Friday, October 17, 2008

സാമ്പത്തിക ദുര്‍ഭൂതം

ഓഫീലെ ഒഴിവു സമയത്തു നടത്താന്‍ പറ്റിയ ഏക വിനോദമായിരുന്നു പത്രവായന.രണ്ടാഴ്ചയായി പത്രം തുറക്കാന്‍ പേടിയാണ് ."മ" പത്രങ്ങളിലെ ഭൂതകഥകളാണ് വില്ലന്‍.സാമ്പത്തിക ദുര്‍ഭൂതത്തിന്റെ നിറംപിടിപ്പിച്ച കഥകള്‍ വായിച്ചവര്‍ക്ക് പേടിച്ചു പനി വരെ പിടിച്ചത്രേ.പുറത്തിറങ്ങാന്‍ പലര്ക്കും പേടി.കൂനിന്‍മേല്‍ കുരു പോലെ പവര്‍ കട്ടും.
പണി പോയ പലരും വീട്ടില്‍നിന്നും പുറത്തിറങ്ങുന്നില്ല.അസമയത്ത് പുറത്തിറങ്ങിയ ചിലര്‍ക്ക് "ബാങ്കിംഗ് ഭൂതം" ,"ലോണ്‍ മാടന്‍" തുടങ്ങിയവുടെ ശല്യം ഉണ്ടായത്രേ.കൂടാതെ ക്രെഡിറ്റ് ചാത്തന്റെ ഏറും .

പേടികാരണം സന്ധ്യകഴിഞ്ഞാല്‍ പത്രം വായിക്കുന്നത് പലരും നിറുത്തി.ഇവന്മാരുടെ അമ്മൂമ്മ കഥകളും മാന്ത്രിക നോവലും വായിച്ചിട്ട് പേടിക്കാത്തവര്‍ പോലും ഇപ്പോള്‍ വിറച്ചിരിക്കുവാണത്രെ.കോട്ടയം പുഷ്പനാഥിനെയും ബാറ്റന്‍ ബോസിനെയുമൊക്കെ വെല്ലുന്ന പ്രകടനമാണ് പത്രങ്ങളില്‍.വാക്കുകളും പ്രയോഗങ്ങളും കേട്ടാല്‍ ആരും ഞെട്ടും.
"ആഗോള ഭൂതം" .."അമേരിക്കയില്‍ അറുകൊല"...,"ദലാല്‍ സ്ട്രീറ്റിലെ ചോരപുഴ"..
"പ്രേത പറമ്പിലെ കരിന്തിരി :- സെന്‍സെക്സ്".."കരടികളുടെ ഓരിയിടല്‍ ".. തേങ്ങാക്കൊല ...

റേഷന്‍ മണ്ണെണ്ണ തരാത്തതിനെ പറ്റി ചോദിച്ചാല്‍ കടക്കാരന്‍ "ജി ടി പി", "ആഗോള മൊത്ത നിലവാര സൂചിക "എന്നൊക്കെ പറഞ്ഞാണ്‌ ഇപ്പോള്‍ പേടിപ്പിക്കുക.ഇതൊക്കെ യുദ്ധവും ക്ഷാമവും പോലെ എന്തോ ആണെന്ന് വിചാരിച്ചു പാവപെട്ടവന്‍ മെഴുകുതിരി വാങ്ങി പൊക്കോളും.എന്നാലും ടാപ്പിംഗ്‌ തൊഴിലാളികള്‍ രക്ഷപെടും..എന്താണന്നല്ലെ ..
പണ്ടൊക്കെ പട്ടിണി കാരണം "മണ്ണ് തിന്നേണ്ടി വരും" എന്നൊരു പ്രയോഗം കേട്ടിട്ടുണ്ട്.മാറിയ സാഹചര്യത്തില്‍ "മണ്ണ്" വേണമെങ്കില്‍ കോണ്‍ക്രീറ്റ് തറകള്‍ പൊളിക്കണം.മണ്ണുള്ള സ്ഥലമെല്ലാം ഫ്ലാറ്റ് ആണല്ലോ.അത് മനസിലാക്കി കാലോചിതമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറായാതിലാണ് സന്തോഷം.കേരളം ഇനി "മണ്ണിനു" പകരം "റബ്ബര്‍" തിന്നാല്‍ മതി എന്നനിലക്ക്‌ കാര്യങ്ങള്‍ മാറ്റി.നല്ല പുരോഗമനം തന്നെ.
സര്‍ക്കാരിന്റെ ഉദാരമാനസ്ഥിതി ഭയങ്കരം.നടിമാരുടെ കൂടെ കറങ്ങി നടന്നും ക്രിക്കറ്റ് കളിച്ചും കാശു കളഞ്ഞവന് പറപ്പിക്കാന്‍ ആയിരം കോടി..നികുതി ഇനത്തില്‍ ഇതു പരിഹരിക്കാന്‍ കാളവണ്ടിക്കും ടാക്സ്.ഇതാണോ ഉദാരവല്‍ക്കരണം എന്ന് ചോദിച്ചാല്‍ അല്ല "വടി വെട്ടിയാതെ ഉള്ളു" എന്നതാണ് സമീപനം.ഐ. ടി. തൊഴിലാളികളുടെ സാമ്പത്തിക സ്ഥിതി വഷളായതോടെ ബീവറേജസിനു പഴയപോലെ കൊയ്ത്തില്ലാത്രേ.കോര്പറെഷനെ രക്ഷിക്കാന്‍ പുതിയ "ബെയില്‍ ഔട്ട് പ്ലാന്‍" വന്നുകഴിഞ്ഞു..."വരുമാനം നഷ്ടപെട്ടവര്‍ക്ക് വെള്ളമടിക്കാന്‍ വീക്കിലി അല്ലവന്‍സ്",ഇങ്ങനെ പോകുന്നു ഉദാരവല്‍ക്കരണം.
ഐ. ടി. തൊഴിലാളികള്‍ പത്രം അധികം വായിക്കാത്തത് നന്നായി.ആത്മഹത്യ നിരക്കുകൂടിയിട്ടില്ല.പത്രം തുറന്നാല്‍ "ഐ. ടി. ചത്തു"...."ഐ. ടി.ക്കാരെ പറഞ്ഞു വിട്ടു"...."ഐ. ടി. ക്കാര്‍ക്ക് ഇനിയാര്"..തുടങ്ങിയവയാണ് മുന്‍പേജില്‍. "എനിക്ക് ഇനി പെണ്ണ് കിട്ടുമോ സര്‍" എന്ന് വരെ പലരും പക്തികളില്‍ എഴുതി ചോദിക്കുന്നു.സെന്‍സെക്സ് ഇടിഞ്ഞാല്‍ പലര്ക്കും ആയുസില്‍ ഒരു ദിവസം കുറഞ്ഞ ഫീലിംഗ് ആണ്.ടാക്സ് കൊടുക്കാന്‍ മടിച്ചു വന്‍തുകകള്‍ മ്യുച്ചല്‍ ഫണ്ടിലിറക്കിയവന്മാര്‍ മനശന്തിക്കായി സന്യാസത്തിലേക്ക് തിരിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.

ഐ. ടി. ക്കാര്‍ക്ക് പറ്റിയ മറ്റു പണികള്‍ എന്തൊക്കെയാണ്?."തള്ളാന്‍" മിടുക്കരായ പലര്‍ക്കും അങ്ങാടിയില്‍ "റിക്ഷ പുള്ളെഴ്സ് " ആകാം.പെട്രോള്‍ വില ഇങ്ങനെ ഉള്ളിടത്തോളം കാലം "ജോബ് സെക്യുരിറ്റിയുമുണ്ട്".കൃഷിയിലേക്ക് തിരിഞ്ഞ ഒരു ഐ. ടി.ക്കാരന്‍ വാഴ നട്ടു.. വളമിട്ടു ..വെള്ളവും ഒഴിച്ചു ..എന്നിട്ട് ഒന്നു തള്ളി കൂടി കൊടുത്തത്രേ.എന്തിലും ഒന്നു "തള്ളി" നോക്കുന്നതാണല്ലോ ശീലം..കോഡ് മറന്നാലും ഈ മൂട് മാറ്റില്ല.
പിഴിഞ്ഞ് ചാറെടുത്ത്‌ പരിചയമുള്ള ഐ. ടി. മുതലാളിമാര്‍ക്ക് ചക്കും കാളയും സര്‍ക്കാര്‍ കൊടുത്താല്‍ അതൊരു നല്ല ലാഭമുള്ള വ്യവസായമായിരിക്കുമെന്നു തോന്നുന്നു."മാളികമുകളേറിയ മന്നന്‍റെ "കാര്യം പൂന്താനം മുന്പേ പറഞ്ഞതാണല്ലോ.

കാര്യങ്ങള്‍ ഇങ്ങനെ പോകുമ്പോള്‍ എനിക്കൊരു സംശയം
ജീവിക്കാന്‍ ഇത്രയധികം പേടിക്കേണ്ടതുണ്ടോ ?..പേടിപ്പിക്കേണ്ടതുണ്ടോ ??