
"ഇവ്വിടതിളിര്ന്തു താന്‍ കണ്ണകി കോവിലനാല്‍ വിന്നുലകുക്ക് പൂന്തെരില്‍ അനയാത്തത്
കണ്ണകിയുടെ സ്വര്‍ഗാരോഹണം വിവരിക്കുകയാണ് കോണ്‍സ്റ്റബിള്‍ വേലുസ്വാമി.സ്ഥലം കേരള -തമ്ഴ്നാട് അതിര്‍ത്തിയിലെ പെരിയാര്‍ കടുവ സങ്കേതത്തിലെ മംഗളാദേവി ക്ഷേത്രം.ഇന്ന് ചിത്ര പൌര്‍ണമി .ആണ്ടില്‍ ഒരിക്കല്‍ ചിത്രാപൌര്‍ണമി ദിവസം മാത്രമാണ് ഇവിടേയ്ക്ക് പ്രവേശനമുള്ളത്.എവിടെയും കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള ഭക്തരുടെയും,പോലീസ്,റവന്യു,വനം വകുപ്പ് ഓഫീസിര്മാരുടെയും തിരക്ക്.

സമുദ്രനിരപ്പില്‍ നിന്നും 4380 അടി ഉയരത്തില്‍ പെരിയാര്‍ വന്യജീവി സങ്കേതത്തിലെ മംഗളാദേവി മലയുടെ മുകളിലാണ് ചരിത്രപ്രസിദ്ധമായ ഈ തര്‍ക്കഭൂമി.ഇളന്കൊവന്റെ ചിലപ്പതികാര നായിക കണ്ണകിയാണ് ഇവിടെ മംഗളദേവിയെന്ന നാമത്തില്‍ കുടികൊള്ളുന്നത്.പെരിയാര്‍ വനാന്തര്‍ ഭാഗത്തെ മലമുകളിലെ പച്ചപ്പിന്റെ ശീതളഛായയില്‍ മുങ്ങികിടന്ന ഈ ക്ഷേത്രത്തിന്റെ ആധുനിക ചരിത്രവും വാര്‍ത്താപ്രാധാന്യവും തുടങ്ങുന്നത് 30 കളിലെ കേരളവിഭജനതോടെയാണ്.സര്‍ സി.പി യുടെ സ്വതന്ത്ര
തിരുവിതാംകൂര്‍ രൂപികരണത്തില്‍ കിഴക്കന്‍മലകള്‍ പങ്കിടുന്നത്തിലെ പകപ്പിഴകളാണത്രെ ഇന്നത്തെ തര്‍ക്കത്തിന് നിദാനം."മഴപെയ്യുമ്പോള്‍ വെള്ളം പടിഞ്ഞാറോട്ട് ഒഴുകുന്ന സ്ഥലങ്ങള്‍ കേരളത്തിനും കിഴക്കോട്ടു ഒഴുകുന്നവ തമിഴ്‌നാടിനും" ഇതായിരുന്നത്രേ അതിര്‍ത്തി വനങ്ങളും മലകളും പങ്കിടുന്നതിനുള്ള നിയമം.ഇതിന്റെ ഫലമായാണ് മംഗളാദേവി അമ്പലം കേരളത്തിലും അനുബന്ധ പ്രദേശങ്ങള്‍ തമിഴനാട്ടിലും ആയതു.50 വര്ഷം മുന്‍പ് ക്ഷേത്രം വിട്ടു കിട്ടണമെന്ന തമിഴനാടിന്റെ ആവശ്യം തുടങ്ങിയ കാലം മുതലാണ് ഇവിടെ സന്ദരശകര്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് .
കുമളിയില്‍ നിന്നും 12 കി.മി. കാട്ടുപാതയിലൂടെ ജീപ്പില്‍ സന്ച്ചരിച്ചലാണ് മംഗളാദേവി മലയിലെത്തുക.ഫോര്‍ വീല്‍ ഡ്രൈവ് ഉള്ള ജീപ്പുകള്‍ക്ക് മാത്രം പോകാന്‍ കഴിയുന്ന മണ്പാതയില് പലയിടത്തും മഴപെയ്തു ചെളി നിറഞ്ഞ് കിടക്കുന്നതിനാല്‍ ജീപ്പ് പലപ്പോഴും വഴുതി വഴുതി അകെ മൊത്തം ഒരു മഡ് റേസ് ഇഫക്ട്.ഉച്ചയോടെയാണ് കുമിളിയില്‍ നിന്നും തിരിച്ചത്.വഴി നീളെ കേരളത്തിന്റെയും തമിഴ്നാടിന്റെയും വിവിധ വകുപ്പുകളുടെ താല്‍കാലിക ചെക്ക് പോസ്റ്റുകളിലും,മെറ്റല്‍് ഡിറ്റെക്ടര്
,ദേഹപരിശോധന തുടങ്ങിയവയ്ക്കായി ജീപ്പില്‍ നിന്നിറങ്ങി നടക്കണം.പ്ലാസ്റ്റിക് പൂര്‍ണമായും നിരോധിച്ചിരിക്കുന്നതും വാഹനങ്ങള്‍ കര്ശനമായി പ്ലാസ്റ്റിക് പരിശോധനക്ക് വിധേയമാക്കുനതും കണ്ടപ്പോള്‍ സന്തോഷം തോന്നി.
പെരിയാര്‍ വനത്തിനുള്ളിലൂടെയുള്ള യാത്ര വളരെ രസകരമാണ്.വഴിയില്‍ ആനയോ മറ്റു മൃഗങ്ങളോ ഉണ്ടാകാന്‍ സാധ്യയുണ്ടാകുമെന്നതുകൊണ്ട് ക്യാമറ റെഡിയാക്കി ജീപ്പിന്റെ ഓരത്ത് തന്നെ സീറ്റ് പിടിച്ചു.ഒരു സര്‍ക്കസ് അഭ്യാസിയുടെ പാടവത്തോടെ ഡ്രൈവര്‍ ജീപ്പ് ഓടിക്കുമ്പോള്‍ ശാസ്വമാടക്കിയാണ് പലരും പിടിചിരിക്കുനത്.മുകളിലേക്ക് നോക്കിയാല്‍ മലകള്‍ വളഞ്ഞ് പുല്‍മേടുകളിലൂടെ പോകുന്ന ജീപ്പുകള്‍ കാണാം

കുന്നിന്‍ മുകളിലെത്തിയാല്‍ മനോഹരമായ കാഴ്ചകളാണ്.പടിഞ്ഞാറോട്ട് നീണ്ടു കിടക്കുന്ന മലകളും വനങ്ങളും അവയ്ക്കിടയില്‍ തേക്കടി തടാകവും .കിഴക്ക് മലകള്‍ക്കിടയിലൂടെ നീണ്ടു പറന്നു കിടക്കുന്ന തേനി ജില്ല കണ്ണെത്താദൂരത്തോളവും.
കുന്നിന്റെ ഏറ്റവും മുകളിലാണ് ക്ഷേത്രകെട്ടുകള്‍ അടുത്തുതന്നെ കാലഹരണപെട്ടതിനാല്‍ മുകളിലേക്ക് കയറാന്‍ കഴിയാത്ത ഒരു ഒരു വാച്ച് ടവറുണ്ട്. ഇവിടെ നിന്നാല്‍ പ്രശസ്തമായ ചുരുളി വെള്ളച്ചാട്ടത്തിന്റെ വിദൂര മനോഹര ദൃശ്യം സാധ്യമാകും.


കണ്ണകി ക്ഷേത്ര വളപ്പിനുളിലേക്ക് കാല്‍ വെക്കുമ്പോള്‍ തന്നെ കുതുകിയായ ആരുടെയും മനസ് കുളിര്‍ക്കും.നൂറ്റാണ്ടുകളുടെ പ്രതാപത്തിന്റെയും അവഗണനയുടെയും മറവികളുടെയും കഥപറയുന്ന കല്‍മതിലുകള്‍ക്ക് അകത്തു ഇന്ന് അവശേഷിക്കുന്നത് മൂന്നു എടുപ്പുകളാണ്.പാണ്ട്യന്‍ മാതൃകയില്‍ തീര്‍ത്തതാണ് ക്ഷേത്രവും ചുറ്റുമതിലും.ഒന്നര അടി വീതിയും 2 അടി കനവുമുള്ള നീളന്‍ കരിങ്കല്‍ തൂണുകള് കൊണ്ടാണ് ക്ഷേത്ര നിര്‍മാണം.നൂറ്റാണ്ടുകളുടെ വിസ്മൃതിയില്‍ തകര്‍ന്നു കിടക്കുന്ന കല്ത്തൂണുകള്,
ശില്പികളുടെ കരവേലകള്‍ പതിഞ്ഞ മതിലുകള്‍ ,കാലത്തിന്റെ ഒഴുക്കിനെ അതിജീവിക്കുന്ന വട്ടെഴുത്ത് ശിലാശാസനങ്ങള്..ഗതകാല സുഭഗ സ്മൃതിയില്‍ മയങ്ങുകയാണെന്ന് തോന്നും.

തമിഴ് സാഹിത്യത്തിലെ സുവര്‍ണ്ണകാലഘട്ടമായ സംഘകാലഘട്ടമാണ്(B.C. 3000 - A.D. 100) ചിലപ്പതികാരത്തിന്റെ രചനാകാലഘട്ടമായി പരക്കെ അറിയപെടുന്നതെന്കിലും "സംഘ മരുവിയ കാലം ((A.D. 100 - 500)" ആണ് ഇതിന്റെ രചനാ കാലഘട്ടം എന്നതാണ് അല്പം കൂടി വിശ്വാസ യോഗ്യമായി തോന്നിയത്.കണ്ണകി ക്ഷേത്രങ്ങളായി അറിയപ്പെടുന്നവയ്ക്കൊന്നും ഇതിലധികം പഴക്കമില്ലാത്തതും ചിലപ്പതികാരത്തിലെ ചില പരാമര്ശങ്ങളുമാണ് ഇതിനു കാരണം
ക്ഷേത്രത്തിനുള്ളിലെ ഫോട്ടോഗ്രാഫി കേരള പോലീസ് വിലക്കിയിരുന്നു.എന്നാല്‍ തമിഴ്‌നാട് പോലീസും മറ്റു ഉദ്യോഗസ്ഥരുമ് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.ഇവിടുത്തെ പ്രധാന ശ്രീകോവില്‍ ഉണ്ടെന്നു പറയപ്പെടുന്ന ഗുഹയെയും അതിനുള്ളിലെ ചങ്ങലയെയും പറ്റി പലകഥകളും കേട്ടിട്ടുണ്ട്.ഈ ഗുഹ മധുരവരെ നീളുന്നതാണത്രേ.ഇതിലേക്ക് നീണ്ടു കിടക്കുന്ന ചങ്ങല വലിച്ചാലും വലിച്ചാലും തീരില്ലത്രേ.ഇത്തരം കഥകളുടെ സത്യാവസ്ഥകള്‍ക്ക് വേണ്ടി കറങ്ങി നടക്കുമ്പോളാണ് ശ്യാം സാറിനെ കാണാന്‍ കഴിഞ്ഞത്.കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചിത്രപൌര്‍ണമി ദിവസത്തെ ഡ്യൂട്ടിക്ക് ഇവിടെ വരാറുള്ള ഞങ്ങളുടെ സുഹൃതണിദ്ധേഹം.ഗുഹയും ചങ്ങലയും ശരിക്കും ഉള്ളതാണെന്നും ശ്രീകോവിലിനുള്ളില്‍ കണ്ണകി വിഗ്രഹത്തിനു പിന്നിലായുള്ള ഗുഹ ഇപ്പോള്‍ കരിങ്കല്‍ സ്ലാബുകള്‍ കൊണ്ട് അടച്ചിരികുകയാണെന്നുമാണു അദ്ദേഹത്തില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.

ഇങ്ങനെയെങ്കിലും ശ്രീകോവിലിനുള്ളിലെ ഒരു പടം പിടിക്കണം ..എന്താ വഴി എന്ന് ഞാനും രംഗനും പരതാന്‍ തുടങ്ങുംബോളെക്കും മനേഷും,ലാലും ഷിബുവും ക്ഷേത്രത്തിനു പുറത്തെ പ്രകൃതി ഭംഗിയിലേക്ക് ഇറങ്ങി.തൊട്ടടുത്ത് നിന്ന തമിള്‍നാട് പോലീസ്കാരന്‍ വീരപ്പന്‍ മോഡല്‍ മീശ തടവി അടുത്ത് വന്നപ്പോള്‍ ചെറിയൊരു പേടി തോന്നി.
"സര്‍ നീങ്കെ പത്രികകരങ്കളാ (നിങ്ങള്‍ പത്രക്കരാണോ?)"
രംഗന്റെ കുര്‍ത്തയും ബുള്‍ഗാനും എന്റെ കഴുത്തിലെ ക്യാമറയും കയ്യിലെ ട്രൈപൊടും ആണ് സംഭവങ്ങള്‍ അത്രയ്ക്ക് വരെ എത്തിച്ചതെന്ന് തോന്നുന്നു.
മറിച്ചൊന്നും രംഗന്‍ പറയുന്നതിനു മുന്‍പേ ഞാന്‍ കീച്ചി
..."ആമ (അതെ)"
സംഗതി അല്പം അയഞ്ഞു പടം പിടക്കുനത് പുള്ളിക്കാരന്‍ നോക്കി നിന്നു.രംഗന്‍ പുള്ളിയോട് ചോദിച്ചു എന്തൊക്കെയോ കഥകള്‍ മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.പടം പിടുത്തം കഴിഞ്ഞു തിരിഞ്ഞപ്പോള്‍ വീണ്ടും ചോദ്യം.
"നീങ്കെ പത്രമാ അല്ലതു ടിവിയാ?(നിങ്ങള്‍ പത്രക്കാരോ ടിവിക്കാരോ? "
ആള്‍ക്ക് നല്ല സംശയം ഉണ്ടെന്നു തോന്നുന്നു.
"ടി വി സര്‍ " തികഞ്ഞ നിഷ്കളങ്കതയോട് ഉത്തരം പറഞ്ഞത് രംഗനാണ്.
മീശ തടവി വീണ്ടും
"എന്താ ടി വി ?(ഏതു ടി വി യാണ് )"
ഇത്തവണ ശരിക്കും ഞെട്ടി ?പെട്ടുപോയല്ലോ എന്നൊരു പേടി.എങ്ങനെ തോന്നി എന്നറിയില്ല പെട്ടന്ന് നാവില്‍ വന്നത് ഇങ്ങനെയാണ്
"ബ്ലോഗ് ടി വി സര്‍ "
തകര്‍ന്നോ ഈശ്വരാ എന്നാ വിളി ഉള്ളില്‍ നിനും പുറത്തു വന്നില്ല . പക്ഷെ ചിരിച്ച മുഖതൊടെയുള്ള മറുപടി ശരിക്കും ഞെട്ടിച്ചു
"ആ ...ബ്ലാഗ് ടിവിയാ .."
സ്ഥിരമായി കാണുന്ന ചാനല്‍ പോലെയുള്ള മറുപടികെട്ടപ്പോള്‍ ശരിക്കും സംശയം തോന്നി ...ഇനി അങ്ങനെ ഒരു ചാനല്‍ ഉണ്ടോ?പറഞ്ഞത് കള്ളമാണെന്ന് മനസിലായ്ന്കിലും അദ്ദേഹം നല്ലമനസു കാണിച്ചു.

ക്ഷേത്ര മതിലകത്ത് തിരക്ക് കൂടി വരികയാണ്.തമിഴ് നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള പൂജാരിമാര്‍ ഇവിടെ വെവ്വേറെ പൂജകള്‍ നടത്താറുണ്ട്.ഇപ്പോള്‍ തമിഴിലുള്ള പൂജകളാണ് നടക്കുനതു.ഇടം കയ്യില്‍ ചിലമ്പുമായി നില്‍ക്കുന്ന കണ്ണകിയുടെ പടമുള്ള മഞ്ഞ കോടികള്‍ എല്ലായിടത്തുമുണ്ട്.തമിഴ്നാട്ടില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ അന്നദാനം നടത്തുന്നതിന്റെ തിരക്ക് വേറെയും.തിരക്കില്‍ നിന്നൊഴിഞ്ഞു അല്‍പസമയം കുന്നിന്‍ ചെരുവിലെ കാഴ്ചകളിലേക്ക് മടങ്ങി.
നൂറ്റാണ്ട്കള്‍ക്ക് മുന്‍പ് ഇങ്ങനെ ഒരു കുന്നിന്‍ മുകളില്‍ എന്തിനായിരിക്കാം ഒരമ്പലം പണിതീര്‍ത്തത്. ഏതെങ്കിലും നാഗരികതയുടെ ഭാഗമായിട്ടാകുമോ?അതിനു തീരെ സാധ്യതയില്ല.അടുത്ത പ്രദേശങ്ങളില്‍ ഒന്നും ചെത്തിയ ഒരു കല്ചീള് പോലും ഇല്ല.നൂറ്റാണ്ടുകള്‍ക്കു മുന്‍പും ഇവിടം മനുഷ്യവാസമില്ലാത്ത കൊടും വനങ്ങള്‍ തന്നെ ആയിരുന്നിരിക്കണം.അപ്പോള്‍ പിന്നെ എന്തായിരിക്കാം ഇവിടെ ഒരു ക്ഷേത്രത്തിന്റെ പ്രസക്തി?വനാന്തരത്തില്‍ അവസാനിക്കുന്ന നിഗൂഡ ഗുഹാമാര്‍ഗങ്ങള്‍ക്ക് വേറെ ആവശ്യം എന്താണ്?

ക്ഷേത്രത്തിന്റെ നിര്മാണ കാലത്തേ കുറിച്ച് പലവാദങ്ങളും നിലവിലുണ്ടെങ്കിലും അതിലെ ഏറ്റവും വിശ്വാസയോഗ്യമായി തോന്നിയത് "ചേരന്‍ ചെങ്കുട്ടവന്‍ " നുമായി ബന്ധപെട്ട ചരിത്രമാണ്.എ.ഡി 500 കളില്‍ ചേര രാജാവായ ഇദ്ദേഹത്തിന്റെ ഭരണകാലത്ത് ചേര സാമ്രാജ്യം വടക്കേ ഇന്ത്യവരെ വ്യാപിച്ചിരുന്നത്രെ.ചൈനയുമായി വ്യാപാരബന്ധങ്ങള്‍ ശക്ത്മക്കുകയും അതിനായി ഒരു എംബസി സ്ഥാപിക്കുകയും ചെയ്തതായി പ്രശസ്ത റോമന്‍ ചരിത്രകാരന്‍ പ്ലിനിയുടെ കുറിപ്പുകളില്‍ കാണുന്നു.തിരുച്ചിറപള്ളി ആസ്ഥനമാക്കിയിരുന്ന ചേര സാമ്രാജ്യത്തിന്റെ ശക്തമായ നാവിക പടയെപറ്റിയും പ്രമുഖ വാണിജ്യനഗരമായിരുന്ന മുസിരുസ് അഥവാ മുചിരിപട്ടണത്തെ (ഇന്നത്തെ കൊടുങ്ങലൂര്‍ ) പറ്റിയും പരാമര്ശമുണ്ട്.ചിലപ്പതികാരത്തിന്റെ കര്‍ത്താവായ ഇളങ്കോ അടികള്‍ ഇദ്ദേഹത്തിന്റെ സന്യാസം സ്വീകരിച്ച സഹോദരനനെനും അതല്ല അദ്ധേഹത്തിന്റെ സ്വന്തം രചനയാണെന്നും വാദങ്ങളുണ്ട്.ലങ്കന്‍ രാജാവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇദ്ദേഹം പലതവണ വിജയബാഹു(ലങ്കന്‍ രാജാവ് ) നു പലപ്പോഴും ആദിത്ഥ്യം അരുളിയതായും ചില രേഖകളില്‍ കാണാം.ചിലപ്പതികാരത്തില് പലയിടത്തും "കയവക്ക്" (സിംഹള രാജക്കാന്‍മാരെ) പറ്റി പ്രദിപാധിക്കുന്നതും ഈ കൃതി ചെങ്കുട്ടവന്റെ കാലത്താണ് രചിച്ചത് എന്നതിന് ഉറപ്പേകുന്നു.

മറ്റൊരു തെളിവ് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തെ ചുറ്റിപറ്റിയണ്.കൊടുങ്ങലൂര്‍ ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠ കണ്ണകി ദേവിയനെന്നതില്‍ തര്‍ക്കങ്ങളില്ല (കൊടുങ്ങല്ലോര്‍ തോറ്റം പാട്ടുകള്‍ പലതും ചിലമ്പുമായിയുറയുന്ന കണ്ണകി സ്തുതികളാണ് എന്നതോര്‍ക്കുക ) .മധുരാ ദേഹനശേഷം കിഴക്കോട്ടു സഞ്ചരിച്ച കണ്ണകി ഒടുക്കം കൊടുങ്ങല്ലൂര്‍ എത്തുകയും അവിടെ ഒരു വേങ്ങ മരത്തിന്റെ കീഴില്‍ ഇരിക്കവേ പുഷ്പക വിമാനത്തില്‍ പരലോകം പൂകി എന്നും ഈ ഇടത്ത് ചേരന്‍ ചെങ്കുട്ടവന്‍ ഒരു അമ്പലം പണിയുകയും ചെയ്തതായി ഐതീഹങ്ങള്‍ ഉണ്ട്.അങ്ങനെ പണിത അമ്പലം കൊടുങ്ങലൂര്‍ അമ്പലമാനെന്നും അതല്ല പെരിയാര്‍ വനത്തിലെ മംഗളദേവി ക്ഷേത്രമാണെന്നും വാദങ്ങള്‍ ഉണ്ടെങ്കിലും താഴെ പറയുന്ന കാര്യങ്ങള്‍ പരിശോധിച്ചാല്‍ അത് കൊടുങ്ങല്ലൂര്‍ ക്ഷേത്രം തന്നെയാണൊ എന്ന് പുനഃ പരിശോധിക്കേണ്ടിവരും
എ ഡി 5-)o നൂറ്റാണ്ടിലാണ് ചെങ്കുട്ടവന്‍ കണ്ണകി ക്ഷേത്രം നിര്‍മ്മികുന്നത്.പുരാതന മുചിരി പട്ടണം(കൊടുങ്ങല്ലൂര്‍) 1300 ലെ ശക്തമായ കടല്‍ക്ഷോഭത്തിലും (കേരളാ തീരങ്ങളില്‍ 600 വര്ഷം കൂടുമ്പോള്‍ സുനാമികള്‍ ആവര്‍ത്തിക്കപെടുന്നു എന്നാ പുതിയ പഠനം ഇവിടെ അനുസ്മരണീയം )വെള്ളപ്പൊക്കത്തിലും നശിച്ചു പോയി എന്നത് ചരിത്രം.ഇന്നത്തെ കൊടുങ്ങല്ലൂര്‍ അമ്പലം ഇത്തരം ഒരു പ്രകൃതിക്ഷോഭത്തെ അതിജീവിച്ചതയും എങ്ങും രേഖകളില്ല.മാത്രമല്ല 15 നൂറ്റാണ്ട് പഴക്കം ഇന്നുകാണുന്ന ക്ഷേത്രതിനില്ല എന്നതും ശ്രദ്ധെയമാണ്.അപ്പോള്‍ മുചിരിപട്ടണം കൊടുങ്ങല്ലൂര്‍ ആയതിനു ശേഷമാണ് ഈ ക്ഷേത്രത്തിന്റെ നിര്‍മാണം എന്ന് വേണം കരുതാന്‍.
കൊടുങ്ങലൂര്‍ സന്ദര്‍ശിച്ച റോമന്‍ സഞ്ചാരികളുടെ യാത്ര കുറിപ്പുകളിലൊന്നും തന്നെ ഇത്തരം ഒരു ക്ഷേത്രത്തെ കുറിച്ച് പറഞ്ഞു കാണുന്നില്ല.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയാലും ഇന്നത്തെ മംഗളാദേവി ക്ഷേത്രമാണ് ചെങ്കുട്ടവന്‍ പണിത ക്ഷേത്രമെന്ന് വിശ്വസിക്കാനും ബുദ്ധിമുട്ടുണ്ട്.കാരണങ്ങള്‍ പലതാണ്.ചരിത്രപ്രകാരം ക്ഷേത്രത്തിലെ പ്രതിഷ്ഠ വിഗ്രഹത്തിനുള്ള കല്ല് ഹിമാലയത്തില്‍ നിന്നും കൊണ്ടുവന്നിട്ടുള്ളതാണു.ക്ഷേത്രത്തിന്റെ സമര്‍പ്പിക്കല്‍ ചടങ്ങിനു ശ്രീലങ്കയില്‍ നിന്നും ഗജബഹു എന്നാ രാജാവും സന്നിഹിതനായിരുന്നതയി പറയുന്നുമുണ്ട്.അങ്ങനെ ഒരു ക്ഷേത്രം ഇത്തരം ഒറ്റപെട്ടതും മറ്റു നാഗരിക പ്രഭാവമില്ലാത്തതും ആവാന്‍ ഒരു വഴിയുമില്ല.
മറ്റൊരു ചരിത്ര വസ്തുത മനസിലാക്കാന്‍ കഴിഞ്ഞത് ചെങ്ങന്നൂര്‍ ദേവിക്ഷേത്രത്തെ ചുറ്റിപറ്റിയാണ്.
."നയനാര്‍ തിരു ചെങ്കുതൂര്‍ കോവില്‍ " എന്നാണ് പഴയ പലരേഖകളിലും ഈ അമ്പലത്തിനെ പ്രദിപാധിച്ചു കാണുന്നത്."ചെങ്കുതൂര്‍" ആണത്രേ പിന്നിട് ചെങ്ങന്നൂര്‍ ആയിമാറിയത്.ദേവസത്തിന്റെ ചരിത്രരേഖകളില്‍ ("ഗ്രന്ഥാവരി" ) " വടക്കുംകര മഹാദേവ പട്ടണത്തിലെ മതിലകത്തായത്തു വീട്ടില്‍ തലവനും നാട്ടുരാജാവുമായ വിരാമിന്ദ നയനാര്‍ (AD 850) കണ്ണകി ക്ഷേത്രത്തിനായി ചെങ്ങനൂരില്‍ വളരെ നിലങ്ങള്‍ തൃപ്പടി ദാനം നല്‍കിയതായി രേഖകള്‍ കാണാം.അങ്ങനെ നോക്കുമ്പോള്‍ മദ്ധ്യകാലത്തിനു മുന്‍പ് തന്നെ തമിഴ് സംഘകാല കൃതികളും സംസ്കാരവും കിഴക്കന്‍ കാറ്റിനൊപ്പം സഹ്യനിപ്പുരം ശക്തമായി അടിച്ചിരുന്നു എന്ന് വേണം കരുതാന്‍.
ചരിത്രത്തിലെ നൂലാമാലകള്‍ ചിന്തിച്ചുള്ള മാനസസഞ്ചാരം അമ്പല നടയിലേക്കു തിരിച്ചെത്തിയത് മുന്‍പില്‍ നിന്ന് അയാള്‍ നമസ്കാരം പറഞ്ഞതോടെയാണ്.
പേര് ഷണ്മുഖം,ചന്ദനംതേക്കാന്‍ നെറ്റിയില്‍ ഇനി ഒരിന്ച്ച് സ്ഥലം ബാക്കിയില്ല.സംസാരിച്ചു തുടങ്ങി ആള്‍ കണ്ണകി സേവസംഘം പ്രസിഡന്റ് ആണെന്ന് മനസിലായപ്പോള്‍ ആവേശമായി.വളരെ കാര്യങ്ങള്‍ പറഞ്ഞുതരാന്‍ അദ്ദേഹത്തിനായേക്കും.കണ്ണകി ഉള്പെട്ടിരുന്ന "വണിക്ക ചെട്ടിയാര്‍" വിഭാഗത്തില്‍ പെട്ട ആളാണദ്ദേഹം.സ്വന്തം ജാതിയിലെ പെട്ട പുണ്യവതിയെ പറ്റി വാചാലനായ അദ്ദേഹത്തില്‍ നിന്നുമാണ് മധുരയില്‍ നിന്നും യാത്ര തിരിച്ച കണ്ണകിയുടെ വഴിയെ പറ്റി കേട്ടത്.ചുരുളി മലകള്‍ക്ക് താഴെയുള്ള പളിയ ഗ്രാമത്തില്‍ കണ്ണകി വന്നെന്നും അവിടെ പളിയര്‍ നിര്‍മിച്ച കണ്ണകി ക്ഷേത്രം ഉണ്ടെന്നും മനസിലായി.ഇവരുടെ കഥകളില്‍ കണ്ണകി ഈ മലമുകളിലെത്തി ഇവിടെ നിന്നും സ്വര്‍ഗാരോഹണം ചെയ്യുകയയിരുന്നത്രേ.
കണ്ണകി സഞ്ചരിച്ച വഴികളിലൂടെ യുക്തിപരമായ ഒരു യാത്ര നടത്തിനോക്കി.മധുരയില്‍ പുരുഷാധിപത്യതിന്റ്റെ അധികാര കോട്ടകളെ പാതിവൃത്യത്തിന്റെ അടക്കിയ ശബ്ദം വിറപ്പിച്ച ആന്നു രാത്രി രാജ്യതിന്റെ കിഴക്കേ അറ്റത്തുനിന്നും പ്രയാണം തുടങ്ങിയിരിക്കാം.മുല്ലപെരിയരും മറ്റുമില്ലതിരുന്ന അക്കാലത്തു തേനി ജില്ല മുഴുവന്‍ ഉണങ്ങി വരണ്ടു ജനവാസം നന്നേ കുറഞ്ഞതയിരിക്കണം.നിരന്ന ഉഷരഭൂമികളിലൂടെ നടന്നു സഹ്യനില്‍ എത്തിയ കണ്ണകിയുടെ ലക്‌ഷ്യം ചേര രാജ്യത്തിന്‍റെ പടിഞ്ഞാറെ അറ്റത്തെ മുചിരിപട്ടണമായിരുന്നൊ? മധുരിക്കിപ്പുറം പട്ടണം എന്ന് പറയാന്‍ അന്ന് മുചിരി പട്ടണം (കൊടുങ്ങല്ലോര്‍)അല്ലാതെ എന്താണുള്ളത്?കണ്ണകി ലക്ഷയ്തിലെതിയിട്ടുണ്ടാകുമോ?അതോ പെരിയാറിലെ ഈ നിബട വനങ്ങളിലെ മലമുകളില്‍ യാത്ര അവസാനിപ്പിച്ചോ?

ചിന്തകള്‍ക്കും മാനത്തിനും അന്തിവെയിലിന്റെ ഇളം ചൂട്.സഞ്ചാരികളും അധികാരികളും ഭക്തരുമെല്ലാം മടങ്ങി കഴിഞ്ഞു.ഇനിയും മടങ്ങത്തവര്‍ അതിനായി തിരക്ക് കൂട്ടുന്നു.മംഗളാദേവി ഉറക്കത്തിലേക്കു വീഴുകയാണ് .അടുത്ത ചിത്ര പൌര്‍ണമി വരെ നീളുന്ന ഉറക്കം ,അളനക്കമില്ലാതെ വനത്തിന്റെ ശാന്തതയില്‍ ചരിത്രത്തിന്റെ നിഗൂഡത ഒളിപ്പിച്ചുള്ള ഉറക്കം.മലയിറങ്ങുമ്പോള്‍ ഒരികല്‍ കൂടി തിരിഞ്ഞു നോക്കി ..ചുവന്ന സൂര്യരശ്മികളില്‍ ഒളിമങ്ങിയ കരിങ്കല്‍തൂണുകള്‍ ചിരിച്ചുവോ?
ദൂരം :കുമളിയില്‍ നിന്നും 12 കിലോമീറ്റര്‍ വനയാത്ര
ഉയരം : 4380 അടിക്കു മുകളില്‍ .
യാത്ര : ഫോര്‍ വീല്‍ ഡ്രൈവ് ജീപ്പ് മാത്രം
അനുയോജ്യ സമയങ്ങള്‍ : സാധാരണ വര്‍ഷത്തിലൊരിക്കല്‍ ചിത്രപൌര്‍ണമി ദിവസം മാത്രം
വഴുതക്കാട് ഫോറസ്റ്റ് കോണസേര്വശഷന്‍ ഓഫ്സില്‍ നിന്നും പ്രത്യേകഅനുവാദം വാങ്ങാം
കാഴ്ച : മംഗളാദേവി ക്ഷേത്രം ,പെരിയാര്‍ വനങ്ങള്‍ ,മുല്ലപെരിയാര്‍,ചുരുളി ഫാള്‍സ്
.