേഷും,ലാലും ഷിബുവും ക്ഷേത്രത്തിനു പുറത്തെ പ്രകൃതി ഭംഗിയിലേക്ക് ഇറങ്ങി.തൊട്ടടുത്ത്‌ നിന്ന തമിള്‍നാട് പോലീസ്കാരന്‍ വീരപ്പന്‍ മോഡല്‍ മീശ തടവി അടുത്ത് വന്നപ്പോള്‍ ചെറിയൊരു പേടി തോന്നി.

"സര്‍ നീങ്കെ പത്രികകരങ്കളാ (നിങ്ങള്‍ പത്രക്കരാണോ?)"

രംഗന്റെ കുര്‍ത്തയും ബുള്‍ഗാനും എന്റെ കഴുത്തിലെ ക്യാമറയും കയ്യിലെ ട്രൈപൊടും ആണ് സംഭവങ്ങള്‍ അത്രയ്ക്ക് വരെ എത്തിച്ചതെന്ന് തോന്നുന്നു.

മറിച്ചൊന്നും രംഗന്‍ പറയുന്നതിനു മുന്‍പേ ഞാന്‍ കീച്ചി
..."ആമ (അതെ)"
സംഗതി അല്പം അയഞ്ഞു പടം പിടക്കുനത് പുള്ളിക്കാരന്‍ നോക്കി നിന്നു.രംഗന്‍ പുള്ളിയോട് ചോദിച്ചു എന്തൊക്കെയോ കഥകള്‍ മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.പടം പിടുത്തം കഴിഞ്ഞു തിരിഞ്ഞപ്പോള്‍ വീണ്ടും ചോദ്യം.
"നീങ്കെ പത്രമാ അല്ലതു ടിവിയാ?(നിങ്ങള്‍ പത്രക്കാരോ ടിവിക്കാരോ? "
ആള്‍ക്ക് നല്ല സംശയം ഉണ്ടെന്നു തോന്നുന്നു.
"ടി വി സര്‍ " തികഞ്ഞ നിഷ്കളങ്കതയോട് ഉത്തരം പറഞ്ഞത് രംഗനാണ്.
മീശ തടവി വീണ്ടും
"എന്താ ടി വി ?(ഏതു ടി വി യാണ് )"
ഇത്തവണ ശരിക്കും ഞെട്ടി ?പെട്ടുപോയല്ലോ എന്നൊരു പേടി.എങ്ങനെ തോന്നി എന്നറിയില്ല പെട്ടന്ന് നാവില്‍ വന്നത് ഇങ്ങനെയാണ്
"ബ്ലോഗ്‌ ടി വി സര്‍ "
തകര്‍ന്നോ ഈശ്വരാ എന്നാ വിളി ഉള്ളില്‍ നിനും പുറത്തു വന്നില്ല . പക്ഷെ ചിരിച്ച മുഖതൊടെയുള്ള മറുപടി ശരിക്കും ഞെട്ടിച്ചു
"ആ ...ബ്ലാഗ് ടിവിയാ .."
സ്ഥിരമായി കാണുന്ന ചാനല്‍ പോലെയുള്ള മറുപടികെട്ടപ്പോള്‍ ശരിക്കും സംശയം തോന്നി ...ഇനി അങ്ങനെ ഒരു ചാനല്‍ ഉണ്ടോ?പറഞ്ഞത് കള്ളമാണെന്ന് മനസിലായ്ന്കിലും അദ്ദേഹം നല്ലമനസു കാണിച്ചു.


ക്ഷേത്ര മതിലകത്ത് തിരക്ക് കൂടി വരികയാണ്‌.തമിഴ്‌ നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള പൂജാരിമാര്‍ ഇവിടെ വെവ്വേറെ പൂജകള്‍ നടത്താറുണ്ട്‌.ഇപ്പോള്‍ തമിഴിലുള്ള പൂജകളാണ് നടക്കുനതു.ഇടം കയ്യില്‍ ചിലമ്പുമായി നില്‍ക്കുന്ന കണ്ണകിയുടെ പടമുള്ള മഞ്ഞ കോടികള്‍ എല്ലായിടത്തുമുണ്ട്.തമിഴ്നാട്ടില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ അന്നദാനം നടത്തുന്നതിന്റെ തിരക്ക് വേറെയും.തിരക്കില്‍ നിന്നൊഴിഞ്ഞു അല്‍പസമയം കുന്നിന്‍ ചെരുവിലെ കാഴ്ചകളിലേക്ക് മടങ്ങി.

നൂറ്റാണ്ട്കള്‍ക്ക് മുന്‍പ് ഇങ്ങനെ ഒരു കുന്നിന്‍ മുകളില്‍ എന്തിനായിരിക്കാം ഒരമ്പലം പണിതീര്‍ത്തത്. ഏതെങ്കിലും നാഗരികതയുടെ ഭാഗമായിട്ടാകുമോ?അതിനു തീരെ സാധ്യതയില്ല.അടുത്ത പ്രദേശങ്ങളില്‍ ഒന്നും ചെത്തിയ ഒരു കല്ചീള് പോലും ഇല്ല.നൂറ്റാണ്ടുകള്‍ക്കു മുന്‍പും ഇവിടം മനുഷ്യവാസമില്ലാത്ത കൊടും വനങ്ങള്‍ തന്നെ ആയിരുന്നിരിക്കണം.അപ്പോള്‍ പിന്നെ എന്തായിരിക്കാം ഇവിടെ ഒരു ക്ഷേത്രത്തിന്റെ പ്രസക്തി?വനാന്തരത്തില്‍ അവസാനിക്കുന്ന നിഗൂഡ ഗുഹാമാര്‍ഗങ്ങള്‍ക്ക് വേറെ ആവശ്യം എന്താണ്?


ക്ഷേത്രത്തിന്റെ നിര്മാണ കാലത്തേ കുറിച്ച് പലവാദങ്ങളും നിലവിലുണ്ടെങ്കിലും അതിലെ ഏറ്റവും വിശ്വാസയോഗ്യമായി തോന്നിയത് "ചേരന്‍ ചെങ്കുട്ടവന്‍ " നുമായി ബന്ധപെട്ട ചരിത്രമാണ്.എ.ഡി 500 കളില്‍ ചേര രാജാവായ ഇദ്ദേഹത്തിന്റെ ഭരണകാലത്ത്‌ ചേര സാമ്രാജ്യം വടക്കേ ഇന്ത്യവരെ വ്യാപിച്ചിരുന്നത്രെ.ചൈനയുമായി വ്യാപാരബന്ധങ്ങള്‍ ശക്ത്മക്കുകയും അതിനായി ഒരു എംബസി സ്ഥാപിക്കുകയും ചെയ്തതായി പ്രശസ്ത റോമന്‍ ചരിത്രകാരന്‍ പ്ലിനിയുടെ കുറിപ്പുകളില്‍ കാണുന്നു.തിരുച്ചിറപള്ളി ആസ്ഥനമാക്കിയിരുന്ന ചേര സാമ്രാജ്യത്തിന്റെ ശക്തമായ നാവിക പടയെപറ്റിയും പ്രമുഖ വാണിജ്യനഗരമായിരുന്ന മുസിരുസ്‌ അഥവാ മുചിരിപട്ടണത്തെ (ഇന്നത്തെ കൊടുങ്ങലൂര്‍ ) പറ്റിയും പരാമര്ശമുണ്ട്.ചിലപ്പതികാരത്തിന്റെ കര്‍ത്താവായ ഇളങ്കോ അടികള്‍ ഇദ്ദേഹത്തിന്റെ സന്യാസം സ്വീകരിച്ച സഹോദരനനെനും അതല്ല അദ്ധേഹത്തിന്റെ സ്വന്തം രചനയാണെന്നും വാദങ്ങളുണ്ട്.ലങ്കന്‍ രാജാവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇദ്ദേഹം പലതവണ വിജയബാഹു(ലങ്കന്‍ രാജാവ്‌ ) നു പലപ്പോഴും ആദിത്ഥ്യം അരുളിയതായും ചില രേഖകളില്‍ കാണാം.ചിലപ്പതികാരത്തില് പലയിടത്തും "കയവക്ക്" (സിംഹള രാജക്കാന്‍മാരെ) പറ്റി പ്രദിപാധിക്കുന്നതും ഈ കൃതി ചെങ്കുട്ടവന്റെ കാലത്താണ് രചിച്ചത് എന്നതിന് ഉറപ്പേകുന്നു.


മറ്റൊരു തെളിവ് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തെ ചുറ്റിപറ്റിയണ്.കൊടുങ്ങലൂര്‍ ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠ കണ്ണകി ദേവിയനെന്നതില്‍ തര്‍ക്കങ്ങളില്ല (കൊടുങ്ങല്ലോര്‍ തോറ്റം പാട്ടുകള്‍ പലതും ചിലമ്പുമായിയുറയുന്ന കണ്ണകി സ്തുതികളാണ്‌ എന്നതോര്‍ക്കുക ) .മധുരാ ദേഹനശേഷം കിഴക്കോട്ടു സഞ്ചരിച്ച കണ്ണകി ഒടുക്കം കൊടുങ്ങല്ലൂര്‍ എത്തുകയും അവിടെ ഒരു വേങ്ങ മരത്തിന്റെ കീഴില്‍ ഇരിക്കവേ പുഷ്പക വിമാനത്തില്‍ പരലോകം പൂകി എന്നും ഈ ഇടത്ത് ചേരന്‍ ചെങ്കുട്ടവന്‍ ഒരു അമ്പലം പണിയുകയും ചെയ്തതായി ഐതീഹങ്ങള്‍ ഉണ്ട്.അങ്ങനെ പണിത അമ്പലം കൊടുങ്ങലൂര്‍ അമ്പലമാനെന്നും അതല്ല പെരിയാര്‍ വനത്തിലെ മംഗളദേവി ക്ഷേത്രമാണെന്നും വാദങ്ങള്‍ ഉണ്ടെങ്കിലും താഴെ പറയുന്ന കാര്യങ്ങള്‍ പരിശോധിച്ചാല്‍ അത് കൊടുങ്ങല്ലൂര്‍ ക്ഷേത്രം തന്നെയാണൊ എന്ന് പുനഃ പരിശോധിക്കേണ്ടിവരും

എ ഡി 5-)o നൂറ്റാണ്ടിലാണ് ചെങ്കുട്ടവന്‍ കണ്ണകി ക്ഷേത്രം നിര്‍മ്മികുന്നത്.പുരാതന മുചിരി പട്ടണം(കൊടുങ്ങല്ലൂര്‍) 1300 ലെ ശക്തമായ കടല്‍ക്ഷോഭത്തിലും (കേരളാ തീരങ്ങളില്‍ 600 വര്ഷം കൂടുമ്പോള്‍ സുനാമികള്‍ ആവര്‍ത്തിക്കപെടുന്നു എന്നാ പുതിയ പഠനം ഇവിടെ അനുസ്മരണീയം )വെള്ളപ്പൊക്കത്തിലും നശിച്ചു പോയി എന്നത് ചരിത്രം.ഇന്നത്തെ കൊടുങ്ങല്ലൂര്‍ അമ്പലം ഇത്തരം ഒരു പ്രകൃതിക്ഷോഭത്തെ അതിജീവിച്ചതയും എങ്ങും രേഖകളില്ല.മാത്രമല്ല 15 നൂറ്റാണ്ട് പഴക്കം ഇന്നുകാണുന്ന ക്ഷേത്രതിനില്ല എന്നതും ശ്രദ്ധെയമാണ്.അപ്പോള്‍ മുചിരിപട്ടണം കൊടുങ്ങല്ലൂര്‍ ആയതിനു ശേഷമാണ് ഈ ക്ഷേത്രത്തിന്റെ നിര്‍മാണം എന്ന് വേണം കരുതാന്‍.

കൊടുങ്ങലൂര്‍ സന്ദര്‍ശിച്ച റോമന്‍ സഞ്ചാരികളുടെ യാത്ര കുറിപ്പുകളിലൊന്നും തന്നെ ഇത്തരം ഒരു ക്ഷേത്രത്തെ കുറിച്ച് പറഞ്ഞു കാണുന്നില്ല.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയാലും ഇന്നത്തെ മംഗളാദേവി ക്ഷേത്രമാണ് ചെങ്കുട്ടവന്‍ പണിത ക്ഷേത്രമെന്ന് വിശ്വസിക്കാനും ബുദ്ധിമുട്ടുണ്ട്.കാരണങ്ങള്‍ പലതാണ്.ചരിത്രപ്രകാരം ക്ഷേത്രത്തിലെ പ്രതിഷ്ഠ വിഗ്രഹത്തിനുള്ള കല്ല്‌ ഹിമാലയത്തില്‍ നിന്നും കൊണ്ടുവന്നിട്ടുള്ളതാണു.ക്ഷേത്രത്തിന്റെ സമര്‍പ്പിക്കല്‍ ചടങ്ങിനു ശ്രീലങ്കയില്‍ നിന്നും ഗജബഹു എന്നാ രാജാവും സന്നിഹിതനായിരുന്നതയി പറയുന്നുമുണ്ട്.അങ്ങനെ ഒരു ക്ഷേത്രം ഇത്തരം ഒറ്റപെട്ടതും മറ്റു നാഗരിക പ്രഭാവമില്ലാത്തതും ആവാന്‍ ഒരു വഴിയുമില്ല.

മറ്റൊരു ചരിത്ര വസ്തുത മനസിലാക്കാന്‍ കഴിഞ്ഞത് ചെങ്ങന്നൂര്‍ ദേവിക്ഷേത്രത്തെ ചുറ്റിപറ്റിയാണ്.
."നയനാര്‍ തിരു ചെങ്കുതൂര്‍ കോവില്‍ " എന്നാണ് പഴയ പലരേഖകളിലും ഈ അമ്പലത്തിനെ പ്രദിപാധിച്ചു കാണുന്നത്."ചെങ്കുതൂര്‍" ആണത്രേ പിന്നിട് ചെങ്ങന്നൂര്‍ ആയിമാറിയത്.ദേവസത്തിന്റെ ചരിത്രരേഖകളില്‍ ("ഗ്രന്ഥാവരി" ) " വടക്കുംകര മഹാദേവ പട്ടണത്തിലെ മതിലകത്തായത്തു വീട്ടില്‍ തലവനും നാട്ടുരാജാവുമായ വിരാമിന്ദ നയനാര്‍ (AD 850) കണ്ണകി ക്ഷേത്രത്തിനായി ചെങ്ങനൂരില്‍ വളരെ നിലങ്ങള്‍ തൃപ്പടി ദാനം നല്‍കിയതായി രേഖകള്‍ കാണാം.അങ്ങനെ നോക്കുമ്പോള്‍ മദ്ധ്യകാലത്തിനു മുന്‍പ് തന്നെ തമിഴ്‌ സംഘകാല കൃതികളും സംസ്കാരവും കിഴക്കന്‍ കാറ്റിനൊപ്പം സഹ്യനിപ്പുരം ശക്തമായി അടിച്ചിരുന്നു എന്ന് വേണം കരുതാന്‍.

ചരിത്രത്തിലെ നൂലാമാലകള്‍ ചിന്തിച്ചുള്ള മാനസസഞ്ചാരം അമ്പല നടയിലേക്കു തിരിച്ചെത്തിയത്‌ മുന്‍പില്‍ നിന്ന് അയാള്‍ നമസ്കാരം പറഞ്ഞതോടെയാണ്.

പേര് ഷണ്മുഖം,ചന്ദനംതേക്കാന്‍ നെറ്റിയില്‍ ഇനി ഒരിന്ച്ച് സ്ഥലം ബാക്കിയില്ല.സംസാരിച്ചു തുടങ്ങി ആള്‍ കണ്ണകി സേവസംഘം പ്രസിഡന്റ്‌ ആണെന്ന് മനസിലായപ്പോള്‍ ആവേശമായി.വളരെ കാര്യങ്ങള്‍ പറഞ്ഞുതരാന്‍ അദ്ദേഹത്തിനായേക്കും.കണ്ണകി ഉള്പെട്ടിരുന്ന "വണിക്ക ചെട്ടിയാര്‍" വിഭാഗത്തില്‍ പെട്ട ആളാണദ്ദേഹം.സ്വന്തം ജാതിയിലെ പെട്ട പുണ്യവതിയെ പറ്റി വാചാലനായ അദ്ദേഹത്തില്‍ നിന്നുമാണ്‌ മധുരയില്‍ നിന്നും യാത്ര തിരിച്ച കണ്ണകിയുടെ വഴിയെ പറ്റി കേട്ടത്.ചുരുളി മലകള്‍ക്ക് താഴെയുള്ള പളിയ ഗ്രാമത്തില്‍ കണ്ണകി വന്നെന്നും അവിടെ പളിയര്‍ നിര്‍മിച്ച കണ്ണകി ക്ഷേത്രം ഉണ്ടെന്നും മനസിലായി.ഇവരുടെ കഥകളില്‍ കണ്ണകി ഈ മലമുകളിലെത്തി ഇവിടെ നിന്നും സ്വര്‍ഗാരോഹണം ചെയ്യുകയയിരുന്നത്രേ.


കണ്ണകി സഞ്ചരിച്ച വഴികളിലൂടെ യുക്തിപരമായ ഒരു യാത്ര നടത്തിനോക്കി.മധുരയില്‍ പുരുഷാധിപത്യതിന്റ്റെ അധികാര കോട്ടകളെ പാതിവൃത്യത്തിന്റെ അടക്കിയ ശബ്ദം വിറപ്പിച്ച ആന്നു രാത്രി രാജ്യതിന്റെ കിഴക്കേ അറ്റത്തുനിന്നും പ്രയാണം തുടങ്ങിയിരിക്കാം.മുല്ലപെരിയരും മറ്റുമില്ലതിരുന്ന അക്കാലത്തു തേനി ജില്ല മുഴുവന്‍ ഉണങ്ങി വരണ്ടു ജനവാസം നന്നേ കുറഞ്ഞതയിരിക്കണം.നിരന്ന ഉഷരഭൂമികളിലൂടെ നടന്നു സഹ്യനില്‍ എത്തിയ കണ്ണകിയുടെ ലക്‌ഷ്യം ചേര രാജ്യത്തിന്‍റെ പടിഞ്ഞാറെ അറ്റത്തെ മുചിരിപട്ടണമായിരുന്നൊ? മധുരിക്കിപ്പുറം പട്ടണം എന്ന് പറയാന്‍ അന്ന് മുചിരി പട്ടണം (കൊടുങ്ങല്ലോര്‍)അല്ലാതെ എന്താണുള്ളത്?കണ്ണകി ലക്ഷയ്തിലെതിയിട്ടുണ്ടാകുമോ?അതോ പെരിയാറിലെ ഈ നിബട വനങ്ങളിലെ മലമുകളില്‍ യാത്ര അവസാനിപ്പിച്ചോ?



ചിന്തകള്‍ക്കും മാനത്തിനും അന്തിവെയിലിന്റെ ഇളം ചൂട്.സഞ്ചാരികളും അധികാരികളും ഭക്തരുമെല്ലാം മടങ്ങി കഴിഞ്ഞു.ഇനിയും മടങ്ങത്തവര്‍ അതിനായി തിരക്ക് കൂട്ടുന്നു.മംഗളാദേവി ഉറക്കത്തിലേക്കു വീഴുകയാണ് .അടുത്ത ചിത്ര പൌര്‍ണമി വരെ നീളുന്ന ഉറക്കം ,അളനക്കമില്ലാതെ വനത്തിന്റെ ശാന്തതയില്‍ ചരിത്രത്തിന്റെ നിഗൂഡത ഒളിപ്പിച്ചുള്ള ഉറക്കം.മലയിറങ്ങുമ്പോള്‍ ഒരികല്‍ കൂടി തിരിഞ്ഞു നോക്കി ..ചുവന്ന സൂര്യരശ്മികളില്‍ ഒളിമങ്ങിയ കരിങ്കല്‍തൂണുകള്‍ ചിരിച്ചുവോ?


ദൂരം :കുമളിയില്‍ നിന്നും 12 കിലോമീറ്റര്‍ വനയാത്ര
ഉയരം : 4380 അടിക്കു മുകളില്‍ .
യാത്ര : ഫോര്‍ വീല്‍ ഡ്രൈവ് ജീപ്പ് മാത്രം
അനുയോജ്യ സമയങ്ങള്‍ : സാധാരണ വര്‍ഷത്തിലൊരിക്കല്‍ ചിത്രപൌര്‍ണമി ദിവസം മാത്രം
വഴുതക്കാട് ഫോറസ്റ്റ് കോണസേര്വശഷന്‍ ഓഫ്സില്‍ നിന്നും പ്രത്യേകഅനുവാദം വാങ്ങാം
കാഴ്ച : മംഗളാദേവി ക്ഷേത്രം ,പെരിയാര്‍ വനങ്ങള്‍ ,മുല്ലപെരിയാര്‍,ചുരുളി ഫാള്‍സ്‌






.

Wednesday, June 17, 2009

മൌന്റ്റ് ഫുജി


നൂറ്റാണ്ടുകള്‍ക്കു മുന്‍പാണ് ..ഗ്രാമത്തില്‍ വസൂരി പടന്നിരുന്ന കാലം ..വസൂരിക്ക് മരുന്ന് തേടി നടന്ന യസൂജിയോടു താഴ്വരയിലെ ദിവ്യന്‍ പറഞ്ഞു. മാന്ത്രിക തടാകത്തിലെ വെള്ളം കുടിച്ചാല്‍ വസൂരി മാറും.. പക്ഷെ മാന്ത്രിക തടാകം അങ്ങ് കിഴക്കന്‍ വനത്തിലെവിടെയൊ ആണ്.തടാകം തേടി അലഞ്ഞ യസൂജിക്ക് വഴിതെറ്റി.നിരാശയും,വിശപ്പും ക്ഷീണവും യസൂജി ഒരു മരച്ചുവട്ടില്‍ തളര്‍ന്നുറങ്ങി.ഉറക്കമുണര്‍ന്ന യൂജിയുടെ കണ്ണുകള്‍ സന്തോഷം കൊണ്ടു നിറഞ്ഞു തൊട്ടുമുന്നില്‍ അതാ മാന്ത്രിക തടാകം.അല്‍ഭുതത്തോടെ ചുറ്റും നോക്കിയ യസൂജിക്ക് മുന്‍പില്‍ സുന്ദരിയായ ഒരു ദേവത പ്രത്യക്ഷപെട്ടു .യസൂജി നോക്കിനില്‍ക്കെ ഭൂമി പതിയെ ഇളകാന്‍ തുടങ്ങി.തടാകത്തില്‍ നിന്നും മനോഹരമായൊരു വലിയ മല ഉയര്ന്നു വന്നു.ദേവത ഒരു മേഘത്തില്‍ കയറി മലയുടെ മുകളിലേക്കും പോയി .തടാകം ആ മലയ്ക്ക് ചുറ്റും അഞ്ചു ചെറിയ തടകങലുമയി..

ഫുജിയുടെ ഉല്‍ഭവത്തെ കുറിച്ചു ജപ്പാനില്‍ പ്രചാരത്തിലുള്ള നടോടികഥകളില് പ്രധാനമായ ഒരു കഥയാണ് യസൂജിയുടെത്.കഥയെന്തായാലും ജപ്പാന്റെ ചരിത്രത്തില്‍ ഫുജി എന്നും ഒരു മുഖചിത്രമാണ്‌.മറ്റൊരു അഗ്നിപര്‍വതവും ഒരു രാജ്യത്തിന്റെ കലയും സംസ്കാരവുമായി ഇത്രയധികം ബന്ധപെട്ടിട്ടുണ്ടാവില്ല .ഇപ്പോള്‍ ഉറങ്ങുന്ന ഈ സുന്ദര ഭീകരന്‍ 1707 ജൂണില്‍ ആണ് അവസാനമായി സംഹാരഭവം കാട്ടിയത്. അന്ന് 70 മൈല്‍ അകലെയുള്ള എടൊ (ഇന്നത്തെ ടോക്കിയോ ) നഗരത്തില്‍ 6 ഇഞ്ച്‌ കനത്തില്‍ ചാരം വന്നു മൂടി അത്രേ. വര്‍ഷത്തില്‍ ഭൂരിഭാഗം ദിവസങ്ങളിലും മേഘമാവൃതമായിരിക്കും ഫുജിയുടെ മഞ്ഞു തൊപ്പി അണിഞ്ഞ മുകള്‍ ഭാഗം.

ജപ്പന്കാര്‍ക്കിടയില്‍ ഒരു ചൊല്ലുണ്ട് "ഒരിക്കല്‍ ഫുജി കയറാത്തവന്‍ മണ്ടനാണ്.ഒന്നിലധികം കയറിയവനും".കയറി ഇറങ്ങിയവര്‍ക്ക് ഇതില്‍ പതിരില്ല എന്ന് നന്നായി ബോധ്യമാകും.

ഫുജിയുടെ മുകളില്‍ കയറുക എന്നത് ജപ്പന്കാരെ പോലെ തന്നെ ജപ്പാനില്‍ എത്തുന്ന ഏതൊരാളുടെയും സ്വപ്നമാണ്.തോണ്ണുറുശതമാനം ആളുകള്‍ക്കും അത് കഴിയാറില്ലെങ്കിലും .മഞ്ഞുമല ഇടിച്ചിലും കനത്തതിമാപാതവും വീശിയടിക്കുന്ന ശീതകാറ്റുമ് ആണ്ടില്‍ പത്തു മാസങ്ങളിലും ഫുജി കയറുന്നത് ദുഷ്കരമാക്കുന്നു.ജൂലൈ-ഓഗസ്റ്റ്‌ മാസങ്ങളാണ് ഫുജി കയറാന്‍ അനുയോജ്യമായ സമയം.വേനല്കൊടുംപിരി കൊള്ളുന്ന ഈ സമയത്തു ഫുജിയുടെ മുകളില്‍ താപം പൂജ്യത്തിലും
താഴുമെങ്കിലും മഞ്ഞു ഉണ്ടാവാറില്ല.ആളുകള്‍ വളരെ അധികം എത്തുന്ന വേനല്‍കാലത്ത്‌ കടകളും
വിശ്രമകേന്ദ്രങ്ങളും വഴിക്ക് ധാരാളം ഉണ്ടാകാറുണ്ട്.ഫുജിയുടെ ചുവട്ടില്‍ നിന്നും മുകളിലേക്കുള്ള വഴിയില്‍ പത്തു സ്റ്റേഷനുകള്‍ ഈ സമയത്തു തുറക്കാറുണ്ട്.അഞ്ചമത്തെ സ്റ്റേഷനുകള്‍ വരെ വണ്ടി ചെല്ലും.മലയുടെ ചുറ്റിലുമായി നാലു ഫിഫ്ത് സ്റ്റേഷനുകള്‍ ഉണ്ട്.


കവഗുചികോ ഫിഫ്ത് സ്റ്റേഷനില് വണ്ടി ഇറങ്ങുമ്പോള്‍ എട്ടു മണി കഴിഞ്ഞിരുന്നു.സന്ധ്യ മയങ്ങിയിരുന്നെന്കിലും തിരക്കിനുകുറവില്ല.രാത്രിയില്‍ മുകളിലേക്ക് കയറാന്‍ തയ്യരെടെക്കുന്നവരുടെ തിരക്കുകള്‍,തിരിച്ചിങുന്നവരുടെ ക്ഷീണിച്ച മുഖങ്ങളില്‍ സംത്രൃപ്തിയുടെതെന്കിലും ദയനീയമായ പുഞ്ചിരി.തിരക്ക് മുതലാക്കി കച്ചവടം പൊടിക്കുന്ന കടകള്‍.ഹെഡ് ലാമ്പുകള്‍,വാക്കിങ്ങുസ്ടിക്കുകള്,ചെറിയ ഓക്സിജന്‍ സിലണ്ടറുകള്‍്,ഹൈ എനര്‍ജി ചോക്ലേറ്റുകള്‍,ഉണങ്ങിയ പഴവര്‍ഗങ്ങള്‍ ,എനര്‍ജി സപ്പ്ളിമെന്റ് ഡ്രിങ്ക്സ് തുടങ്ങിയവയാണ് പ്രധാനമയും.പച്ചമീനുകളും അല്പം മാത്രം വേവിച്ച ഇറച്ചിയും ചേര്‍ത്തുണ്ടാക്കുന്ന ഒരുതരം നൂഡില്‍ എല്ലായിടത്തും വില്‍ക്കുന്നുട്ണ്ട്.എട്ടാമത്തെ സ്റ്റേഷനില് വരെ കടകള്‍ ഉണ്ട്.ഉയരത്തിനോപ്പം വിലയും കൂടുന്നതിനാല്‍ എല്ലാം താഴെ നിന്നു തന്നെ വാങ്ങുന്നതാണ് നല്ലത് എന്ന് തോന്നി.

രണ്ട്‌ ഓക്സിജന്‍ സിലണ്ടറുകള്‍് ,കുറച്ചു ഒനിങ്ങിരി (എള്ളും അരിയും സീവീടും
ചേര്‍ത്തുണ്ടാക്കുന്ന ഒരു തരം വിഭവം),ഉണങ്ങിയ മുന്തിരി,ഇവയെല്ലാം വാങ്ങി കെട്ടുമുറുക്കി മലകയറാന്‍
തുടങ്ങുമ്പോള്‍ സമയം ഒന്‍പതു മണി കഴിഞ്ഞിരുന്നു. തണുപ്പ് കൂടി തുടങ്ങിയതിനാല്‍ കമ്പിളി കായ്യുറകളും,ജാക്കെറ്റും മതിയാവില്ല എന്ന് തോന്നി തുടങ്ങി.മലയിറങ്ങിവന്ന ഒരു ഓസ്ട്രെലിയന്‍ സംഘവുമായി സംസാരിച്ചപ്പോള്‍ മുകളില്‍ നല്ല ശീതക്കാറ്റു വീശുന്നുന്ടെന്നു അറിയാന്‍ കഴിഞ്ഞത്.ആ സംഘത്തില്‍പെട്ട രണ്ട്‌പേര്‍ തീര്‍ത്തും അവശരായി തോന്നി. അവര്‍ മുകളില്‍ നിന്നും ഇറങ്ങാന്‍ തുടങ്ങിയത് അഞ്ചു മണിക്കൂര്‍ മുന്‍പെങ്കിലും ആയിരിക്കണം.അതുവച്ച് നോക്കിയാല്‍ ഇപ്പോഴത്തെ തണുപ്പ് ഉഹിക്കാവുന്നതെ ഉള്ളു. എല്ലാവരും തെര്‍്മല് വിയാറുകളും,റയിന്‍ കോട്ടുകളും പുറമെ എടുത്തിട്ടു.എല്ലാം കൂടി ആയപ്പോള്‍ വല്ലാത്ത അസ്വസ്ഥത എങ്കിലും തണുപ്പിനു ആശ്വാസം ഉണ്ട്.

ഫുജിയുടെ പാദം മുഴുവന്‍ വനപ്രദേശങ്ങളാണ്. താഴ്വരമുതല്‍ ഏകദേശം രണ്ടായിരം മീറ്റര്‍ ഉയരം വരെ തിങ്ങി നിറഞ്ഞ വനങ്ങളാണ്.എങ്കിലും വന്യജീവികള്‍ വളരെ കുറവാണു.മാനുകളും കരടികളും ഉണ്ടെന്‍കിലും എണ്ണത്തില്‍ നന്നേ കുറവാണു.ഫുജിയുടെ വടക്കുഭാഗത്തായാണ്‌ നിഗൂഡതകള്‍ നിറഞ്ഞ അഒകിഗഹര ഫോറസ്റ്റ്.ജപ്പാനിലെ ഏറ്റവും കുപ്രസിദ്ധമായ മരണത്തിന്റെ താഴ്വര.ഈ കൊടും വനത്തിനുള്ളില്‍ പോയവരാരും തിരിച്ചു വന്നിട്ടില്ലത്രേ.ആത്മഹത്യക്ക് പേരുകേട്ട ജപ്പാനില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ആത്മഹത്യ ചെയ്യുന്നത് ഈ വനതിലാണാത്രെ.എല്ലാവര്‍ഷവും ഓഗസ്റ്റ്‌ മാസത്തില്‍ പോലീസും ചില സര്‍ക്കാര്‍ സംഘടനകളും ചേര്‍ന്നു നടത്തുന്ന തിരച്ചിലില്‍ ഇവിടെ നിന്നും ധാരാളം ശവശരീരങ്ങള്‍ കണ്ടെടുക്കാറുണ്ട്.വര്‍ഷം ശരാശരി നൂറിലധികം ശവശരീരങ്ങള്‍ ഇവിടെ നിന്നും കണ്ടെടുക്കാരണ്ട്.മിക്കവയും അപ്പോള്‍ അസ്ഥികള്‍ മാത്രമായിരിക്കും. അഒകിഗഹര ഫോറസ്റ്റ് ഓഫീസര്‍ എഴുതിയ ലേഖനത്തില്‍ ഇങ്ങനെ പറയുന്നു

"മിക്കവാറും ആളുകള്‍ തൂങ്ങിയാണ് മരിക്കുന്നത്.കണ്ടു കിട്ടുന്ന മിക്ക ശരീരങ്ങള്‍ക്കും സമീപം പേഴ്സും പണവും കിട്ടാറുണ്ട്‌.ഇങ്ങനെ രണ്ടു ലക്ഷത്തിലധികം യെന്‍ കിട്ടിയ അവസരങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്.ചുരുക്കം ചിലര്‍ മരച്ചുവടുകളില്‍ മരിച്ചിരിക്കുന്നത് കാണാറുണ്ട്.ഇവര്‍ വഴി തെറ്റി അപകടത്തില്‍ പെട്ടവരാകണം.തോണ്ണുരു ശതമാനത്തില്‍ അധികവും തിരിച്ചറിയാന്‍ കഴിയാത്ത വിധം നശിച്ചിരിക്കും."

കഴിഞ്ഞ ഓഗസ്റ്റ്‌ മാസം നടത്തിയ തിരച്ചില്‍ എഴുപത്തിരണ്ടു ശരീരങ്ങളാണ് കണ്ടെടുത്തത്.തിരച്ചില്‍ വനത്തിന്റെ ഒരു കിലോമീറ്റര്‍ ഉള്ളില്‍ മാത്രമാണ്.കൂടുതല്‍ ഉള്ളിലായാല്‍ എണ്ണം ഇനിയും കൂടുമായിരിക്കും.അഒകിഗഹരയിലേക്ക് പോകുന്ന വഴികളില്‍ ഇപ്പോള്‍ ധാരാളം ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.ആത്മഹത്യ വിരുദ്ധ പ്രസ്താവനകളും ചില പൊതു തത്വങ്ങളും എഴുതിയവ. ഈ സ്ഥലത്തെ ശക്തമായ കാന്തിക കേന്ദ്രം കോമ്പസുകളെ വഴിതെറ്റിക്കുന്നതാണ് അപകടകാരണം എന്നാണ് ഒരു നിഗമനം.ചിതറികിടക്കുന്ന അസ്ഥികള്‍ക്കടുത്തു ജി.പി.എസ്. പോലുള്ള അത്യാധുനിക ഉപകരണങ്ങള്‍ കാണാറുള്ളത്‌ കൂടുതല്‍ ദുരൂഹത ഉണ്ടാക്കുന്നു.ഒരു നോവലും സിനുമയും ഇതിനെ അധികരിച്ച് ഉണ്ടായിട്ടുണ്ട്. "കി നോ ഉമി (the sea of trees)" എന്ന ഈ നോവല്‍ മരിച്ച പല ആളുകളും കയ്യില്‍കൊണ്ടു വരാറുണ്ട് പോലും.ഇപ്പോള്‍ എവിടെക്ക് പ്രവേശനം നിയമം മൂലം നിരോധിച്ചിട്ടുണ്ട്.സഹസികരെ എന്നും വെല്ലുവിളിച്ചു അഒകിഗഹര ഒളിഞ്ഞുനില്ക്കുന്നു.

നടന്നു തുടങ്ങിയപ്പോള്‍ തന്നെ നിലാവ് നന്നായി ഉദിച്ചിരുന്നു.പൌര്‍ണമി ദിവസം തന്നെ
കയറാന്‍ തിരഞ്ഞെടുത്തത്‌ വളരെ നന്നായി തോന്നി.പൌര്‍ണമിയില്‍ ഫുജി കൂടുതല്‍ സുന്ദരമാണെന്നു നേരത്തെ കേട്ടിരുന്നു.വളവുകള്‍ തിരിഞ്ഞു ചെല്ലുന്ന ചെമ്മണു പാത ഏറെ കഴിയാതെ തന്നെ രണ്ടായി പിരിയുകയാണ് .മുകളിലേക്കുള്ള മലമ്പാതയില്‍ നിര്‍ദേശങ്ങളും നിബന്ധനകളും എഴുതിവെച്ചിരിക്കുന്ന ബോര്‍ഡുകള്‍.ഭാഗ്യം..ജപ്പനിസിനോപ്പം ഇംഗ്ലിഷിലും എഴുതിയിട്ടുണ്ട്. സാധാരണയായി ഇവിടെ ബോര്‍ഡുകള്‍ എല്ലാം ജപ്പനിസില്‍ മാത്രമാണ് ഉണ്ടാകാറുള്ളത്.കുപ്പികള്‍,പ്ലാസ്ടികുകള്‍ തുടങ്ങി ഒന്നും ഇനി വഴി കളയാന്‍ പാടില്ല(ഈ നിര്‍ദേശങ്ങള്‍ എത്ര ഗൌരവമായി പലിക്കപെടുന്നു എന്നത് നമുക്കു വഴിയില്‍ നോക്കിയാല്‍ മനസിലാവും.ഒരു ചെറിയ പ്ലാസ്റ്റിക് കഷണം പോലും കാണാനാകില്ല).
അല്പം മുകളിലേക്ക് കയറിതുടങ്ങുമ്പോള്‍ തന്നെ സസ്യജാലങ്ങള്‍ ഇല്ലാതാവുന്നു.ഈ പ്രദേശമെല്ലാം മഞ്ഞുമൂടി കിടക്കുന്നതിനലാവണം.അഗ്നിപര്‍വത പ്രവര്‍ത്തനംമൂലം അവസാദ ശില ഖണ്ഡങ്ങള്‍ നിറഞ്ഞ ഭൂമി.ചരല്‍കല്ലുകളില്‍ ബൂട്ട് തെന്നുമ്പോള്‍ ഉണ്ടാകുന്ന താളാത്മക ശബ്ദം ഒഴിച്ചാല്‍ എല്ലാം
നിശബ്ദം.മുകളിലേക്ക് നോക്കിയാല്‍ ആറാം ക്യാമ്പിലെ വെളിച്ചം ഒരു പൊട്ടുപോലെ കാണാം.ചുറ്റും ഒരു മിന്നാമിന്നി കൂട്ടവും.അവിടെ കൂട്ടം കൂടി നില്ക്കുന്ന ആളുകളുടെ ഹെഡ് ലാമ്പുകളുടെ വെളിച്ചമാകണം.വഴിയേപറ്റി നല്ല നിശ്ച്ചയമില്ലെന്കിലും ചുരുങ്ങിയത് ഒന്നര മണിക്കൂര്‍ എങ്കിലും എടുക്കുമായിരിക്കും അവിടെയെത്താന്‍.

ആദ്യത്തെ ഊര്‍ജം എല്ലാവരിലും ഒന്നു കെട്ടടങ്ങിയിട്ടുണ്ട്.കയറാന്‍ തുടങ്ങിയതുമുതല്‍ ആരും ഒന്നും തന്നെ സംസാരിച്ചതായി ഓര്‍ക്കുന്നില്ല.പരമാവധി എനര്‍ജി സേവിങ്ങ്.കാര്‍മേഘങ്ങള്‍ ഇടയ്ക്കിടയ്ക്ക് ചന്ദ്രനെ മറച്ചുകൊണ്ടിരുന്നു .നിഴലിന്റെയും നിലാവിന്റെയും കണ്ണുപൊത്തി കളിനടക്കുന്ന വഴി വളഞ്ഞു തിരിഞ്ഞു കയറുകയാണ്.

ഇപ്പോള്‍ നോക്കിയാല്‍ ജപ്പാനിലെ പല നഗരങ്ങിലെയും വെളിച്ചം കാണാം.ചിലത് ഇടയ്ക്ക് തെളിയുകയും മായുകയും ചെയ്യുന്ന്നുണ്ട് .തൊട്ടടുത്ത്‌ കാണുന്ന നഗരം "യമനാഷി" ആണെന്ന് മലകയറുന്ന ഒരു ജപ്പാന്‍കാരനോട് ചോദിച്ചപ്പോള്‍ മനസിലായി.ഏറെ താമസിയാതെ ഒരു മനോഹര കാഴ്ച അവിടെ കാണാമെന്നു അയാള്‍ പറഞ്ഞതിന്റെ കാര്യം മനസിലായത് അരമണിക്കുരുകല്ക്കു ശേഷമാണ്.മുകളില്‍ നിന്നും വെടികെട്ടുകള്‍ കാണുന്നത് ജീവിതത്തില്‍ അന്നാദ്യമാണ്.വേനല്‍കാല രാത്രികളില്‍ ജപ്പാനില്‍ പലയിടങ്ങളിലും ഇത്തരം കരിമരുന്നു പ്രയോഗങ്ങള്‍ നടത്താറുണ്ട്‌."ഹനാബി" എന്ന് വിളിക്കുന്ന ഇത്തരം പരിപാടികള്‍ ഒരുമണികൂറില്ലധികം ഉണ്ടാവറില്ലെങ്ങിലും അത് ഒരു വര്‍ണവിരജിതമായ ഒരാകാശം തന്നെ സൃഷ്ടിക്കുന്നു.പൂക്കളും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും വരെ കരിമരുന്നു കൊണ്ടു വരക്കാറുണ്ട്.നമ്മുടെ പൂരങ്ങളെ പോലെ ഗര്‍ഭം കലക്കികളും,കുഴിബോംബും ഗുണ്ടും ഒന്നുമിലതതിനാല്‍ തലപെരുക്കുന്ന ശബ്ദം ഇല്ല ..ഭീതിപെടുതുന്ന അപകടങ്ങളും.കാഴ്ചയുടെ വര്‍ണ വിസ്മയം മാത്രം.ടോക്യോയില്‍ എവിടെയോ "ഹനാബി " തകര്‍ക്കുകയാണ്.

ചെറിയ പടവുകള്‍ നിര്‍മിച്ചിരിക്കുന്ന വഴി അവസാനിക്കുന്നത്‌ ഒരു ചെറിയ കൊണ്ക്രീട്ട് തുരങ്കത്തിലാണ്. "Heavy Rock fall area .Use the tunnel " എന്ന് എഴുതിയ വാണിങ്ങ് ബോര്‍ഡ് മുന്നില്‍ കണ്ടു.ശീലം കൊണ്ടു ബോര്‍ഡ് കണ്ടപ്പോള്‍ പുറത്തുകൂടി നടക്കാന്‍ തോന്നി എങ്കിലും വീണു കിടക്കുന്ന ചില കല്ലുകള്‍ കണ്ടപ്പോള്‍ ഓടി തുരങ്കത്തില്‍ കയറി.പ്രകമ്പന സാധ്യത വളരെ അധികം കൂടിയ സ്ഥലങ്ങളാണ് ഫുജിയുടെ ചുറ്റിലും.എല്ലാ ദിവസങ്ങളിലും ഒന്നിലധികം ചെറുചലങ്ങള്‍ ഈ പ്രദേശത്ത് ഉണ്ടാകുന്നുണ്ട്.സസ്യജാലങ്ങള്‍ ഇല്ലാത്ത ചരല്കൂമ്പരത്തിലൂടെ ഉരുണ്ട് വരുന്ന കല്ലുകള്‍ സൃഷ്ടിക്കുന്ന ഭീതി ഊഹിക്കവുന്നത്തെ ഉള്ളു.ഇങ്ങനെ മുമ്പ്‌ അപകടം നടന്ന സ്ഥലങ്ങളിലാണ്‌ ഇപ്പോള്‍ തുരങ്കങ്ങള്‍ പണിതിരിക്കുന്നത്. തുരങ്കത്തിന് പുറത്തുള്ള പാറയില്‍ രണ്ടു പേര്‍ ..നിലവില്‍ നേരിയ വെളിച്ചത്തില്‍ അവരെ കാണാം.ഇരുപതു -ഇരുപത്തിരണ്ടു വയസ് തോന്നിക്കുന്ന രണ്ടു സ്ത്രീകളും അജാനബാഹുവായ ഒരു പുരുഷനും.സ്ത്രീകള്‍ തളര്‍ന്നു അവശരാണ്.ഒരു സ്ത്രീ മസില്‍ പെയിന്‍ മൂലം ഇടയ്ക്ക് ചെറുതായി ഞരങ്ങുന്നുണ്ട്.കൈവശം ഉള്ള മരുന്നുകള്‍ പ്രയോഗിക്കുകയാണ് മറ്റു രണ്ടുപേരും.ടോര്‍ച്ചു വെളിച്ചം അവര്ക്കു നേരെ തിരിച്ചു സഹായവാഗ്ദാനം നടത്തിയത് ഷിനോദ് ആണ്.ഫ്രഞ്ച് ചുവയുള്ള ഇംഗ്ലീഷില്‍ ആവര് നന്ദി പറഞ്ഞു.ഫ്രാന്‍സിലെ യുനിവേഴസിടി സ്റുടെന്റ്സ് ആണ്.ലോകം ചുറ്റല്‍ കോഴ്സിന്റെ ഭാഗം ആണെന്ന് കേട്ടപ്പോള്‍ ആശ്ചര്യം തോന്നി.ഇന്ത്യ അടക്കം പത്തില്‍ അധികം രാജ്യങ്ങള്‍ അവര്‍ ഇതിനകം സന്ദര്‍ശിച്ചു കഴിഞ്ഞു ..ഭാഗ്യമുള്ളവര്‍. 2400 അടി ആയിട്ടെ ഉള്ളു.മുകളിലേക്ക് കയറാനുള്ള ശ്രമം അവര്‍ ഉപേക്ഷിച്ചു കഴിഞ്ഞിരിക്കുന്നു.തിരിച്ചു താഴേക്ക്‌ ചെന്നാല്‍ താങ്ങാനുള്ള സൗകര്യം ഉണ്ടാകുമോ എന്നതാണ് ഇപ്പോളത്തെ അവരുടെ ആശങ്ക.


ചിലപ്പോള്‍ ഇനി ജീവിതത്തില്‍ ഒരിക്കലും കണ്ടുമുട്ട്ടനിടയില്ലാത്ത ആളുകള്‍.ഇവിടെ
കാണുന്ന എല്ലാവരും അങ്ങനെ തന്നെ ആണല്ലോ.നൈമിഷികമായ ബന്ധങ്ങള്‍.ചിലപ്പോല്‍ ഒരു ചിരി കൂടിപോയാല്‍ ഒരു "ഹെലോ" അല്ലെങ്കില്‍ "കൊന്നിച്ചിവ" (ജാപ്പനീസ്‌ വിഷിംഗ്) പക്ഷെ അതില്‍ പോലും എന്തോ ഒരു സന്തോഷം ഉള്ളത് പോലെ. അവരോടു "ഗുഡ് ബയീ" പറഞ്ഞു മുന്നോട്ടു നീങ്ങിതുടങി..മേഘങ്ങള്‍ നിലവില്‍ നിഴല്‍ വീഴ്ത്തിയ വഴികളിലുടെ വീണ്ടും കയറ്റം. അകലെ എവിടെ നിന്നോ ഒരു നീണ്ട വിളി.
"ഗമ്ബരേഏഏഏഎ " ( ഡു യുവര്‍ ലെവല്‍ ബെസ്റ്റ് ).
താളാത്മകമായ മറുപടി.
"ഹായ്ഈഈഇ ..ഗംബാതെ (യെസ് വീ ആര്‍")
മുകളിലേക്ക് കയറുന്ന ഏതോ ജാപ്പനീസ് സംഘമാണ്..സൂക്ഷിച്ചു നോക്കിയാല്‍ ദൂരെ അവരുടെ ഹെഡ് ലാമ്പിന്റെ വെളിച്ചങ്ങള്‍ നീങ്ങുന്നത്‌ കാണാം..തളര്‍ന്നു നീങ്ങുന്ന സംഘത്തെ ഉദീപിപ്പിക്കുന്ന ശബ്ദം ..ആരാണ്
..അരുടെതുമാകം .

ഇങ്ങനെ മിണ്ടാതെ ആവശ്യം ഉള്ളതും ഇല്ലാത്തതും ആലോചിച്ചു കയറുന്നതിനാലവം ക്ഷീണം പെട്ടന്നറിയുന്നില്ല...തിരിഞ്ഞു നോക്കുമ്പോള്‍ സന്തോഷം ..കുറെ ഏറെ കയറി കഴിഞ്ഞു .ഉയരം കൂടുന്നത് കാലുകളെക്കാള്‍ പെട്ടന്നറിഞ്ഞത് ചെവികളാണ്..മര്‍ദം കുറഞ്ഞതിനാലാവണം എല്ലാവര്ക്കും ചെവിവേദന അനുഭവപെട്ട് തുടങ്ങിയിരുന്നു.വേദന കൂടിയപ്പോള്‍ ചെവിനന്നായി മൂടികെട്ടി... ചിലര്‍ പഞ്ഞി വെച്ചു. ഏഴാമത്തെ സ്റ്റേഷനില്‍ എത്തിയപ്പോള്‍ തണുപ്പിനു ശക്തി കൂടി..ഇടക്കിടെ പൊടിക്കാറ്റ് ശക്തിയായി
വീശുന്നുണ്ട്..കാറ്റടിക്കാന്‍ തുടങ്ങിയാല്‍ പിന്നെ കണ്ണടച്ച് മൂക്ക് പൊത്തി കാറ്റിന് പ്രതിമുഖമായി
നില്ക്കുകയാണ് പോംവഴി.കാറ്റടിച്ചുകഴിഞ്ഞാല്‍ പിന്നെ ഒരു മിനിട്ട് നേരത്തേക്കെങ്കിലും കണ്ണ്
തുറക്കതിരിക്കുന്നതാണ് ബുദ്ധി.ഇതു മനസില്ലാക്കി വരുമ്പോഴേക്കും കണ്ണുകള്‍ കടും ചുവപ്പായി കഴിഞ്ഞിരുന്നു .കണ്ണില്‍ മണ്ണ് വരിയിട്ട പോലുള്ള അവസ്ഥ.ഗന്ധകം അടങ്ങിയ ഈ പൊടി ശ്വസിക്കുന്നതും കണ്ണില്‍ പോകുന്നതും നല്ലതല്ലെന്ന് മുന്‍പേ കേട്ടിട്ടുണ്ട്.മുന്നോട്ടു പോകും തോറും കാറ്റും തണുപ്പും കൂടുകയാണ്. ഓരോ മൂന്നു മിനിറ്റിലും കാറ്റു അടിക്കുന്നുണ്ട്.പുറം തിരിഞ്ഞുനില്‍ക്കുമ്പോള്‍ മഴപെയ്യുന്ന രീതിയിലുള്ള ശബ്ദം കേള്‍ക്കാം.കാറ്റില്‍ മണല്‍ തരികള്‍ ജാക്കറ്റില്‍ വീഴുന്നതാണ്. അരമണിക്കൂറിനു ശേഷം കാറ്റു ഒന്നു അടങ്ങിയപ്പോളാണ് ശരിക്കും മുന്നോട്ടു പോകാന്‍ കഴിയുന്നത്‌.അരുണിന്റെ കയ്യിലെ തെര്മൊമീടെര്‍ ശരിയാണെങ്കില്‍ ഇപ്പോള്‍ രണ്ടു ഡിഗ്രി ആണ് തണുപ്പ്.

ടീമില്‍ വണ്ണം കൂടിയ ആളുകളാണ് ബുദ്ധിമുട്ടുന്നത്. 90 കിലോക്ക് മുകളില്‍ ഭാരമുള്ളവരാണു ഞാനും അരുണും.ഭാരം കുറവാണെങ്കിലും ഏറ്റവും കൂടുതല്‍ ബുധിമുട്ടെണ്ടിവന്നത് ഹരിപ്പാടുകാരന്‍ അരുണിനാണ്..ശ്വസിക്കാന്‍ നന്നായി ബുദ്ധിമുട്ടുന്നതിനാല്‍ ഏഴാം സ്റ്റേഷന്‍ മുതല്‍ ഓക്സിജന്‍ സിലണ്ടാര്‍ ഉപയോഗിക്കുന്നത് കാണാമായിരുന്നു. "സിഗരട്ട് വലിയും ബിയര്‍ അടിയും ശാരീരികശേഷി എത്രമാത്രം നശിപ്പിച്ചു " എന്ന് പലര്ക്കും ബോധ്യം വന്നു. ഓരോ പത്തു ചുവടിലും നിന്നും ഇരുന്നും വിശ്രമിച്ചാണ്
നീങ്ങുന്നത്‌.

എനര്‍ജി സപ്പ്ലിമെന്റുകള്‍ വളരെ പെട്ടന്നാണ് തീര്‍ന്നു കൊണ്ടിരിക്കുന്നത്.ഇനി
ചോക്ലേറ്റുകളും ഉണങ്ങിയ പഴങ്ങളുമാണ് ബാക്കി ഉള്ളത്.തുടങ്ങിയതിന്റെ പത്തിലൊന്ന് സ്പീഡ് പോലും ഇപ്പോള്‍ ഇല്ല.കാലുകള്‍ക്കു കനം കൂടിയതുപോലെ.പലപ്പോഴും ശ്വാസം കഴിക്കാന്‍ നന്നേ ബുദ്ധിമുട്ടുന്നു..തണുപ്പു കൂടിയിട്ടാവം വിരലുകളില്‍ വല്ലാത്ത ചൊറിച്ചില്‍.പോകും തോറും അരുണിന്റെ അവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണ്.കൂടെ ഉള്ളവര്‍ മിക്കവാറും എട്ടാം സ്റ്റേഷന്‍ എത്തി കഴിഞ്ഞു.തീരെ തളര്‍ന്നു കഴിഞ്ഞ അരുണ്‍ യാത്ര അവിടെ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.
അവിടെ ഒരു ചെറിയ കടയുണ്ടാക്കിയിട്ടുണ്ട്.അവിടെ വിശ്രമിക്കാനും കിടക്കാനും മറ്റും സൗകര്യമുണ്ട്.വാതില്‍ക്കല്‍ നിന്ന സുന്ദരിയായ പെണ്കുട്ടി അഭിവാദനം ചെയ്തു

"റൂം റെന്റ് എത്രയാണ് "

ആ ചോദ്യം അവള്‍ പ്രതീക്ഷിച്ചിരുന്നതാണ് എന്ന് തോന്നുന്നു.

" വളരെ കുറവാണു സര്‍,5000 യെന്‍ മാത്രമെ ഉള്ളു"

വളരെ കുറവാണെന്നു പറഞ്ഞതിന്റെ ഉദ്ദേശം എന്തെന്നറിയാന്‍ ചോദ്യഭാവത്തില്‍ അവളെ നോക്കി.. നോ റെസ്പോണ്സ് .

"കുടിക്കാന്‍ ചൂടുള്ള ചായ എടുക്കട്ടെ സര്‍ "
ചായയുടെ വില എഴുതി വെച്ചിരിക്കുന്നത്‌ രാജേഷാണ് ആണ് കാട്ടി തന്നത്..400 യെന്‍ .സാധാരണ വിലയുടെ പത്തിരട്ടിയിലധികം.പക്ഷെ വേറെ നിവൃത്തിയില്ല.

"ആറെണ്ണം എടുക്കു ".

സുന്ദരമായ പുഞ്ചിരിയോടെ അവള്‍ അകത്തേക്ക് പോയി.പുറത്തു പാറകല്ലുകളില് ഇരുന്നു മുകളിലേക്ക്
നോക്കി.മുകളില്‍ രണ്ടിടത്തായി വെളിച്ചങ്ങള്‍ കാണാം.മുന്പേ പോയവരുടെ ഹെഡ് ലൈറ്റുകള്‍ ആവണം.ഒരു മരം നിറയെ മിന്നമിന്നികള്‍ കത്തുന്നത് പോലെ ..ഒരു വലിയ കൂട്ടം ലൈറ്റുകള്‍. ആ കാണുന്നത് ഒന്‍പതാം സ്റ്റേഷനും മുകളിലേതു ക്രെറ്ററും ആകണം..അങ്ങനെയാണെങ്കില്‍ ഇനി ഏറിയാല്‍ രണ്ടു മണിക്കൂര്‍ കൂടി കയറിയാല്‍ അവിടെ എത്താം.സൂര്യോദയം 4.35 നു ആണ് ഒരു വിശ്രമത്തിന് സമയം ഉണ്ട്.സമയം 1.30pm കഴിഞ്ഞിരിക്കുന്നു.നിലവില്‍ മഞ്ഞില്‍ കുളിച്ച താഴവരകളുടെ ദൃശ്യം അതിമനോഹരം.

"സര്‍ ഇതാ ചായ"
പറയുന്ന ചൂടില്ലെന്കിലും ചായ പെട്ടന്ന് റെഡി ആയി.

"റൂം വേണോ സര്‍"
"ഒരു റൂം മതി"
അവളുടെ മുഖത് ഒരു ചെറിയ നിരാശ.എല്ലാവരും അവിടെ തങ്ങുമെന്ന് പ്രതീക്ഷിച്ച പോലെ.ചായ കപ്പ്‌ തിരികെ വാങ്ങാനായി അവള്‍ അടുത്തുതന്നെ നില്ക്കുകയാണ്.

"നിങ്ങള്‍ ഏത് രാജ്യക്കാരാണ് സര്‍"
"ഇന്ത്യ"
"വോവ് .. ഇന്ത്യ....ഞാന്‍ ഒരുപാടു കേട്ടിട്ടുണ്ട്"

എന്താണ് അവള്‍ കേട്ടിട്ടുള്ളത് എന്ന് ചോദിച്ചില്ല.അധികം ലോകപരിച്ചയമിലാത്ത ചിലര്‍ക്ക് ഇന്ത്യയെ പറ്റി
വികലമായ കഴ്ചപാടാണ്.അവര്‍ക്കിപ്പോലും ഇന്ത്യ എന്നാല്‍ പാമ്പാട്ടികളുടെയും ചാണകം പുരട്ടിയ തറയില്‍ കിടക്കുന്നവരുടേയും ദേവ പ്രീതിക്കായി ശരീരത്തില്‍ കമ്പികള്‍ കുത്തിയിറക്കുനവരുടെയും രാജ്യമാണ്.കുറ്റം പറഞ്ഞിട്ട് കാര്യമില്ല .ആര്‍ട്ട് പടങ്ങള്‍ എന്ന് പറഞ്ഞിറങ്ങുന്ന ചില ഇന്ത്യന്‍ സിനിമകള്‍ കണ്ടാല്‍ നമുക്കു പോലും അങ്ങനെ തോന്നിപോകും.

"എന്താ നിന്‍റെ പേര്"
അറിയാന്‍ വലിയ താത്പര്യം ഇല്ലെങ്കിലും ചോദിച്ചു

"എചിഗോ അസാമി .. കൊള്ളാമോ? "
അത്ര കൊള്ളാവുന്ന പേരായിട്ട് തോന്നിയില്ലെന്കിലും തലയാട്ടി

"അസമിക്ക് ഇംഗ്ലീഷ് അറിയാമോ ?"

"എനിക്കറിയാം" എന്ന് ഇംഗ്ലീഷില്‍ അവള്‍ പറയാന്‍ ഒരുപാടു പാടു പെട്ടു.യുനിവേര്സിടിയില്‍ അവള്‍
ഇംഗ്ലീഷ് പഠിക്കുന്നുണ്ടത്രേ.

"അസാമി ഇതിന്റെ മുകളില്‍ പോയിട്ടുണ്ടോ"

"ഉണ്ട് രണ്ടോ- മൂന്നോ തവണ"

അതില്‍ അവള്‍ക്കു വലിയ തല്പര്യമില്ലതതുപോലെ

"മുകളില്‍ നിന്നും ഉദയം കാണാന്‍ ഭംഗി ആണ് എന്ന് പറയുന്നതു കേട്ടു.. കണ്ടിട്ടുണ്ടോ"
"ഇല്ല സര്‍ മുകളിലില്‍ നിന്നും ഞാന്‍ കണ്ടിട്ടില്ല..പക്ഷെ സൂര്യന്‍ എല്ലായിടത്തും ഉദിക്കുന്നത്
ഒരുപോലെയല്ലേ?"
നിസംഗത നിറഞ്ഞ ഒരു ആത്മഗതം ..
ഒരു കണക്കിന് അവള്‍ പറയുന്നതും ശരിയണ്.ഉദയം എല്ലായിടത്തുമുണ്ട്.പക്ഷെ ഇവിടെ നമ്മള്‍ എന്തോ പ്രത്യേകതയോടെ അതിനെ കാണുന്നു.ചിലപ്പോള്‍ മനസിന്‍റെ ഒരു തോന്നലായിരിക്കാം.പക്ഷെ അതിനു വേണ്ടി ഇത്രയും ആളുകള്‍ ഈ മലകയറി വരുമോ?ആവോ അറിയില്ല.

"ആ കാണുന്നതായിരിക്കും ക്രെട്ടര് അല്ലെ "
മുകളിലേക്ക് ചൂണ്ടി അവളോട്‌ ചോദിച്ചു.

"അല്ല അത് തണുപ്പ് കൂടിയത് കാരണം മുകളിലേക്ക് കയറാന്‍ കഴിയാതെ നില്‍ക്കുന്നവരുടെ
ഹെഡ് ലാമ്പിന്‍റെ വെളിച്ചമായിരിക്കാം."

"ഓഹോ അപ്പോള്‍ മുകളിലേക്ക് ഇനിയും ഒരുപാടു ദൂരം ഉണ്ടോ "
ഒന്നും മിണ്ടാതെ ആസാമി വിരല്‍ ചൂണ്ടി .

"4 hours to the top .Now you are at 3250m".
വലുതായി എഴുതി വെച്ചിരിക്കുന്നു.പക്ഷെ കണ്ടില്ല .ഇനിയും മുകളിലേക്ക് നാലു മണിക്കൂറുകള്‍
കയറണം.ഇപ്പോള്‍ സമയം ഒന്നര മണി കഴിഞ്ഞിരിക്കുന്നു.ഇപ്പോള്‍ കയറാന്‍ തുടങ്ങിയാല്‍ പോലും ഉദയത്തിനു മുന്‍പ് എത്താന്‍ കഴിയില്ല.കാലാവസ്ഥ പ്രതികൂലമായാല്‍ പിന്നെയും വൈകും.അരുണിനെ അവിടെയാക്കി പുറപ്പെടാന്‍ തുടങ്ങിയപ്പോള്‍ ഒന്നേ മുക്കാല്‍ കഴിഞ്ഞിരുന്നു.

കിഴക്ക് വെള്ള കീറിയപ്പോള്‍ ക്രെട്ടര് കാണാന്‍ കഴിയുന്ന ദൂരത്തിലെത്തി കഴിഞ്ഞിരുന്നു.ഭാഗ്യത്തിന് എട്ടാം സ്റ്റേഷന് ശേഷം ശക്തമായ കാറ്റുണ്ടായില്ല.തണുപ്പും ശ്വാസ തടസവും ഇടയ്ക്കിടയ്ക്ക് വന്നെങ്കിലും എങ്ങും തങ്ങേണ്ടി വന്നില്ല.ഇപ്പോള്‍ തണുപ്പ് ഒരു ഡിഗ്രി ആണ്.മുക്കില്‍ നിന്നും വെള്ളം വരുന്നതു നിയന്ത്രിക്കാന്‍ കഴിയാത്തത് പോലെ.ഇനിയും ഉദയത്തിനു അധികമില്ല.കാണാന്‍ പറ്റുന്നുണ്ടെങ്കിലും ഒരു മണിക്കൂര്‍ കൂടി കയറിയാലേ മുകളില്‍ എത്തു.ഉദയം കണ്ടിട്ടു ഇനി യാത്രതുടരാം എന്ന് തീരുമാന്നിക്കുകയയിരുന്നു.

മഞ്ഞിന്‍റെ കനത്ത മൂടുപടത്തിലൂടെ ചുവന്നു സുന്ദരമായ സൂര്യന്‍ .പല ടീമുകളും ഉദയം
കാണാന്‍ വഴിയില്‍ തങ്ങിയിട്ടുണ്ട് എന്ന് തോന്നുന്നു.സൂര്യന്‍ തെളിഞ്ഞു വന്നപ്പോള്‍ അവിടവിടങ്ങളില്‍
നിന്നും ആരവങ്ങള്‍ കേള്‍ക്കാമായിരുന്നു.ഫോട്ടോകള്‍ വിചാരിച്ചമാതിരി എടുക്കാന്‍ കഴിയുന്നില്ല.ക്യാമറ
ക്ലിക്ക് ചെയ്യാന്‍ പോലും തണുപ്പ് കാരണം മിക്കവര്‍ക്കും മടി.

വീണ്ടും കയറ്റം..ആറരയോടെ മുകളില്‍ എത്തി.ജിഷാദ് ആണ് കൂട്ടത്തില്‍ ആദ്യം
മുകളില്‍ എത്തിയത് പിന്നാലെ ജുനെയ്ധും.ഇപ്പോള്‍ നില്ക്കുന്നത് ജപ്പാനിലെ ഏറ്റവും ഉയരം കൂടിയ പോയിന്റില്‍ ആണ്.നാട്ടി നിര്‍ത്തിയ കല്‍സ്തംഭത്തില്‍ 3750 മീറ്റര്‍ അടയാളപെടുതിയിരിക്കുന്നു. മനസിനും അതിലേറെ ശരീരത്തിനും കുളിര്‍മ.ഒരു കാറ്റടിച്ചു മഞ്ഞു മാറിയപ്പോള്‍ അങ്ങിങ്ങായി പര്‍വതങ്ങളും താഴ്വരകളും തെളിഞ്ഞു വന്നു.നിമിഷങ്ങള്‍ക്കുള്ളില്‍ ആ സുന്ദര ദൃശ്യങ്ങള്‍ വീണ്ടും മറഞ്ഞു.നൂറുവാര അകലെ പോലും കാണാന്‍ പറ്റാത്ത രീതിയില്‍ മഞ്ഞു മൂടി കഴിഞ്ഞിരുന്നു.



നൂറ്റാണ്ടുകള്‍ക്കു മുമ്പുണ്ടായ പൊട്ടിത്തെറിയുടെ ബാക്കിപത്രം ഒരു വലിയ കുഴിമാത്രം.രണ്ടു
മിനിട്ടിലധികം മുകളില്‍ നില്ക്കാന്‍ കഴിഞ്ഞില്ല തണുപ്പാണ് പ്രധാന കാരണം.കുറഞ്ഞ മര്‍ദം കാരണം തലവേദനയും കാഴ്ച മറച്ചു മഞ്ഞും.മുകളില്‍ എത്തുന്ന ചിലര്‍ ഇത്തരം സമയങ്ങളില്‍ മായകാഴ്ചകള്‍ കാണാറുണ്ട്.ഓടുന്ന മാനിനേയും മരം കയറുന്ന കരടികലെയുമൊക്കെ കണ്ടതായി ചിലരുടെ അനുഭവങ്ങളില്‍ വായിച്ചിട്ടുണ്ട്.കന്ചാവു വലിക്കാതെ കിട്ടുന്ന ഹലോസിനെഷന്‍ ചിലപ്പോള്‍ രസകരമായ അവസ്ഥയയിരിക്കാം.

ഒന്നരക്ക് ബേസ് സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്ന ബസ്സ് ..വഴിയില്‍ കാത്തിരിക്കുന്ന അരുണ്‍....ഒരു രാത്രി മുഴുവന്‍ കയറിയ ദൂരം..ചരല്‍ നിറഞ്ഞ ചെരുവിലൂടെ മുഖത്തെ മഞ്ഞുത്തുള്ളികള്‍ തുടച്ചു മാറ്റി.. ഇനി താഴെക്കിറക്കം.ക്ഷീണിച്ച മുഖങ്ങളിലും സന്തോഷവും സംതൃപ്തിയും ഉണ്ട്.സൂര്യോദയം എല്ലായിടത്തും ഒരുപോലെ ആണോ? അല്ല ഒരിക്കലും ആയിരിക്കില്ല.ഇന്നു കണ്ട ഉദയത്തിനു പ്രത്യേകതകള്‍ ഏറെ ഉണ്ട്..തീര്‍ച്ചയായും.

വഴിയില്‍ എവിടെനിന്നോ നീണ്ട വിളികള്‍ കേള്‍ക്കാം...അവ അകന്നകന്നു അലിഞ്ഞു പോകുന്നു
"ഗമ്ബരേഏഏഏഎ.... "

Sunday, June 7, 2009

കല്യാണതണ്ട്



“ഇടുക്കിയിലെ എറ്റവും മനോഹരമായ സ്ഥലം ഏതാണ് മഷേ?“
പതിവു ചോദ്യം ഇടുക്കി കണാന്‍ എത്തുന്ന സഞ്ചരികളുടെതാണ്.
പെട്ടന്ന് ഒരുത്തരം പറയാന്‍ പറ്റാത്ത ചോദ്യമണ്.ഇടുക്കിയിലെ എല്ലാസ്ഥലങ്ങലും മനോഹരങ്ങലാണ്,ഒരൊ സ്ഥലതിനും അതിന്റെതായ പ്രത്യേകതകള്‍ ധാരാളമാണ്..എങ്കിലും ഈ ചോദ്യത്തിനു ഉത്തരം പറയെണ്ടി വന്നപ്പൊളൊക്കെ “കല്യാണതണ്ട്“ എന്നാകും പറഞ്ഞിട്ടുന്ണ്ടകുക.
സഞ്ചാരികളില്‍നിന്നകന്നു ഇടുക്കി ജലാശയതിന്റെയും കാനനഭംഗിയുടെയും വശ്യത ഒളിപ്പിച്ച്ച് കല്യാണതണ്ടു മലനിരകള്‍ മയങ്ങുന്നതിവിടെയണു.360 ഡിഗ്രീ ചുറ്റിലും കണ്ണിലും മനസിലും ഒതുങ്ങത്ത മനോഹരദര്‍ശനം ഒറ്റയ്ക്കു നുകരാം എന്നതാണു
ഇവിടുത്തെ പ്രത്യേകത.


തൊടുപുഴ-കട്ടപ്പന സ്റ്റേറ്റ് ഹൈവെയില്‍ പൈനവില്‍ നിന്നും 17 കിലൊമീറ്റര്‍ അകലെ കാ‍ല്‍വരിമൌന്റ് അഥവാ പത്താംമൈല്‍
എനസ്ഥലത്തു നിന്നുമാണ് ഇവിടേക്കു തിരിഞ്ഞു പൊകേണ്ടതു.ഒന്നു രണ്ടു ചായ കടകളും മറ്റു ചെറിയ കടകളും മാത്രമുള്ള ഇവിടടുത്തു ഒരു തേയില ഫാക്ടറിയും ഉണ്ടു.ഏറ്റവും ഉയരം കൂടിയ ഈ സ്ഥലത്ത് കടുത്ത വേനലില്‍ ഒഴിച്ചു തണുപ്പും മഞ്ഞും
സാധാരണമാണ്.കൊച്ചിടുക്കി കാനനഭംങ്ങിയും കല്യാണതണ്ട് മലനിരകളും കാല്‍വരി മൌന്റ് മല സഞ്ചാരികളില്‍ നിന്നും
മരച്ചുപിടിക്കുന്നതിനാല്‍ റൊഡിലൂടെ യാത്ര ചെയ്യുന്നവര്‍ക്കു മറുപുറത്തെ വിസ്മയകാഴ്ചകളെ പറ്റി യതൊരു ഊഹവും
കിട്ടില്ല.പത്താംമൈലില്‍ നിന്നും ഇവിടേക്കുള്ള വഴിയില്‍ വനസംരക്ഷണ സമിതി വക നിറം മങ്ങി പടം കണാന്‍ കഴിയാത്ത ഒരു ബോര്‍ഡു കണ്ണില്‍ പെടുന്നവര്‍പോലും മുകലിലേക്കു നൊക്കുമ്പൊള്‍ അവിടെ കാര്യമായി ഒന്നും ഉണ്ടാവില്ല എന്നേ ചിന്തിക്കൂ.ഇവിടുത്തെ പ്രശാന്തതയ്ക്കും പവിത്രതക്കും ഇതുതന്നെയണു പ്രധാന കാരണം.


പത്താം മൈലില്‍ നിന്നും മുകലിളിലേക്കു കുത്തുകയറ്റമാണു.കൊണ്‍ക്രീറ്റ് പാത വളരെ പെട്ടന്നു അവസനിക്കും ശേഷം കുത്തു കയറ്റങ്ങളും ഉരുളന്‍കല്ലുകള്‍ നിറഞ്ഞ വഴിയണ്.കാറുകളുടെ അടി ഇടിക്കാന്‍ സാധ്യതയുള്ളതിനാല്‍ വണ്ടിയെ സ്നേഹിക്കുന്നര്‍ പത്താം മൈലില്‍ നിന്നും ജീപ്പു വിളിച്ചു പൊകുന്നതാണു ഉത്തമം.അല്ലെങ്കില്‍ നിങ്ങളുടെ എസ്.യു.വി ഒന്നു ശരിക്കു ആസ്വദിക്കുകയുമാകാം.മുകളില്‍ ചെല്ലുമ്പൊള്‍ അവിടെ “ആപെ” ഒട്ടൊ കണ്ടാല്‍ ഞെട്ടണ്ട.ഇവിടുത്തെ ഒട്ടൊക്കാര്‍ സാഹസികരാണ്.

ഒരു കിലൊമീറ്റെര്‍ കയറി മുകളില്‍ എത്തുംവരെ ആര്‍ക്കും മടുപ്പുതൊന്നും.“ഇയാളിതെങ്ങൊട്ടാ കൊണ്ടുപൊകുന്നതു” എന്ന മട്ടിലണ് എന്റെ കൂടെ വന്ന പലരും നൊക്കിയിട്ടുല്ലതെങ്കിലും മലയുടെ മുകളിലെത്തി മറുവശം കാണുമ്പൊള്‍ അവരുടെ മുഖത്തെ ഭാവം കണ്ടാല്‍ സംത്രുപ്തമാകും.ഇടുക്കി ജലാശയം മലകളെ ചുറ്റിപിണഞ്ഞു കിടക്കുന്ന കാഴ്ച്ച.മുന്നില്‍ കൊടും വനങ്ങളും ദ്വീപുകളും അവക്കുമുകളിലായി മലകലുടെ നീണ്ട നിരകളും..പിന്നില്‍ ആനമുടി ഉള്‍പ്പെടെ ഉള്ള മലകളുടെ വിദൂരകാഴ്ച്ചകള്‍..പക്ഷെ ചിലസമയങ്ങളില്‍ വരുന്ന മൂടല്‍മഞ്ഞു അല്പസമയം ദൂരകാഴ്ചകളെ മറച്ചെങ്കില്‍ വിഷമിക്കേണ്ട,ജലായത്തില്‍ നിന്നും മുകളിലേക്കു വരുന്ന കാറ്റ് കാഴ്ചകളുടെ കാന്‍വാസ് തുടയ്ക്കുന്ന സുന്ദരദര്‍ശനം കാണാന്‍ ഭാഗ്യം ലഭിക്കും.


പത്തുമുപ്പതു വര്‍ഷങ്ങള്‍ക്കും മുന്‍പു (ക്രുത്യം പറഞ്ഞാല്‍ 1973 നു മുന്‍പ്) ഇടുക്കി അണക്കെട്ടില്‍ വെള്ളം സംഭരിക്കുന്നതിനും മുന്‍പു ഇടുക്കി റിസെര്‍വ് വനത്തിന്റ്റെ ഭാഗമായി കിടന്നിരുന്ന മലകളും വനങ്ങലും അണക്കെട്ടിവെള്ളം നിറഞ്ഞതൊടെ വെള്ളത്തിനടിയിലായ്.ചില മലകള്‍ ദ്വീപുകളായ്.ഇത്തരം വലുതും ചെറുതുമായ അനവധി ദ്വീപുകള്‍ ഇവിടെ നിന്നാല്‍ കണാ‍ന്‍ കഴിയും.കാലവര്‍ഷത്തിനും വേനലിനുമിടയില്‍ ജലനിരപ്പില്‍ നൂറിലധികം അടിയുടെ വത്യാസം ഉണ്ടാകുന്നതിനാല്‍ വേനല്‍ തുടങ്ങിയാല്‍ പല ദ്വീപുകളും ദ്വീപല്ലാതാകുകയും പുതിയ ദ്വീപുകള്‍ ഉയര്‍ന്നു വരുന്നതും സാധാരണ കാഴ്ചയാണ്.മഴതുടങ്ങിയാല്‍ മുന്‍പു കണ്ടിട്ടുള്ള പല ദ്വീപുകളും അപ്രത്യക്ഷമാകും

ജലായത്തിനു പലയിടങ്ങളില്‍ പല നിറങ്ങളാണ്.സൂര്യ പ്രകാശവും ആഴവും മുങ്ങികിടക്കുന്ന കുന്നുകളുടെ മണ്ണിന്റെ
ഘടനയുമനുസരിച്ചു പച്ച,നീല,ഇളം നിറങ്ങള്‍ തുടങ്ങി തടകത്തിന്റെ ഭഗങ്ങല്‍ പല നിറങ്ങളിലാണ് കാണപ്പെടുക.ഭാഗ്യശലികള്‍ക്കു ആനക്കൂട്ടം ദ്വീപുകളില്‍ നിന്നും ദ്വീപുകളിലേക്കു നീന്തുന്നതു കാണാനാകും.അനുഭവം വെച്ചുനൊക്കിയാല്‍ ഈ ഭാഗ്യം ലഭിക്കാന്‍ ക്യമറ ഇല്ലാതെ പോകണം.

മുന്‍പു ഇവിടെ ടൂറിസം വക ടിക്കെറ്റ് കൌന്ണ്ടറും ഒരു വാച്ചറും ഉണ്ടായിരുന്നതു ഇപ്പൊള്‍ പൊളിച്ചു
മറ്റിയിരിക്കുന്നു.വിനോദസഞ്ചരികള്‍ക്കായി തീര്‍ത്ത കുടിലുകളില്‍ തണുത്ത കാറ്റെറ്റ് അരുടെയും ശല്യമില്ലാതെ കാഴ്ച കണ്ടിരിക്കുന്നതിന്റെ സുഖം ഒന്നു വേറെയണ്.ഇവിടെ എത്തുന്നവര്‍ പലര്‍ക്കും മലയിറങ്ങി ജലാശയതിന്റെ അടുത്തു പൊകാന്‍ തോന്നുന്നതു സ്വഭാവികം.മുകളില്‍ നിന്നു തഴെക്കുനൊക്കുമ്പൊള്‍ ദൂരം ശരിയായി മനസിലാക്കാന്‍ പറ്റാത്തതാണ് കാരണം.അങ്ങനെയുള്ളവര്‍ക്കു ദൂരത്തെ കുറിച്ചു ധാരണ കിട്ടാന്‍ അവിടെ നിന്നും തഴെക്കു ഒരു കല്ലെറിഞ്ഞു നൊക്കുന്നതു നന്നായിരിക്കും എന്നു അനുഭവം സാക്ഷി.ജലാശയതിന്റെ അടുത്തുള്ള പക്ഷിമൂക്കന്‍ പാറയും ഹട്ടും ഒക്കെ വളരെ മനോഹരമാണെങ്കിലും കൊടുംവനത്തിലൂടെ അവിടെ പോയിവരാ‍ന്‍ കുറഞ്ഞതു 4 മണിക്കൂര്‍ എങ്കിലും വേണം.


അല്പം സാഹസികത താല്പര്യമുള്ളവര്‍ക്ക് നാരകക്കാനം ടണല്‍ യാത്ര പരീക്ഷിക്കാവുന്നതണ്.കാല്‍വരി മൌന്റില്‍ നിന്നും ഇടുക്കി വഴിക്കു 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം.വഴിയില്‍ പ്രത്യേകിച്ചു ബോര്‍ഡുകല്‍ ഒന്നും തന്നെയില്ല.നാ‍രകകാനത്തെ തടയണയില്‍ നിന്നും ഇടുക്കി പദ്ധതിയിലേക്കു വെള്ളം എത്തിക്കന്‍ നിര്‍മിച്ചതണ് 1 കിലോമീറ്ററോളം നീളമുള്ള ഈ തുരങ്കം.കുറത്തിമലയുടെ ഉദരത്തിലൂടെ ഉള്ള ഈ ഗുഹ വളവുകളില്ലാത്തതാണ്.10 അടിയിലധികം വാവട്ടമുള്ള ഗുഹയുടെ ഒരറ്റത്തു നിന്നു നൊക്കിയാല്‍ ഒരു രൂപ നാ‍ണയതിന്റെ വലിപ്പത്തില്‍ 1 കിലോമീറ്റര്‍ അകലെ മറ്റെ അറ്റം കണാന്‍ കഴിയും.ഇടുക്കി അണക്കെട്ടിനു സമീപം വനതിനുള്ളിലെ പാറകെട്ടിലാണ് അവസാനിക്കുന്നതു.ഇതു കടന്നു വന്നാല് ജലാശയതിന്റെ കരയില്‍ എത്താന്‍ ഇത്തവണ കൂട്ടിനു രംഗന്‍ ആയിരുന്നു.

മഴ ശക്തമാകതതിനാല്‍ ടണലില്‍ വെള്ളം നന്നെ കുറവയിരുന്നു.ഉള്ളിലെ വായു സഞ്ചാരത്തെ പറ്റി അദ്യം പോകുന്നവര്‍ക്കു പേടി തോന്നും.ശക്തിയുള്ള രണ്ടു ടോര്‍ച്ച് കയ്യില്‍ കരുതിയിരുന്നു. ഗുഹയുടെ തുടക്കതില്‍ തടികളും മറ്റും ഒഴുകി തടസ്സങ്ങള്‍ ഉണ്ടാകാതിരിക്കന്‍ നിര്‍മ്മിചിരിക്കുന്ന അഴികള്‍ക്കിടയിലൂടെ നൂണു ഉള്ളില്‍ കടന്നാല്‍ പിന്നെ കാണാന്‍ തുരങ്കതിന്റെ രണ്ടു
വശങ്ങല്‍മാത്രം.മുഴക്കവും,ഇരുട്ടും,തണുപ്പും,രണ്ടറ്റത്തേക്കുമുള്ള ദൂരവും നടുവിലെത്തുമ്പൊള്‍ ശരിക്കും ഭയം ജനിപ്പിക്കും.

ഗുഹയുടെ ഉള്ളില്‍ കരിങ്കല്ലുകളില്‍ നിന്നും വെള്ളം ഇറ്റുവീഴുന്നുണ്ട്.തുരങ്കതിന്റെ അവസാനമെത്തുമ്പൊള്‍ കാണുന്ന വനഭംഗി ഒന്നു വേറെ തന്നെയണ്.കാല്‍വരിമൌന്റില്‍ നിന്നു കണ്ട കാഴ്ചകള്‍ ഇവിടെ തൊട്ടടുത്തുകാണാം.




(ശ്രദ്ധിക്കുക ഇത്തരം തുരങ്കങ്ങളിലൂടെയുള്ള യാത്ര വളരെ അപകടം പിടിചതും മുന്നറിയിപ്പു ബോര്‍ടുകളില്ലെങ്കിലും നിരോധിച്ചിട്ടുള്ളതുമാണു.ഇടുക്കിയില്‍ ഇത്തരം മറ്റു ഗുഹകള്‍ ഉള്ളതു കട്ടപ്പനയ്ക്കടുത്തു അഞ്ചുരുളിയിലും വാഗമണ്ണിലുമാണു.3 കിലൊമീറ്ററിലധികം നീളമുള്ള അഞ്ചുരുളി തുരങ്കവും വളവുകളില്ലാത്തതണ്.ഇരട്ടയാര്‍ അണക്കെട്ടും ഇടുക്കിയും ബന്ദിപ്പിക്കുന്ന ഈ തുരങ്കതിലൂടെ നിര്‍മാണ ശേഷം ആരും പൊയ്ട്ടില്ലത്രെ.വിഷവാതകങ്ങളും ഒക്സിജന്റെ കുറവും മരണം വിളിച്ചു വരുത്തും.നിര്‍മാണതിലെ അപാകത മൂലം വളഞ്ഞു പോകുകയും തന്മൂലം തീരെ വെളിച്ചമില്ലത്സ്തതുമായ വഗമണ്ണില തുരങ്കം ഏറെ ഭീകരമാണ്)

ദൂരം : ഇടുക്കി ജില്ല ആസ്ഥാനത്ത് നിന്നും 17 കിലോമീറ്റര്‍
ഉയരം : 2700 അടിക്കു മുകളില്‍ .
യാത്ര : ജീപ്പ് അനുയോജ്യം
അനുയോജ്യ സമയങ്ങള്‍ : 11.00am -2.00pm അനുയോജ്യം
കാഴ്ച : കല്യാണതണ്ട് മലകള്‍ ,ഇടുക്കി ജലാശയം
തങ്ങാനൊരിടം : ഗവ.ഗസ്റ്റ് ഹൌസ് ചെറുതോണി(91-4865-2233086),ഹോട്ടല്‍ സ്റ്റോണേജ് ചെറുതോണി
സഹായത്തിനു :9447522368,9447522056 (Strangers painavu)

Monday, June 1, 2009

വരയാട്ടുമൊട്ട


"വരയാടും വേഴാമ്പലും നിങ്ങളെ കാത്തിരിക്കുന്നു"
വരയാട്ടുമൊട്ടയെ പറ്റി വന്ന ലേഖനത്തില്‍ ഏറെ ആകര്‍ഷിച്ചത് ഈ വരികളായിരുന്നു.മുഴുവന്‍ വായിക്കും മുന്‍പ്തന്നെ അവിടെക്കൊരു യാത്ര മനസ്സില്‍ ഉറപ്പിച്ചു.തിരുവനന്തപുരത്തിന്റെ 59 കിലോമീറ്റര്‍ അകലെ പൊന്‍ മുടിക്കടുത്താണ് വരയാട്ടുമൊട്ട.1200 മീറ്ററൊളം ഉയരമുള്ള ഈ റേഞ്ചിലെ എറ്റവും ഉയരംകൂടിയതാണു വരയാട്ടുമൊട്ട ,വരയാട്ടുമുടി എന്നൊക്കെ അറിയപ്പെടുന്ന ഈ കൊടുമുടി.കേരളത്തില്‍ മൂന്നാറിനു തെക്ക് വരയാടുകള്‍ ഉള്ള ഏക മലയും ഇതാണ്.30എണ്ണത്തൊളം ഇവിടെ ഉണ്ടെന്നാണു അറിയാന്‍ കഴിഞ്ഞതു.ഇകൊ ടൂറിസം പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഗൈഡഡ് ട്രെക്കിഗ് ആണു ഈമലകളിലേക്കുള്ള്.

ചാറ്റല്‍മഴയുള്ള വെളുപ്പാന്‍ കാലത്തുതന്നെ തിരുവനന്തപുരത്തുനിന്നും തിരിച്ചു.നഗരം വിട്ടു ചെറിയ ഗ്രാമങ്ങളിലൂദെ ,ചെറിയ കാടുകളിള്ലൂടെ ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിയപ്പൊള്‍ 7 മണി കഴിഞ്ഞിരുന്നു.ഇകൊ ടൂറിസം വക ചെറിയ ഓഫീസിന്റെ തിണ്ണയില്‍ ഗൈഡ് രാമചന്ദ്രന്‍ റെഡി.കയ്യില്‍ ഒരു കന്നാസും കത്തിയും ഒരു ചെറിയ പൊതിയും.കന്നാസ് വെള്ളം കൊണ്ടുപൊകാനാണ്.ചോലവനങ്ങള്‍ കടന്നു പുല്‍മെട്ടിലെത്തിയാല്‍ വെള്ളം കിട്ടാന്‍ ബുദ്ധിമുട്ടാണ്.പൊതിയില്‍ എന്താണെന്നു ചോദിച്ചപ്പൊള്‍ ഒരു ചെറുചിരിയോടെ രാമചന്ദ്രന്‍ തുറന്നു കാട്ടി..നാലഞ്ചു കവര്‍ ശംഭു ആണു.ആട്ടയ്ക്കെതിരെ ഉള്ള ഒരു ഉഗ്രന്‍ പ്രയോഗം.ശംഭു ചെറിയ കിഴികെട്ടി യാത്രക്കുമുന്‍പുതന്നെ എല്ലാവര്‍ക്കും തന്നിരുന്നു.ഉപ്പു,ഡെറ്റൊള്‍,സോപ്പുപൊടി തുടങ്ങിയ പ്രയോഗങ്ങലേക്കള്‍ വളരെ ഫലപ്രദമാണു ഈ പരിപാടിയെന്നു കിഴി മുട്ടുമ്പൊള്‍ തന്നെ പിടിവിടുന്ന അട്ടകളെ കണ്ടപ്പൊള്‍ ശരിക്കും മന്സിലായി.


സമുദ്രനിരപ്പില്‍ നിന്നും 200 മീറ്റരില്‍ നിന്നും തുടങ്ങുന്ന യാത്രയില്‍ വരയാട്ടുമൊട്ടയുടെ മുകളിലെത്തന്‍ 3 കിലൊമീറ്റെര്‍ വനത്തിലൂടേയും 2കിലൊമീറ്റെര്‍ പുല്‍മേടുകളിലൂടെയും മലകയറണം.ഫോറസ്റ്റു സ്റ്റേഷനില്‍ നിന്നും നോക്കിയാല്‍ മറ്റു മലകളുടെ മറവുമൂലം വരയാട്ടുമുടി കാണാന്‍ കഴിയില്ല.ഫോറസ്റ്റ് സ്റ്റേഷന്നു തൊട്ടടുത്തുള്ള കാളക്കയവും കുരിശടി വെള്ളച്ചാട്ടവും വളരെ മനോഹരമാണു.
അകെഷിയയും യൂക്കലിമരങ്ങളും നിറഞ്ഞ നിരപ്പില്‍ നിന്നും കയറിചെല്ലുന്നതു അടഞ്ഞ ഈറ്റക്കാടുകളിലേക്കണ്.തിങ്ങിവളര്‍ന്നു നില്‍ക്കുന്ന ഈറ്റക്കാടുകള്‍ക്കിടയിലൂടെ അരയാള്‍ പൊക്കത്തില്‍ വെട്ടിയിണ്ടാക്കിയിരിക്കുന്ന തുരങ്കതിലൂടേ വേണം മുകളിലെക്കു കയറാന്‍.ഒരാള്‍ക്കു കഷ്ടി നൂണുകടക്കാം.കുനിഞ്ഞു ഉള്ളില്‍ കടന്നാല്‍ പിന്നെ നടുവു നിവര്‍ത്തണമെങ്കില്‍ പുറത്തുകടക്കണം.ഇലകള്‍ വീണുകിടക്കുന്ന കയറ്റത്തില്‍ തെന്നാനും കണ്ണിലും മറ്റും കുത്തികയറാനും സാധ്യതയുള്ളതിനാല്‍ ഇതു വളരെ അപകടകരമായി തോന്നി.ചിലയിടങ്ങളില്‍ 10 മിനിട്ടിലധികം കുനിഞ്ഞു നടക്കേണ്ടിവന്നു.ഇടക്കുള്ള തെളിഞ്ഞ ഇടങ്ങളില്‍ ഒന്നു നടുവുനിവര്‍ത്തി വീണ്ടും ഈറ്റക്കാടുകളിലൂടെ പത്തുപെരുടെ ക്യൂ ഇഴഞ്ഞു നീങ്ങി.മുന്‍പിലും പിന്‍പിലും അരൊക്കെയൊ ഇടക്കു തെന്നിവീഴുന്നുണ്ടെങ്കിലും നിവര്‍ന്നു നൊക്കാന്‍ കഴിയുന്നില്ല

നിസ്സാരപരിക്കുകളോടേ ഈറ്റക്കാടിനു പുരത്തെത്തി.ഇനി ഇരുണ്ട പച്ചനിറമുള്ള അടഞ്ഞ നിത്യഹരിതവനങ്ങളാണ്.ആകാശം മറയ്ക്കുന്ന കൂറ്റന്‍ മരങ്ങള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചത്തില്‍ തിളങ്ങുന്ന ചെറിയ നീര്‍ച്ചാലുകള്‍.ദൂരകാഴ്ച തീരെയില്ല.ദിശാബോധം തീരെ നഷ്ടപ്പെട്ടതുപൊലെ തോന്നി.മരങ്ങള്‍ക്കിടയിലൂടെ മുകളിലേക്കുള്ള കുത്തുകയറ്റതില്‍ ഇലകള്‍ വീണഴുകികിടക്കുന്ന മേല്‍മണ്ണ് ഒരടിക്കു രണ്ടടി എന്ന കണക്കില്‍ പിന്നോട്ടു പോകും.താഴേക്കുനോക്കിയാല്‍ ചാടിപിടിക്കന്‍ അവസര്‍ം നൊക്കുന്ന ചോരകുടിയന്‍ അട്ടകള്‍..എങ്ങും നില്‍ക്കാതെ വളരെ വേഗം നടക്കുക എന്നതുമാത്രമാണു പോംവഴി.ഇടക്കൊരു പാറയെതിയപ്പൊളാണു ശംഭു കിഴികള്‍ പുരത്തെടുത്തത്.മിക്കവരുടെയും കഴുത്തില്‍വരെ അട്ടകള്‍ കടിച്ചുതൂങ്ങി.ടീ-ഷര്‍ട്ടുകളില്‍ പലയിടത്തും ചോരപാടുകള്‍.

അല്പസമയം ഒരു ചെറിയ മരച്ചുവട്ടില്‍ വിശ്രമിക്കാന്‍ വിട്ടിട്ടു ഗൈഡ് തിരിച്ചെത്തുമ്പൊള്‍ കയ്യില്‍ ഒരു തീരെ കനംകുറഞ്ഞ എന്നാല്‍ നല്ല ബലമുള്ള ഒരു തരം വടികള്‍ ഉണ്ടായിരുന്നു.ഇവിടെ വളരുന്ന പന വര്‍ഗത്തില്‍പെട്ട ചെടിയുടെ മടലുകളാണത്രെ.മുകളിലേക്കു ചെന്നപ്പൊള്‍ ഈ ചെടി കണാന്‍ കഴിഞ്ഞു.കണമരത്തിനോടു സാമ്യമുള്ള അതില്‍ നിന്നും കള്ള് ചെത്തിയെടുക്കാന്‍ പറ്റുമത്രെ.

കയറ്റതിനിടയില്‍ പലരും വീണെങ്കിലും അധികം പെയ്ന്റു പോകതെ രക്ഷപെട്ടു.




മൂന്നിലദികം മണിക്കൂര്‍ നീണ്ട വനയാത്ര പതിനൊന്നു മണിയൊടെ പുല്‍മേട്ടിലെത്തിച്ചു.വെളിച്ചവും പുല്‍മേടും കണ്ടപ്പൊള്‍ തന്നെ വല്ലാത്തൊരാശ്വാസം.അങ്ങിങ്ങു കുറച്ചു മലകള്‍ കാണാം.മുന്നോട്ട് പോകുംതോറും താഴ്വരകളുടെ സുഭഗ ദര്‍ശനം കിട്ടിതുടങ്ങും.
പുല്‍മേടിന്റെ ഒത്തനടുക്കുള്ള ഒറ്റപാറയും ചുറ്റും തണല്‍ തീര്‍ത്തു നില്‍ക്കുന്ന നലഞ്ച്ചു മരങ്ങളും സവിശേഷമായ കാഴ്ച്ചയണ്.സുഖകരമായ തണുത്ത കാറ്റേറ്റ് മേഘങ്ങളെ ഉമ്മവെക്കുന്ന മലകളെയും പച്ചപുതച്ച താഴ്വാരങ്ങളെയും കണ്ടു വിശ്രമിച്ചെ ആരും മുകളിലേക്കു പോകൂ.




പുല്‍മേടുകളില്‍ ചിലയിടങ്ങളില്‍ കാഴ്ച്ചപ്പനയൊട് സാമ്യമുള്ള ചില മരങ്ങള്‍ കൂട്ടമായി വളര്‍ന്നു നില്‍പ്പുണ്ട്.ഈ പനകള്‍ ഉയര്‍ന്ന മലകളിലേ വളരൂ എന്നും ഇതിന്റെ പഴുത്തുവീഴുന്ന ഓലകള്‍ വരയാടുകള്‍ കഴിക്കാറുന്ടെന്നുമൊക്കെ ഗൈഡില്‍ നിന്നും അറിയാന്‍ കഴിഞ്ഞു.വാഗമണ്ണ് കുരിശുമലയിലെ ചില പാറക്കെട്ടുകളില്‍ ഇത്തരം പനകള്‍ മുന്‍പു കണ്ടത്തോര്‍ക്കുന്നു.





പുല്‍മേടുകളില്‍ നിന്നും നൊക്കിയാല്‍ തലക്കു മുകളിലായി വരയാട്ടുമൊട്ട കാണാം.വലിയ മകമത്സ്യത്തെ കൊത്തിവെച്ചിരിക്കുന്നതുപൊലേ വലിയ ഒരു പാറ.അതിന്റെ ചുവട്ടില്‍ എതിയപ്പൊള്‍ തന്നെ എല്ലാവരും തളര്‍ന്നിരുന്നു.ഗൈഡ് അടക്കം പലര്‍ക്കും ഇനി മുകളിലേക്കു കയറാന്‍ മടി.പാറക്കെട്ടുകളിലൂടെ മുകളിലേക്കു വലിഞ്ഞു കയറുന്നതു വിലക്കിയ ഗൈഡിന്റെ മുന്നറിയിപ്പുകള്‍ സ്നേഹപൂര്‍വം അവഗണിച്ചു ഞാനടക്കം കുറച്ചുപേര്‍ മുകളിലേക്കു കയറി.ഇടക്കിടെ വന്നുപോകുന്ന മേഘങ്ങള്‍ ചാറ്റല്‍മഴ പൊഴിക്കുന്നതിനാലാവണം പാറകളും പുല്ലുമെല്ലാം നന്നായി നനഞ്ഞിരിക്കുന്നു.നല്ല വഴുക്കലുമുണ്ട്.ചില മേഘങ്ങള്‍ കടന്നുപോകുമ്പൊള്‍ മഴപെയ്തതു പൊലേ ഞങ്ങള്‍ നനഞ്ഞെങ്കിലും താഴെ നിന്നവര്‍ ഒട്ടും നനയാഞ്ഞതു കണ്ടു പിന്നീടു വിസ്മയം തൊന്നി.ഇടക്കു ഞങ്ങളുടെ നിലക്കും താഴത്തുകൂടി കടന്നുപോയ മേഘം തഴ്വരകളുടെയും താഴെനില്‍ക്കുന്നവരുടെയും ദ്രിശ്യങ്ങള്‍ പറ്റെ മായിച്ചു.മുകളില്‍ നോക്കിയല്‍ നനഞ്ഞ പാറയും തെഴെ മേഘങ്ങളും ..ആ അനുഭൂതി വര്‍ണനകള്‍ക്ക് അപ്പുറമാണു ക്ഷമിക്കൂ.



അരമണിക്കൂര്‍ പരിശ്രമം വേണ്ടിവന്നു മുകളിലെത്താന്‍.ഇവിടെ നിന്നാല്‍ കടല്‍ കാണാം എന്നുപറഞ്ഞിരുന്നു എങ്കിലും കാലാവസ്ത പ്രതികൂല മായിരുന്നു.കനത്ത മഞ്ഞുവന്നു കാണാഞ്ഞിട്ടാവണം താഴെനിന്നും കൂക്ക് വിളികള്‍കേട്ടു.താഴേക്ക്‌ നോക്കിയാല്‍ മഞ്ഞല്ലാതെ ഒന്നും കാണാന്‍ കഴിയുന്നില്ല.മുകളിലെത്തിയത്തിന്റെ സന്തോഷവും വരയാടിനെ കാണാത്ത ദുഖവുമായി അഞ്ചരമണിക്കൂര്‍ കയറ്റം അവസാനിപ്പിച്ചു ഇറങ്ങാന്‍ തുടങ്ങി.ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തുമ്പോള്‍ അഞ്ചുമണി കഴിഞ്ഞിരുന്നു.തൊട്ടടുത്തുള്ള മങ്കയം വെള്ളച്ചാട്ടത്തില്‍ കുളിച്ചു ചീവിടിന്റെ സംഗീതത്തിന്റെ അകമ്പടിയോടെ വണ്ടിയില്‍ കയറി തിരിക്കുമ്പോള്‍ സൂര്യന്റെ അവസാന രശ്മികളും മങ്ങിമറഞ്ഞു കഴിഞ്ഞിരുന്നു


എത്തേണ്ട വഴി : തിരുവന്തപുരം - പാലോട് -മങ്കയം
കൂടുതല്‍ വിവരങ്ങള്‍ക്കും ഗൈഡിനും :- വിളിക്കുക 0472 2842122 പാലോട് ഫോറസ്റ്റ് സ്റ്റേഷന്‍
ചിത്രങ്ങള്‍ക്ക് കടപ്പാട് : -റോസ്ബിന്‍ പാലയ്ക്കല്